തിരയുക

സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററിയുടെ പ്രൊ-പ്രീഫെക്ട് കർദ്ദിനാൾ ലൂയീസ് അന്തോണിയോ താഗ്ലെ സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററിയുടെ പ്രൊ-പ്രീഫെക്ട് കർദ്ദിനാൾ ലൂയീസ് അന്തോണിയോ താഗ്ലെ 

യുദ്ധം ലോകത്തെ വികൃതമാക്കുന്നു: ഹിരോഷിമ ആണവാക്രമണ വാർഷികദിനത്തിൽ കാർഡിനൽ താഗ്ലെ

ഹിരോഷിമ ആണവാക്രമണത്തിന്റെ വാർഷികം കൂടിയായ ഓഗസ്റ്റ് 6 വ്യാഴാഴ്ച, ക്രിസ്തുവിന്റെ രൂപാന്തരീകരണ തിരുനാളുമായി ബന്ധപ്പെട്ട്, സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററിയുടെ പ്രൊപ്പഗാന്താ ഫീദെ കൊട്ടാരത്തിലുള്ള ചാപ്പലിൽ വിശുദ്ധ ബലിയർപ്പിക്കവേ, യുദ്ധമെന്ന തിന്മയ്‌ക്കെതിരെ ശബ്ദമുയർത്തി, ഡികാസ്റ്ററി പ്രൊ-പ്രീഫെക്ട് കർദ്ദിനാൾ ലൂയീസ് അന്തോണിയോ താഗ്ലെ. നമ്മുടെ പ്രതീക്ഷകളനുസരിച്ചല്ല, ദൈവപിതാവിന്റെ വെളിപ്പെടുത്തലനുസരിച്ചാണ് നാം ക്രിസ്തുവിനെ തിരിച്ചറിയേണ്ടതെന്ന് കർദ്ദിനാൾ ഓർമ്മിപ്പിച്ചു.

അലെസാന്ദ്രോ ദി ബൂസ്സൊളോ, മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

യുദ്ധങ്ങളുടെ വിനാശകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഓർമ്മിപ്പിച്ചും, അത് മാനവികതയിൽ ഏൽപ്പിക്കുന്ന ആഘാതങ്ങൾ അനുസ്മരിച്ചും, സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററിയുടെ പ്രൊ-പ്രീഫെക്ട് കർദ്ദിനാൾ ലൂയീസ് അന്തോണിയോ താഗ്ലെ (Card. Luis Antonio G. Tagle). കർത്താവിന്റെ രൂപാന്തരീകരണ തിരുനാളായ ഓഗസ്റ്റ് 6-ന് ഡികാസ്റ്ററിയുടെ കീഴിലുള്ള പ്രൊപ്പഗാന്താ ഫീദെ കൊട്ടാരത്തിലുള്ള വിശുദ്ധ ജോൺ ഹെൻറി ന്യൂമാൻ (Saint John Henry Newman) ചാപ്പലിൽ വിശുദ്ധ ബലിയർപ്പിച്ച വേളയിൽ നടത്തിയ നൽകിയ വചനസന്ദേശത്തിലാണ്, യുദ്ധത്തിന്റെ പ്രതികൂലഫലങ്ങളെക്കുറിച്ച് അദ്ദേഹം അനുസ്മരിച്ചത്.

ദൈവസൃഷ്ടിയായ ലോകത്തെ യുദ്ധം വികൃതമാക്കുന്നുവെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, ദൈവത്തിന്റെ ഇടപെടൽ മാത്രമാണ് മനുഷ്യരാശിയെ രൂപാന്തരപ്പെടുത്തുന്നതെന്ന്, 1945 ഓഗസ്റ്റ് 6-ന് ഹിരോഷിമയിൽ നടന്ന ആണവബോംബാക്രമണത്തിന്റെ വാർഷികദിനത്തിന്റെ കൂടി പശ്ചാത്തലത്തിൽ പ്രസ്താവിച്ചു.

രണ്ടാം ലോകമഹായുദ്ധത്തിന് അന്ത്യം കുറിക്കാൻ ഹിരോഷിമയിലെ ആക്രമണം സഹായിച്ചുവെന്ന ചിലരുടെ അഭിപ്രായം പരാമർശിച്ച കർദ്ദിനാൾ, "യുദ്ധം ശരിക്കും അവസാനിച്ചോ?" എന്ന ചോദ്യം ഉയർത്തി. ഒരു രാജ്യം കീഴടങ്ങി എന്നത്തിന്റെ പേരിൽ യുദ്ധത്തെ രൂപാന്തരീകരണത്തിന് സഹായകമായ ഒരു യാഥാർത്ഥ്യമെന്ന രീതിയിൽ വിശേഷിപ്പിക്കാനാകില്ലെന്ന് പറഞ്ഞ അദ്ദേഹം, യുദ്ധം ലോകത്തെ വികൃതമാക്കുകയാണ് ചെയ്യുന്നതെന്ന് അഭിപ്രായപ്പെട്ടു. യഥാർത്ഥ രൂപാന്തരീകരണം ദൈവത്തിന്റെ ഇടപെടലിലൂടെ മാത്രമേ സാധ്യമാകൂ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

വിശുദ്ധ പത്രോസ് യേശുവിനെ മിശിഹായായി ഏറ്റുപറഞ്ഞെങ്കിലും, യേശുവിന്റെ പീഡാസഹനവും മരണവും ഉയിർപ്പും സംബന്ധിച്ച യാഥാർത്ഥ്യം അംഗീകരിക്കാൻ വിസമ്മതിച്ചുവെന്ന് അനുസ്മരിച്ച കർദ്ദിനാൾ താഗ്ലെ, ദൈവത്തിന്റെ പദ്ധതിക്ക് പകരം സ്വന്തം ചിന്തകൾക്ക് പ്രാധാന്യം നൽകിയതിലൂടെ പത്രോസിന്റെ പ്രവൃത്തി യേശുവിന്റെ യഥാർത്ഥ നിയോഗത്തെ വികലമാക്കുകയായിരുന്നുവെന്ന് പറഞ്ഞു.

താബോർ മലയിൽ നടന്ന രൂപാന്തരീകരണം യേശുവിന്റെ യഥാർത്ഥ വ്യക്തിത്വവും ദൗത്യവും വെളിപ്പെടുത്തുന്ന സംഭവമാണെന്ന് പറഞ്ഞ കർദ്ദിനാൾ, അത് ദൈവപിതാവിന്റെ വെളിപ്പെടുത്തലിന്റ ഭാഗമാണതെന്ന് ഓർമ്മിപ്പിച്ചു. യേശുവിനെ നമ്മുടെ ആഗ്രഹങ്ങൾക്കനുസരിച്ചല്ല, ദൈവം വെളിപ്പെടുത്തുന്ന വിധത്തിൽ കാണുകയും കേൾക്കുകയും വേണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

07 ഓഗസ്റ്റ് 2026, 12:08