മനുഷ്യാന്തസ്സ് ഉറപ്പാക്കിക്കൊണ്ടുള്ള സുസ്ഥിരവികസനമാണ് ഇന്നാവശ്യം: പരിശുദ്ധ സിംഹാസനം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
മനുഷ്യാന്തസ്സ് കേന്ദ്രീകരിച്ചുള്ളതാകണം സമഗ്രവികസനമെന്നും, ഇതിനുവേണ്ടിയുള്ള പരിശ്രമങ്ങൾ ത്വരിതപ്പെടുത്തണമെന്നും പരിശുദ്ധ സിംഹാസനം. ജൂലൈ 13 ചൊവ്വാഴ്ച ന്യൂയോർക്കിൽ നടന്ന, ഐക്യരാഷ്ട്രസഭയിലെ സാമ്പത്തിക-സാമൂഹിക കൗൺസിലിന്റെ (ECOSOC) ഉന്നതതല സമ്മേളനത്തിൽ സംസാരിക്കവെ, പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷണസംഘമാണ് ഇത്തരമൊരു ആഹ്വാനം മുന്നോട്ടുവച്ചത്. "രണ്ടായിരത്തിമുപ്പതോടെ സമഗ്രവികസനം നേടിയെടുക്കാൻവേണ്ടിയുള്ള അടിയന്തിരവും പരിവർത്തനാത്മകവുമായ നടപടികൾ ത്വരിതപ്പെടുത്തുക" എന്ന പേരിൽ നടന്ന സമ്മേളനത്തിൽ, സമഗ്രവികസനം ഉറപ്പാക്കാൻ വേണ്ട രാഷ്ട്രീയ ഇശ്ചാശക്തിയുടെ പ്രാധാന്യവും പരിശുദ്ധ സിംഹാസനം ഓർമ്മിപ്പിച്ചു.
എല്ലാ വ്യക്തികളുടെയും അന്തസ്സ് കണക്കിലെടുക്കുകയും അവരുടെ ജീവനെ ഗൗരവതരമായി കാണുകയും ചെയ്യുമ്പോഴാണ് ചരിത്രം മെച്ചപ്പെട്ട രീതിയിൽ മുന്നോട്ട് പോവുകയെന്ന് വത്തിക്കാൻ പ്രതിനിധി സംഘം പ്രസ്താവിച്ചു. ദാരിദ്ര്യം, പട്ടിണി, രോഗങ്ങൾ, നിരക്ഷരത തുടങ്ങിയവയിൽനിന്ന് മനുഷ്യരെ മോചിപ്പിക്കുന്നതിലൂടെയേ ശരിയായ വികസനം സാധ്യമാകൂ എന്നും, സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസമേഖലകളിൽ ഏവർക്കും തുല്യ സാദ്ധ്യതകൾ ഉറപ്പാകുന്നതിനുവേണ്ട പ്രവർത്തനങ്ങളുടെ ആവശ്യമുണ്ടെന്നും പരിശുദ്ധ സിംഹാസനം ഓർമ്മിപ്പിച്ചു.
ലോകത്തുണ്ടായ സാമ്പത്തികവളർച്ച അതിദാരിദ്ര്യത്തിൽനിന്ന് അനേകരെ മോചിപ്പിച്ചുവെങ്കിലും, രാജ്യങ്ങൾക്കിടയിലും രാജ്യങ്ങൾക്കുള്ളിലും ഇപ്പോഴും അസമത്വങ്ങൾ നിലനിൽക്കുന്നുണ്ടെന്നും നവീന ദാരിദ്ര്യരൂപങ്ങൾ സമഗ്രവികസനത്തിന് വെല്ലുവിളിയാകുന്നുണ്ടെന്നും നിരീക്ഷണസംഘം പ്രസ്താവിച്ചു. മനുഷ്യന്റെ ദൈവദത്തമായ അന്തസ്സിനെ ഹനിക്കുകയോ കുറയ്ക്കുകയോ ചെയ്യുന്ന സാങ്കേതിക പുരോഗതിയെ യഥാർത്ഥ വികസനമെന്ന് വിശേഷിപ്പിക്കാനാകില്ലെന്നും പരിശുദ്ധ സിംഹാസനം ഓർമ്മപ്പെടുത്തി.
വളർന്നുവരുന്ന സാങ്കേതികവിദ്യകൾ കൂടുതൽ സങ്കീർണ്ണമാകുന്നയിടത്തല്ല, അവ പൊതുനന്മയുടെയും മനുഷ്യരുടെയും സേവനത്തിനുപകരിക്കുന്നിടത്താണ് പുരോഗതി പ്രാധാന്യം നേടുന്നതെന്ന് പ്രസ്താവിച്ച പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകസംഘം, ലിയോ പതിനാലാമൻ പാപ്പായുടെ വാക്കുകൾ പരാമർശിച്ചുകൊണ്ട്, നിലനിൽക്കുന്ന സമാധാനവും സമഗ്രവികസനവും, എല്ലാവരുടെയും പങ്കാളിത്തത്തോടെയും ആത്മാർത്ഥമായ അന്താരാഷ്ട്രസംവാദങ്ങളിലൂടെയും സഹകരണത്തിലൂടെയും മാത്രമേ സാധ്യമാകൂ എന്ന് കൂട്ടിച്ചേർത്തു.
ആഗോളതലത്തിൽ മാറ്റങ്ങളെക്കുറിച്ചുള്ള ചിന്തകൾ നിർമ്മിതബുദ്ധിയുമായി കെട്ടുപിണഞ്ഞാണ് കിടക്കുന്നതെന്നും, സമഗ്രപുരോഗതിയുടെ വേഗത വർദ്ധിപ്പിക്കുന്നതിൽ അതിന് പങ്കുവഹിക്കാനാകുമെന്നും പരിശുദ്ധ സിംഹാസനം ഓർമ്മിപ്പിച്ചു. മനുഷ്യാന്തസ്സ് ഉറപ്പാക്കുന്ന വിധത്തിൽ വേണം അതിന്റെ ഉപയോഗമെന്നും നിരീക്ഷണകേന്ദ്രം കൂട്ടിച്ചേർത്തു. ജൂലൈ 13 മുതൽ 15 വരെ തീയതികളിലായാണ് ഈ സമ്മേളനം നടന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.