തിരയുക

ബീലോഹൊറോദ്കയിൽ മുൻപ് നടന്ന ഒരു റഷ്യൻ ആക്രമണത്തിന്റെ ദൃശ്യം ബീലോഹൊറോദ്കയിൽ മുൻപ് നടന്ന ഒരു റഷ്യൻ ആക്രമണത്തിന്റെ ദൃശ്യം 

കുട്ടികൾക്കായുള്ള സാധനസാമഗ്രികൾ സൂക്ഷിച്ചിരുന്ന യൂണിസെഫിന്റെ ഒരു ഗോഡൗൺ റഷ്യൻ ആക്രമണത്തിൽ തകർന്നു

ഉക്രൈനിലെ ബീലോഹൊറോദ്കയിൽ തങ്ങളുടെ കരാർപ്രകാരം പ്രവർത്തിച്ചിരുന്ന ഒരു ഗോഡൗൺ റഷ്യൻ ആക്രമണത്തിൽ തകർന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി അറിയിച്ചു. കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടിയുള്ള സഹായസാധനസമഗ്രികൾ സൂക്ഷിച്ചിരുന്ന ഇടമാണ് ജൂലൈ 19 ഞായറാഴ്ചയുണ്ടായ ആക്രമണത്തിൽ തകർന്നത്. പല ആക്രമണങ്ങളിലായി രാജ്യത്ത് കഴിഞ്ഞ ദിവസം രണ്ടു കുട്ടികൾ കൊല്ലപ്പെട്ടിരുന്നു. 50 പേർക്ക് പരിക്കേറ്റു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

റഷ്യൻ സായുധസേനയുടെ ആക്രമണത്തിൽ ഉക്രൈനിലെ ബീലോഹൊറോദ്കയിലുള്ള (Bilohorodka) തങ്ങളുടെ ഒരു ഗോഡൗൺ തകർന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി അറിയിച്ചു. യുദ്ധദുരിതമനുഭവിക്കുന്ന കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കുമെത്തിക്കാനായി സൂക്ഷിച്ചിരുന്ന അവശ്യ മാനവിക സഹായസമഗ്രികൾ ഈ ആക്രമണത്തിൽ നശിച്ചുവെന്ന് ജൂലൈ 20-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ സംഘടന വിശദീകരിച്ചു.

ഏതാണ്ട് നാൽപ്പത് ലക്ഷം ഡോളറിന്റെ വസ്തുവകകൾ സൂക്ഷിച്ചിരുന്ന ഈ ഗോഡൗണിലെ നാശനഷ്ടങ്ങളുടെ കണക്കുകൾ നിലവിൽ വ്യക്തമല്ലെന്ന് യൂണിസെഫ് തങ്ങളുടെ പത്രക്കുറിപ്പിൽ എഴുതി. ജനറേറ്ററുകൾ, കുടിവെള്ളം, ശുചിത്വകിട്ടുകൾ, ജലസംഭരണ ടാങ്കുകൾ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി ഏതാണ്ട് ഒരുലക്ഷത്തിഅറുപതിനായിരത്തോളം സാധനങ്ങളാണ് ഈ സംഭരണശാലയിൽ സൂക്ഷിച്ചിരുന്നത്. വരാനിരിക്കുന്ന ശൈത്യകാലത്തെ നേരിടുന്നതിന് വേണ്ട സാധനസാമഗ്രികൾ കൂടിയാണ് ഈ ആക്രമണത്തിൽ നശിച്ചതെന്ന് സംഘടന അപലപിച്ചു.

2022-ൽ യുദ്ധം ആരംഭിച്ചശേഷം, ജൂൺ മാസത്തിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ ആക്രമണങ്ങളുടെ ഇരകളായതെന്ന് അറിയിച്ച ശിശുക്ഷേമനിധി, ഈ മാസത്തിൽ ഏഴ് കുട്ടികൾ കൊല്ലപ്പെട്ടുവെന്നും 116 പേർക്ക് പരിക്കേറ്റുവെന്നും എഴുതി. കഴിഞ്ഞ ഒരാഴ്ചയിൽ മാത്രം രണ്ടു കുട്ടികൾ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

റഷ്യ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾ മാനവികസഹായപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് യൂണിസെഫ് അറിയിച്ചു. കഴിഞ്ഞ ദിവസത്തേതുപോലെ, മാനവിക സഹായസമഗ്രികൾ സൂക്ഷിച്ചിരിക്കുന്ന ഇടങ്ങൾക്കും, മാനവിക സേവനപ്രവർത്തകർക്കും നേരെയുള്ള ആക്രമണങ്ങൾ, യുദ്ധബാധിതരായ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും ജീവൻരക്ഷാസഹായമെത്തിക്കുന്നതിന് തടസ്സമാകുന്നുണ്ടെന്ന് ശിശുക്ഷേമനിധി എഴുതി. ഇത്തരം ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത സംഘടന, ഉക്രൈനിലെ കുട്ടികൾക്ക് വേണ്ടത് നീണ്ടുനിൽക്കുന്ന സമാധാനമാണെന്ന് വ്യക്തമാക്കി. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

21 ജൂലൈ 2026, 13:10