മൈദാൻ സന്ദർശനത്തോടെ ഉക്രൈനിലേക്കുള്ള യാത്ര പൂർത്തിയാക്കി ആർച്ച്ബിഷപ് ഗാല്ലഗർ
റോബേർത്തോ പാല്യലോങ്ക, മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ നിർദ്ദേശപ്രകാരം ഉക്രൈൻ സന്ദർശിച്ച വത്തിക്കാനും മറ്റു രാജ്യങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള സെക്രെട്ടറിയായ ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഗർ തന്റെ യാത്ര പൂർത്തിയാക്കി മടങ്ങി. അഞ്ചുദിവസങ്ങൾ നീണ്ട ഈ യാത്രയുടെ ഭാഗമായി, 2013.14 കാലയളവിൽ രാജ്യത്ത് കൊല്ലപ്പെട്ടവർക്കുവേണ്ടിയുള്ള മൈദാൻ സ്മാരകം അദ്ദേഹം കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. രാജ്യത്തിന്റെ പ്രസിഡന്റ് വോളോദിമീർ സെലെൻസ്കി, താത്കാലിക വിദേശകാര്യമന്ത്രി അന്ദ്രീ സിബിഹാ എന്നിവരുമായും തന്റെ യാത്രയുടെ അവസാനദിനം കീവിൽ വച്ച് ആർച്ച്ബിഷപ് ഗാല്ലഗർ കൂടിക്കാഴ്ച നടത്തി.
2013–2014 കാലഘട്ടത്തിലെ 'റവല്യൂഷൻ ഓഫ് ഡിഗ്നിറ്റി' പ്രക്ഷോഭത്തിനിടെയും തുടർന്ന് നടന്ന യുദ്ധത്തിലും ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണയ്ക്കായി സ്ഥാപിച്ച മൈദാൻ സ്മാരകത്തിലെത്തിയ വത്തിക്കാൻ നയതന്ത്രജ്ഞൻ അവിടെ പുഷ്‌പങ്ങൾ സമർപ്പിച്ചു. യൂറോപ്പുമായുള്ള അടുത്ത ബന്ധത്തിനും രാജ്യത്തെ രാഷ്ട്രീയ പരിഷ്കരണത്തിനും വേണ്ടി നടന്ന ഈ പ്രക്ഷോഭത്തിൽ നൂറോളം പ്രക്ഷോഭകരും നിരവധി പോലീസ് ഉദ്യോഗസ്ഥരും മരണമടഞ്ഞിരുന്നു.
തന്റെ സന്ദർശനത്തിന്റെ അവസാനദിനത്തിൽ, ആക്ടിങ് വിദേശകാര്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ, ഉക്രൈൻ ജനതയോടുള്ള പരിശുദ്ധ സിംഹാസനത്തിന്റെ ഐക്യദാർഢ്യം അദ്ദേഹം അറിയിച്ചിരുന്നു. പ്രദേശത്തെ പ്രശ്നങ്ങൾ അവസാനിക്കട്ടെയെന്ന് ആശംസിച്ച ആർച്ച്ബിഷപ്, രാജ്യത്ത് നീതിയുക്തവും നിലനിൽക്കുന്നതുമായ സമാധാനം കൈവരുമെന്ന പ്രത്യാശയും പങ്കുവച്ചു.
ഉക്രൈനിലെ ലത്തീൻ സഭാസംവിധാനം പുനഃസ്ഥാപിക്കപ്പെട്ടതിന്റെ മുപ്പതിയഞ്ചാം വാർഷികവുമായി ബന്ധപ്പെട്ട് ഉക്രൈനിലേക്ക് അയക്കപ്പെട്ട അദ്ദേഹം, ബെർദിച്ചീവിൽ നടന്ന പ്രാർത്ഥനാ ചടങ്ങിൽ സംബന്ധിക്കുകയും, അവിടെയുള്ള മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ ബലിയർപ്പിക്കുകയും, യുദ്ധത്തിന്റെ ദുരിതങ്ങൾക്കിടയിലും വിശ്വാസത്തിലും പ്രത്യാശയിലും ആഴപ്പെട്ട് വളരാൻ ആഹ്വാനം നൽകുകയും ചെയ്തിരുന്നു. ഉക്രൈൻ ജനതയ്ക്കുവേണ്ടിയുള്ള പരിശുദ്ധ പിതാവിന്റെ പ്രാർത്ഥനകളും അദ്ദേഹത്തിന്റെ ആത്മീയ സാമീപ്യവും ആർച്ച്ബിഷപ് തദവസരത്തിൽ അറിയിച്ചിരുന്നു.
രാജ്യം നേരിടുന്ന യുദ്ധമെന്ന വെല്ലുവിളിക്ക് മുന്നിൽ നീതിയുക്തമായ സമാധാനമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് കഴിഞ്ഞ ദിവസം രാജ്യത്ത് നടന്ന ഒരു കൂടിക്കാഴ്ചയിൽ, ഉക്രൈനിലെ വിവിധ വിശ്വാസസമൂഹങ്ങളുടെ കൗൺസിൽ പ്രതിനിധികൾ വ്യക്തമാക്കിയിരുന്നു. പരിശുദ്ധ സിംഹാസനവും, വത്തിക്കാൻ നയതന്ത്രപ്രതിനിധി അപ്പസ്തോലിക നൂൺഷ്യോ ആർച്ച്ബിഷപ് വിസ്വാൾദാസ് കുൽബോകാസും നൽകുന്ന പിന്തുണയ്ക്കും മാനവികപരിഗണനയ്ക്കും ഈ പ്രതിനിധിസംഘം നന്ദി പറഞ്ഞു.
വൈദികരെ സൈനികസേവനത്തിൽനിന്ന് ഒഴിവാക്കിയ ഉക്രൈൻ സർക്കാരിന്റെ നടപടിയെ, സഭകളുടെ അജപാലന, സാമൂഹിക രംഗത്തെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കൗൺസിൽ വിലയിരുത്തി. വിവിധ സഭകൾ തമ്മിലുള്ള ഈ ഐക്യത്തെ ആർച്ച്ബിഷപ് ഗാല്ലഗർ അഭിനന്ദിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.