തിരയുക

പാപ്പാ മാധ്യമപ്രവർത്തകർക്കിടയിൽ പാപ്പാ മാധ്യമപ്രവർത്തകർക്കിടയിൽ 

സമാധാനസ്ഥാപനത്തിൽ യൂറോപ്പിനുള്ള സ്ഥാനം തിരസ്കരിക്കരുത്: ലിയോ പതിനാലാമൻ പാപ്പാ

ഡിസംബർ 9 ചൊവ്വാഴ്ച വൈകുന്നേരം കസ്തേൽ ഗാന്തോൾഫോയിൽനിന്ന് തിരികെ വത്തിക്കാനിലേക്ക് പുറപ്പെടുന്നതിന് മുൻപായി ലിയോ പതിനാലാമൻ പാപ്പാ, മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. ഉക്രൈൻ പ്രസിഡന്റ് സെലെൻസ്കിയുമായുള്ള കൂടിക്കാഴ്ച, ഉക്രൈനിൽനിന്നുള്ള കുട്ടികളെ തിരികെ അയക്കുന്നത്, സമാധാനചർച്ചകൾക്കായി ആതിഥേയത്വം വഹിക്കാനുള്ള പരിശുദ്ധ സിംഹാസനത്തിന്റെ സന്നദ്ധത, കിയെവിലേക്കുള്ള യാത്രാസാധ്യത, സമാധാനസ്ഥാപനത്തിൽ യൂറോപ്പിന്റെ പ്രാധാന്യം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പാപ്പാ സംസാരിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഉക്രൈൻ-റഷ്യ പ്രശ്‌നപരിഹാരത്തിനായുള്ള ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാനുള്ള സന്നദ്ധത അറിയിച്ചും, പ്രശ്നപരിഹാരത്തിൽ യൂറോപ്പിനുള്ള പ്രാധാന്യം എടുത്തുപറഞ്ഞും ലിയോ പതിനാലാമൻ പാപ്പാ. പതിവുപോലെ, റോമിന് പുറത്ത് കസ്തേൽ ഗാന്തോൾഫോയിലുള്ള വില്ല ബാർബരീനി എന്ന തന്റെ വേനൽക്കാല വസതിയിൽ വിശ്രമത്തിനും കൂടിക്കാഴ്ചകൾക്കുമായെത്തിയ ശേഷം, ഡിസംബർ 9 ചൊവ്വാഴ്ച വൈകുന്നേരം തിരികെ വത്തിക്കാനിലേക്ക് പുറപ്പെടുന്നതിന് മുൻപായി, തന്നെ കാത്തുനിന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേ, തന്റെ അപ്പസ്തോലിക യാത്രയെക്കുറിച്ചും, ഉക്രൈൻ കുട്ടികളെ തിരികെ അവരുടെ രാജ്യത്തെത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുമുൾപ്പെടെ പാപ്പാ സംസാരിച്ചു.

പ്രസിഡന്റ് സെലിൻസ്കി

ഉക്രൈനിൽ ഉൾപ്പെടെ സമാധാനം കൊണ്ടുവരുന്നതിനായുള്ള ശ്രമങ്ങൾക്ക് പരിശുദ്ധ സിംഹാസനം പിന്തുണ നല്കുന്നതിനെക്കുറിച്ച് സംസാരിച്ച പാപ്പാ, കഴിഞ്ഞ ദിവസം കസ്തേൽ ഗാന്തോൾഫോയിയിലെത്തിയ പ്രസിഡന്റ് സെലിൻസ്കി ഉക്രൈൻ സന്ദർശിക്കാനായി തന്നെ ക്ഷണിച്ചുവെന്നും, എന്നാൽ എന്നാണ് അത്തരമൊരു യാത്ര നടക്കുകയെന്നതിനെക്കുറിച്ച് ഇപ്പോൾ പറയാനാകില്ലെന്നും അറിയിച്ചു.

ഉക്രൈനിൽനിന്നുള്ള കുട്ടികൾ

ഉക്രൈനിൽനിന്നുള്ള കുട്ടികളെ തിരികെ അവരുടെ സ്വന്തം നാട്ടിലേക്ക് എത്തിക്കുന്ന പ്രവർത്തനം സമയം ആവശ്യപ്പെടുന്ന ഒന്നാണെന്നും, അതേക്കുറിച്ച് നിലവിൽ സംസാരിക്കാൻ താത്പര്യപ്പെടുന്നില്ലെന്നും പാപ്പാ വ്യക്തമാക്കി. യൂറോപ്പുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പ്രസ്താവനകൾ പൂർണ്ണമായും തനിക്ക് അറിയില്ലെന്ന് വ്യക്തമാക്കിയ പാപ്പാ, അതിൽ ചിലയിടങ്ങളിലെങ്കിലും ഇരു കക്ഷികളും തമ്മിലുള്ള ബന്ധത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ തക്ക പരാമർശങ്ങൾ ഉണ്ടെന്നാണ് താൻ കരുതുന്നതെന്നും, എന്നാൽ, യൂറോപ്പും അമേരിക്കയും തമ്മിലുള്ള ബന്ധം തുടർന്നുകൊണ്ടുപോകേണ്ടത് പ്രധാനപ്പെട്ടതാണെന്നും പ്രസ്താവിച്ചു.

