എയ്ഡ്സ് പ്രതിരോധം: കുഞ്ഞുങ്ങളുൾപ്പെടെ ആരും പിന്നിലാകരുതെന്ന് പരിശുദ്ധ സിംഹാസനം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
എയ്‌ഡ്‌സ് ബാധിതർക്ക് തുല്യനിലയിൽ ചികിത്സ ഉറപ്പാക്കണമെന്നും, എച്ച്‌ഐവി ബാധ കുറയ്ക്കുന്നതിന് വേണ്ട നടപടികൾ വേണമെന്നും ഐക്യരാഷ്ട്രസഭയിലേക്കുള്ള പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷണകേന്ദ്രം. കഴിഞ്ഞ ദിവസം, ന്യൂയോർക്കിൽ നടന്ന 2026-ലെ ഐക്യരാഷ്ട്രസഭയുടെ എച്ച്‌ഐവി/എയ്ഡ്സ് ഉന്നതതല യോഗത്തിൽ സംസാരിക്കവെ, എച്ച്‌ഐവി പ്രതിരോധത്തിലും ചികിത്സയിലും ആഗോളതലത്തിൽ കൈവരിച്ച പുരോഗതിയെ പരിശുദ്ധ സിംഹാസനം സ്വാഗതം ചെയ്തു.
വികസിത രാജ്യങ്ങളിൽ എച്ച്‌ഐവി പ്രതിരോധ, ചികിത്സാ മേഖലയിൽ രോഗബാധിതർക്ക് ലഭിക്കുന്ന ജീവൻ രക്ഷാമരുന്നുകൾ അനേകർക്ക്, പ്രത്യേകിച്ച് വികസ്വരരാജ്യങ്ങളിലെ ജനങ്ങൾക്ക് മതിയായ തോതിൽ ലഭ്യമല്ലെന്ന് ഐക്യരാഷ്ട്രസഭയിലേക്കുള്ള പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷണകേന്ദ്രം. എല്ലാവർക്കും തുടർച്ചയായ ചികിത്സാസൗകര്യങ്ങൾ ഉറപ്പാക്കാൻ ആരോഗ്യമേഖല, വൈദ്യശാസ്ത്രഗവേഷണമേഖല, മരുന്നുകളുടെ പ്രാദേശിക ഉത്പാദനം എന്നിവയിൽ കൂടുതൽ നിക്ഷേപം ആവശ്യമുണ്ടെന്ന് പരിശുദ്ധ സിംഹാസനം ഓർമ്മിപ്പിച്ചു.
2010 മുതൽ ലോകത്തിന്റെ മിക്ക പ്രദേശങ്ങളിലും എച്ച്‌ഐവി പകരുന്നതിന്റെ തോത് കുറഞ്ഞതായും, ആന്റിറെട്രോവൈറൽ ചികിത്സയുടെ വ്യാപനം മൂലം രോഗബാധിതർക്ക് കൂടുതൽ നാൾ ആരോഗ്യകരമായ ജീവിതം നയിക്കാൻ സാധിക്കുന്നുണ്ടെന്നും ഹോളി സീയുടെ സ്ഥിരം നിരീക്ഷക സംഘം പ്രസ്താവിച്ചു. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ അവഗണിക്കരുതെന്ന് പോപ്പ് ലിയോ പതിനാലാമന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് അഭ്യർത്ഥിച്ച പരിശുദ്ധ സിംഹാസനം, ഗർഭകാലം, പ്രസവവുമായി ബന്ധപ്പെട്ട ചികിത്സയും പരിചരണവും, കൃത്യമായ സമയത്തുള്ള പരിശോധനകൾ, കുട്ടികൾക്ക് ഉപയോഗസൗഹൃദമായ മരുന്നുകൾ തുടങ്ങിയവ എന്നീ മേഖലകളിൽ കൂടുതൽ ശ്രദ്ധ വേണമെന്ന് ആവശ്യപ്പെട്ടു.
എച്ച്‌ഐവി ബാധിതരിൽ മൂന്ന് ശതമാനം മാത്രം വരുന്ന കുഞ്ഞുങ്ങളാണ് ഈ അവസ്ഥ മൂലം മരണമടയുന്നവരിൽ പന്ത്രണ്ട് ശതമാനവുമെന്ന് ഓർമ്മിപ്പിച്ച ഐക്യരാഷ്ട്രസഭയിലേക്കുള്ള പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷണവിഭാഗം, കൃത്യസമയത്തുള്ള പരിശോധനകളും ചികിത്സയും മരുന്നുകളും ഉറപ്പാക്കിക്കൊണ്ട്, കുട്ടികൾക്ക് സംരക്ഷണമേകണമെന്ന് ആവശ്യപ്പെട്ടു.
എച്ച്‌ഐവിയുമായി ബന്ധപ്പെട്ട ചിക്തിസാമേഖലയിൽ കത്തോലിക്കാ സ്ഥാപനങ്ങളാണ് നാലിലൊന്ന് പ്രവർത്തനങ്ങളും നടത്തുന്നതെന്ന് അറിയിച്ച പരിശുദ്ധ സിംഹാസനം, എച്ച്‌ഐവി ബാധിതർക്ക്, അവരുടെ മനുഷ്യാന്തസ്സ് കണക്കിലെടുത്ത്, ചികിത്സയും സംരക്ഷണവും ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ തുടരുമെന്നും വ്യക്തമാക്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.