തിരയുക

ഗാസാ പ്രദേശത്തെ ഒരു ക്യാമ്പിൽനിന്നുള്ള ദൃശ്യം ഗാസാ പ്രദേശത്തെ ഒരു ക്യാമ്പിൽനിന്നുള്ള ദൃശ്യം  (AFP or licensors)

ഗാസായിൽ പട്ടിണി, പോഷകാഹാരക്കുറവ്, രോഗം, കാർഷിക നാശം തുടങ്ങിയവ ആശങ്കകരമായി തുടരുന്നു: ഐക്യരാഷ്ട്രസഭ

ഗാസാ പ്രദേശത്ത് പട്ടിണി, പോഷകാഹാരക്കുറവ്, രോഗം, കാർഷിക നാശത്തിന്റെ തോത് എന്നിവ ആശങ്കാജനകമായ തലങ്ങളിൽ തുടരുന്നുവെന്ന്, ഭക്ഷ്യ കാർഷിക സംഘടന, ശിശുക്ഷേമനിധി, ലോകഭക്ഷ്യപദ്ധതി, ലോകാരോഗ്യസംഘടന തുടങ്ങിയ ഐക്യരാഷ്ട്രസഭാഘടകങ്ങൾ, കഴിഞ്ഞ ദിവസം പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഇസ്രായേൽ-പാലസ്തീന യുദ്ധത്തിന്റെ കൂടി പശ്ചാത്തലത്തിൽ, ഗാസാ പ്രദേശത്ത് പട്ടിണി, പോഷകാഹാരക്കുറവ്, രോഗം, കാർഷിക നാശം തുടങ്ങിയ ദുരിതങ്ങൾ മൂലം സാധാരണ ജനജീവിതം കൂടുതൽ ബുദ്ധിമുട്ടേറിയതായി മാറുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ വിവിധ സംഘടനകൾ. ഡിസംബർ 19 വെള്ളിയാഴ്ച പുറത്തുവിട്ട ഒരു സംയുക്ത പത്രക്കുറിപ്പിലൂടെയാണ് ഇതുസംബന്ധിച്ച് ഭക്ഷ്യ കാർഷിക സംഘടന (FAO), ശിശുക്ഷേമനിധി (UNICEF), ലോകഭക്ഷ്യപദ്ധതി (WFP), ലോകാരോഗ്യസംഘടന (WHO) എന്നീ ഐക്യരാഷ്ട്രസഭാഘടകങ്ങൾ പ്രസ്താവന നടത്തിയത്.

ഗാസയിൽ ക്ഷാമം അവസാനിച്ചുവെന്ന വാർത്തയെ സ്വാഗതം ചെയ്ത സംഘടനകൾ, എന്നാൽ പട്ടിണിയും, പോഷകാഹാരക്കുറവ് മൂലമുള്ള ദുരിതങ്ങളും, രോഗങ്ങളും, കാർഷിക നാശവും ആശങ്കകരമായ നിലയിലാണ് തുടരുന്നതെന്ന് അറിയിച്ചു.

ഗാസാ മുനമ്പിലെ മൊത്തം ജനസംഖ്യയുടെ എഴുപത്തിയേഴ് ശതമാനത്തോളം വരുന്ന ഏതാണ്ട് പതിനാറ് ലക്ഷത്തോളം വരുന്ന ആളുകളും, കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥയാണ് അനുഭവിക്കുന്നതെന്ന് സംഘടനകൾ വ്യക്തമാക്കി. വരും വർഷം ഏപ്രിൽ വരെ, പ്രദേശത്തെ ഒരുലക്ഷത്തോളം കുട്ടികളും നാൽപ്പത്തിനായിരത്തിനടുത്ത് ഗർഭിണികളായ സ്ത്രീകളും കടുത്ത പോഷകാഹാരക്കുറവ് മൂലം ബുദ്ധിമുട്ടുമെന്നും സംഘടനകൾ അറിയിച്ചു.

വെടിനിറുത്തൽ പ്രഖ്യാപിച്ചതിന് ശേഷം ഏതാണ്ട് ഏഴരലക്ഷത്തോളം ആളുകൾ കുടിയൊഴിപ്പിക്കപ്പെട്ട് അഭയാർത്ഥിക്യാമ്പുകളിലാണ് കഴിയുന്നതെന്നും, അവിടെ നൽകപ്പെടുന്ന മാനവികസഹായം മാത്രമാണ് അവർക്ക് തുണയായുള്ളതെന്നും ഐക്യരാഷ്ട്രസഭസംഘടനകൾ വ്യക്തമാക്കി.

ഗാസാ പ്രദേശത്ത് ദുരിതമനുഭവിക്കുന്ന ആളുകൾക്കുള്ള തങ്ങളുടെ സേവനം കൂടുതൽ ശക്തമാക്കുകയാണ് തങ്ങൾ ലക്ഷ്യമാക്കുന്നതെന്നും, എന്നാൽ ഇപ്പോഴും നിലവിലിരിക്കുന്ന വിവിധ വിലക്കുകളും സാമ്പത്തികപ്രതിസന്ധിയും ഇത് കൂടുതൽ ബുദ്ധിമുട്ടാക്കുന്നുണ്ടെന്നും സംഘടനകൾ അറിയിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 ഡിസംബർ 2025, 13:01