യൂറോപ്പിന്റെ പ്രാധാന്യം

തുർക്കിയിലേക്കും ലെബനനിലേക്കുമുള്ള തന്റെ അപ്പസ്തോലികയാത്രയ്ക്ക് ശേഷം മടങ്ങി വരവേ വിമാനത്തിൽ വച്ച് വ്യക്തമാക്കിയിരുന്നതുപോലെ, സമാധാനകാര്യങ്ങളിൽ യൂറോപ്പിന് വഹിക്കാനുള്ള പങ്ക് ഏറെ പ്രധാനപ്പെട്ടതാണെന്നും, യൂറോപ്പിലെ രാജ്യങ്ങൾക്കിടയിലെ ഐക്യം തുടരേണ്ടതിന്റെ ആവശ്യമുണ്ടെന്നും പാപ്പാ പറഞ്ഞു. യൂറോപ്പിനെ ഉൾപ്പെടുത്താതെ, ഉക്രൈനിൽ സമാധാനക്കരാർ കൊണ്ടുവരികയെന്നത് യാഥാർത്ഥ്യബോധത്തോടെയുള്ള ഒരു തീരുമാനമല്ലെന്ന് പാപ്പാ പ്രസ്താവിച്ചു. യൂറോപ്പിലാണ് ഈ യുദ്ധം നടക്കുന്നതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

മോസ്‌കിലെ പ്രാർത്ഥന

ഇസ്താൻബൂളിലെ "നീല മോസ്കിൽ" താൻ പ്രാർത്ഥിച്ചില്ല എന്ന അഭിപ്രായം തള്ളിക്കളഞ്ഞ പാപ്പാ, വിമാനത്തിലുള്ള മടക്കയാത്രയിൽ താൻ അതേക്കുറിച്ച് പരാമർശിച്ചിരുന്നുവെന്നും, മാധ്യമപ്രവർത്തകരുമായി സംസാരിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്തും താൻ പ്രാർത്ഥിക്കുകയായിരിക്കാമെന്നും, എന്നാൽ ഒരു കത്തോലിക്കാ ദേവാലയത്തിൽ, വിശുദ്ധ കുർബാനയുടെ സാന്നിദ്ധ്യത്തിലാണ് താൻ പ്രാർത്ഥിക്കാൻ ഇഷ്ടപ്പെടുന്നതെന്നും വ്യക്തമാക്കി. "പരിശുദ്ധ പിതാവ്, നിശ്ശബ്ദതയിലും, മറ്റുള്ളവരെ ശ്രവിച്ചുകൊണ്ടും, ആ ഇടത്തോടും അവിടെ പ്രാർത്ഥനയ്‌ക്കെത്തുന്ന ആളുകളുടെ വിശ്വാസത്തോടുമുള്ള ആഴമേറിയ ബഹുമാനത്തോടും കൂടി അൽപസമയം ചിലവഴിച്ചു" എന്നായിരുന്നു, മോസ്‌കിലെ പാപ്പായുടെ സന്ദർശനവുമായി ബന്ധപ്പെട്ട് പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് റിപ്പോർട്ട് ചെയ്തിരുന്നത്.

അപ്പസ്തോലിക കൊട്ടാരത്തിലേക്കുള്ള മാറ്റം

അപ്പസ്തോലിക കൊട്ടാരത്തിലേക്ക് താമസം മാറ്റുന്നത് സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ പാപ്പാ, എന്നാണ് താൻ അങ്ങോട്ട് പോവുകയെന്നതിനെക്കുറിച്ച് നിലവിൽ അറിയില്ലെന്നും, എന്നാൽ താൻ ഇപ്പോൾ ആയിരിക്കുന്ന തന്റെ അപ്പാർട്മെന്റിൽ സന്തോഷമായാണ് കഴിയുന്നതെന്നും വ്യക്തമാക്കി. മെത്രാന്മാർക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററിയുടെ അദ്ധ്യക്ഷനായിരുന്ന സമയത്ത് കഴിഞ്ഞിരുന്ന, വിശ്വാസകാര്യങ്ങൾക്കായുള്ള ഡികാസ്റ്ററിയിലുള്ള ഒരു അപ്പാർട്ട്മെന്റിലാണ് പാപ്പാ തന്റെ സെക്രെട്ടറിമാർക്കൊപ്പം താമസിക്കുന്നത്. മറ്റാരെയും അപ്പസ്തോലിക കൊട്ടാരത്തിലേക്ക് കൊണ്ടുപോകാൻ താൻ നിലവിൽ ഉദ്ദേശിക്കുന്നില്ലെന്നും പാപ്പാ വ്യക്തമാക്കി. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 ഡിസംബർ 2025, 14:13