തിരയുക

വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ  (REUTERS)

മറ്റുള്ളവരുടെ വേദനയിൽ സഹാനുഭൂതി തോന്നുന്നിടത്താണ് സമാധാനം ആരംഭിക്കുന്നത്: കർദ്ദിനാൾ പരൊളീൻ

മെക്സിക്കോയിലെ വിദേശകാര്യമന്ത്രിയുമായും സമാധാനത്തിനായുള്ള ദേശീയ സംവാദവിഭാഗത്തിന്റെ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ. അക്രമബാധിത സമൂഹങ്ങൾക്ക് സഹായവും പ്രത്യാശയും നൽകുന്ന സംരംഭത്തിന് പരിശുദ്ധ സിംഹാസനത്തിന്റെ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു. ഓഗസ്റ്റ് 4 മുതൽ 6 വരെ തീയതികളിലായിരുന്നു അദ്ദേഹം രാജ്യത്തുണ്ടായിരുന്നത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

മെക്സിക്കോയിലെ അക്രമബാധിത പ്രദേശങ്ങളിൽ സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തിവരുന്ന പ്രവർത്തനങ്ങൾ തിരിച്ചറിയാനായി കൂടിക്കാഴ്ചകൾ നടത്തിയും, അവയ്ക്ക് പരിശുദ്ധ സിംഹാസനത്തിന്റെ പിന്തുണ നൽകിയും വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ. ഇതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 4 മുതൽ 6 വരെ തീയതികളിൽ നടത്തിയ തന്റെ സന്ദർശനത്തിന്റെ ഭാഗമായി, മെക്‌സിക്കോയുടെ വിദേശകാര്യമന്ത്രിയുമായും സമാധാനത്തിനായുള്ള ദേശീയ സംവാദവിഭാഗത്തിന്റെ പ്രതിനിധികളുമായും വത്തിക്കാൻ നയതന്ത്രജ്ഞൻ കൂടിയായ അദ്ദേഹം കൂടിക്കാഴ്ചകൾ നടത്തി.

വിവിധ പ്രദേശങ്ങളിൽ സമാധാന സ്ഥാപനത്തിനായി നടക്കുന്ന പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കുക എന്ന ലക്ഷ്യത്തോടെയാണ്, മെക്‌സിക്കോ സന്ദർശത്തിനിടെ അദ്ദേഹം ദേശീയ സമാധാന സംവാദ വിഭാഗത്തിന്റെ (Diálogo Nacional por la Paz - National Dialogue for Peace) പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതെന്ന് മെക്സിക്കോയിലെ മെത്രാൻസമിതി അറിയിച്ചു. 

ഇതുകൂടാതെ, അക്കാദമിക് വിദഗ്ധർ, പൊതുപ്രവർത്തകർ, മതനേതാക്കൾ, കാണാതായ വ്യക്തികളുടെ കുടുംബാംഗങ്ങൾ, പോലീസ് ഉദ്യോഗസ്ഥർ, വ്യവസായികൾ, സാൻ ലൂയിസ് പോത്തോസി (San Luis Potosí), ഒആക്സാക (Oaxaca), കെരെത്താരോ (Querétaro), പുയെബ്ല (Puebla), മെക്സിക്കോ സംസ്ഥാനം (State of Mexico), മെക്സിക്കോ സിറ്റി (Mexico City) എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും കർദ്ദിനാൾ പരൊളീനുമൊത്തുള്ള യോഗത്തിൽ പങ്കെടുത്തിരുന്നു. 

മറ്റുള്ളവരുടെ വേദനകളോട് സഹാനുഭൂതി കാണിക്കാൻ സാധിക്കുമ്പോഴാണ് യഥാർത്ഥ സമാധാനം ആരംഭിക്കുകയെന്ന്, തട്ടിക്കൊണ്ടുപോകപ്പെട്ടതെന്ന് കരുതുന്ന ഒരു മകന്റെ അമ്മയുടെ സാക്ഷ്യം  പരാമർശിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി അഭിപ്രായപ്പെട്ടു. സമാധാന നിർമ്മാണമെന്നത് അനുദിന പരിശ്രമങ്ങളിലൂടെ മുന്നോട്ട് കൊണ്ടുപോകേണ്ട ഒരു പ്രവർത്തനമാണെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, ഈ ദൗത്യത്തിൽ കുറവുകളില്ലാതെയും തളരാതെയും മുന്നോട്ട് പോകാൻ ആഹ്വാനം ചെയ്തു. 

മെക്സിക്കോയിൽ തട്ടിക്കൊണ്ടുപോകപ്പെട്ടവരുടെയും കാണാതായവരുടെയും കുടുംബാംഗങ്ങളുടെയും കൂടിക്കാഴ്ചയിൽ സംബന്ധിച്ച വ്യക്തികളുടെ അനുഭവങ്ങൾ ശ്രവിച്ച കർദ്ദിനാൾ പരൊളീൻ, രാജ്യത്തെ സമാധാനത്തിനായുള്ള ദേശീയ സംവാദവിഭാഗം, അവിടുത്തെ ജനത്തിന് പ്രത്യാശ നൽകുന്ന പ്രസ്ഥാനമാണെന്നും, അതിന് പരിശുദ്ധ സിംഹാസനത്തിന്റെ പിന്തുണയുണ്ടെന്നും പ്രസ്താവിച്ചു. 



 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

07 ഓഗസ്റ്റ് 2026, 12:13