ഗാസ മുനമ്പിലും വെസ്റ്റ് ബാങ്കിലും പ്രവർത്തിക്കുന്നതിന് ഇസ്രായേൽ മുന്നോട്ട് വയ്ക്കുന്ന നിബന്ധനകൾ പുനഃപരിശോധിക്കണം: സേവ് ദി ചിൽഡ്രൻ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
സർക്കാരിതര അന്താരാഷ്ട്രസംഘടനകൾക്ക് ഗാസ മുനമ്പിലും വെസ്റ്റ് ബാങ്കിലും പ്രവർത്തിക്കുന്നതിന് ഇസ്രായേൽ മുന്നോട്ടുവച്ച രജിസ്‌ട്രേഷൻ നടപടികൾ പുനഃപരിശോധിക്കണമെന്ന് സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘടന. ഇസ്രായേൽ-പാലസ്തീന സംഘർഷങ്ങൾ മൂലം കഷ്ടപ്പെടുന്ന കുട്ടികളുടെ ജീവൻ സുരക്ഷിതമാക്കുന്നതിനുവേണ്ടിയുള്ള ജീവൻ രക്ഷാമരുന്നുകളും, അവരുടെ കുടുംബങ്ങൾക്കുള്ള സഹായവും ലഭ്യമാക്കുന്നതിനുവേണ്ടി, നിലവിലെ നിബന്ധനങ്ങൾ അടിയന്തിരമായി പുനഃപരിശോധിക്കണമെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ, കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി ലോകമെമ്പാടും പ്രവർത്തിക്കുന്ന ഈ അന്തരാഷ്ട്രസംഘടന ആവശ്യപ്പെട്ടത്.
മറ്റ് പല അന്തരാസ്ത്രസംഘടനകൾക്കുമൊപ്പം, സേവ് ദി ചിൽഡ്രൻ സംഘടനയ്ക്കും 2026 ജനുവരി ഒന്ന് മുതൽ പാലസ്തീൻ സമൂഹങ്ങൾക്ക് സഹായമേകുന്നതിനുള്ള രജിസ്ട്രേഷൻ പുതുക്കില്ലെന്ന് ഇസ്രായേൽ നേതൃത്വം അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ്, ഇത്തരം നിയമങ്ങൾ അടിയന്തിരമായി പുനഃപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടത്.
പുതുക്കിയ നിയമ, നിബന്ധനകൾ അനുസരിച്ച് സേവ് ദി ചിൽഡ്രൻ ഉൾപ്പെടെ നിരവധി സംഘടനകൾക്ക്, ഇസ്രായേൽ നിയന്ത്രിത അതിർത്തികളിലൂടെ ഗാസയിലേക്കോ വെസ്റ്റ് ബാങ്കിലേക്കോ പ്രവേശിക്കാനോ, പ്രാഥമികാവശ്യങ്ങൾക്ക് വേണ്ടിയുള്ള സഹായമോ, ആരോഗ്യ-ശുചിത്വരംഗങ്ങളുമായി ബന്ധപ്പെട്ട സാധനസാമഗ്രികൾ എത്തിക്കാനോ സാധിക്കില്ല.
എന്നാൽ ഇത്തരം നിയമങ്ങൾ പ്രയോഗികമായാൽപ്പോലും, പാലസ്തീൻ നേതൃത്വത്തിന് മുന്നിൽ നിയമപരമായി രജിസ്റ്റർ ചെയ്തിട്ടുള്ള തങ്ങളുടെ 300 പാലസ്തീൻ പ്രവർത്തകരും, പ്രാദേശിക പങ്കാളികളും വഴിയുള്ള തങ്ങളുടെ സേവനങ്ങൾ തുടരുമെന്ന് പ്രസ്താവിച്ച സംഘടന, വിവിധ സംഘടനകളുടെ സഹായത്തോടെ 2025-ൽ മാത്രം ഏതാണ്ട് പത്തൊൻപത് ലക്ഷത്തോളം ആളുകളെ വിവിധ രീതികളിൽ സഹായിക്കാൻ തങ്ങൾക്ക് സാധിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടു.
കഴിഞ്ഞ രണ്ടുവർഷങ്ങളായി ഗാസാ പ്രദേശത്തു പതിനൊന്ന് ലക്ഷത്തോളം കുട്ടികൾ കടുത്ത മാനവികദുരിതാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഓർമ്മിപ്പിച്ച സേവ് ദി ചിൽഡ്രൻ, പ്രദേശത്ത് ഇരുപതിനായിരത്തിലധികം കുട്ടികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നും, ആയിരക്കണക്കിന് പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നും അറിയിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: