തിരയുക

കർദ്ദിനാൾ സൂപ്പിയുടെ സന്ദർശനവേളയിൽ നടന്ന ഒരു പ്രാർത്ഥനാച്ചടങ്ങിൽനിന്ന് കർദ്ദിനാൾ സൂപ്പിയുടെ സന്ദർശനവേളയിൽ നടന്ന ഒരു പ്രാർത്ഥനാച്ചടങ്ങിൽനിന്ന് 

യുദ്ധം വേഗം അവസാനിക്കട്ടെയെന്ന ആശംസയോടെ കർദ്ദിനാൾ സൂപ്പി ഉക്രൈനിൽ

പരിശുദ്ധ പിതാവിന്റെ പ്രാർത്ഥനകൾ ഉറപ്പു നൽകിയും, റഷ്യ-ഉക്രൈൻ യുദ്ധം എത്രയും വേഗം അവസാനിക്കട്ടെയെന്ന ആശംസകൾ നേർന്നും ഇറ്റലിയുടെ മെത്രാൻസമിതി അദ്ധ്യക്ഷൻ കർദ്ദിനാൾ മത്തെയോ സൂപ്പി ഉക്രൈനിൽ. റഷ്യൻ സൈന്യത്തിൽ പോരാടുന്നതിനിടെ പിടിക്കപ്പെട്ട തടവുകാരെയും അപ്പസ്തോലിക നൂൺഷ്യോ ആർച്ച്ബിഷപ് കുൽബോക്കാസ് വിസ്വാൽദാസിനൊപ്പം അദ്ദേഹം സന്ദർശിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

റഷ്യ-ഉക്രൈൻ യുദ്ധം എത്രയും വേഗം അവസാനിക്കട്ടെയെന്ന പ്രാർത്ഥനാശംസകൾ നേർന്നും, പരിശുദ്ധ പിതാവിന്റെ പ്രാർത്ഥനകൾ ഏവർക്കും ഉറപ്പു നൽകിയും ഇറ്റലിയുടെ മെത്രാൻസമിതി അദ്ധ്യക്ഷൻ കർദ്ദിനാൾ മത്തെയോ മരിയ സൂപ്പി (Card. Matteo Maria Zuppi) ഉക്രൈനിൽ. നാല് ദിവസങ്ങൾ നീണ്ട യാത്രയ്ക്കായി രാജ്യത്തെത്തിയ അദ്ദേഹം, ഉക്രൈനിലേക്കുള്ള അപ്പസ്തോലിക നൂൺഷ്യോ ആർച്ച്ബിഷപ് കുൽബോക്കാസ് വിസ്വാൽദാസിനൊപ്പം കീവ്, ലെയോപ്പോളിയിലുള്ള തടവറ എന്നിവിടങ്ങൾ സന്ദർശിച്ചു.

കീവിലെക്ക് പോകുന്നതിന് മുൻപായി ലിവിവ് മേഖലയിലെ സഖിദ്-1 തടവറ സന്ദർശിച്ച ഇറ്റാലിയൻ മെത്രാൻസമിതി അദ്ധ്യക്ഷൻ, റഷ്യൻ സൈന്യത്തിൽ പോരാടി പിടിയിലായ തടവുകാരുമായി കൂടിക്കാഴ്ച നടത്തി. പോന്തിഫിക്കൽ ചിഹ്നമുള്ള താക്കോൽക്കൂട്ടം, സാലൂസ് പോപുളി റോമാനിയുടെ ചിത്രം, പോപ്പ് ലിയോ പതിനാലാമന്റെ ചിത്രം എന്നിവ അദ്ദേഹം തടവുകാർക്ക് സമ്മാനിച്ചു. യുദ്ധം അവസാനിക്കട്ടെയെന്നും, തടവറയിൽ കഴിയുന്നവർക്ക് എത്രയും വേഗം സ്വഭവനങ്ങളിലേക്ക് മടങ്ങാനാകട്ടെയെന്നും പരിശുദ്ധ പിതാവിന്റെ പേരിൽ അദ്ദേഹം ആശംസിച്ചു.

റഷ്യൻ ആക്രമണം ആരംഭിച്ചതിന് ശേഷം, ഫ്രാൻസിസ് പാപ്പായുടെ നിയോഗപ്രകാരം 2023 ജൂണിൽ ഉക്രൈൻ സന്ദർശിച്ച കർദ്ദിനാൾ സൂപ്പി ഇത് രണ്ടാം പ്രാവശ്യമാണ് രാജ്യത്തേക്ക് സമാധാനസന്ദേശവുമായി എത്തുന്നത്.  മുൻ യാത്രയിൽ, തടവുകാരുടെ മോചനം, കുട്ടികളുടെ മടക്കയാത്ര, യുദ്ധത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സ്വദേശത്തേക്ക് എത്തിക്കൽ തുടങ്ങിയ മാനുഷിക ശ്രമങ്ങളിൽ അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു.

യുദ്ധം അവസാനിച്ച് ഏവർക്കും പുതിയൊരു തുടക്കം സാധ്യമാകട്ടെയെന്ന് തടവുകാരോട് ആശംസിച്ച കർദ്ദിനാൾ സൂപ്പി, ദൈവം നമുക്ക് നൽകുന്ന പ്രത്യാശ നഷ്ടപ്പെടുത്തരുതെന്ന് ആഹ്വാനം ചെയ്തു. തെറ്റായ ഒരുപാട് കാര്യങ്ങൾക്ക് സാക്ഷ്യം വഹിച്ച നിങ്ങൾ, നിങ്ങളുടെ ഹൃദയത്തിൽ തിന്മ വളരാൻ അനുവദിക്കരുതെന്നും അതിനായി ദൈവം സഹായിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ഉക്രൈനിലേക്കുള്ള കർദ്ദിനാൾ സൂപ്പിയുടെ യാത്രയെ സ്വാഗതം ചെയ്ത, പരിശുദ്ധ സിംഹാസനത്തിലേക്കുള്ള രാജ്യത്തിൻറെ അംബാസഡർ അന്ദ്രീ യൂറാഷ്, ഈയൊരു ദുർഘടനിമിഷത്തിൽ രാജ്യത്തെ സഹായിക്കുന്ന ഏവരെയും സ്വീകരിക്കാൻ തങ്ങൾ ഒരുക്കമാണെന്നും, നീതിപൂർണ്ണവും നിലനിൽക്കുന്നതുമായ സമാധാനസ്ഥാപനത്തിനുവേണ്ടി തുടർന്നും സംവാദങ്ങളിലേർപ്പെടാൻ ഉക്രൈൻ എന്നും ഒരുക്കമാണെന്നും സാമൂഹ്യമാധ്യമങ്ങളിൽ എഴുതി. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

15 ജൂലൈ 2026, 14:06