തിരയുക

ചൈനയിലെ ഒരു ദേവാലയത്തിൽനിന്നുള്ള ഒരു ചിത്രം ചൈനയിലെ ഒരു ദേവാലയത്തിൽനിന്നുള്ള ഒരു ചിത്രം 

ചൈനയിലെ ബാമെങ് രൂപതയുടെ സഹായമെത്രാനായി ബിഷപ്പ് ദുവാൻ യോങ്കുൻ അഭിഷിക്തനായി

പരിശുദ്ധ സിംഹാസനവും ചൈനയും തമ്മിലുള്ള താൽക്കാലിക കരാറിന്റെ പശ്ചാത്തലത്തിൽ ചൈനയിലെ ബാമെങ് രൂപതയ്ക്ക് പുതിയ സഹായമെത്രാൻ. ജൂൺ 15-ന് പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ തിരഞ്ഞെടുത്ത മോൺസിഞ്ഞോർ ഫ്രാൻസിസ് സേവ്യർ ദുവാൻ യോങ്കുൻ ജൂലൈ 29-ന് അഭിഷിക്തനായി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

പരിശുദ്ധ സിംഹാസനവും ചൈനയും തമ്മിലുള്ള താൽക്കാലിക കരാറിന്റെ പശ്ചാത്തലത്തിൽ പുതിയൊരു മെത്രാൻ കൂടി അഭിഷിക്തനായി. ചൈനയിലെ ഇന്നർ മംഗോളിയ സ്വയംഭരണ പ്രദേശത്തെ ബാമെങ് (Bameng) രൂപതയുടെ പിന്തുടർച്ചാവകാശമുള്ള സഹായമെത്രാനായി മോൺസിഞ്ഞോർ ഫ്രാൻസിസ് സേവ്യർ ദുവാൻ യോങ്കുനാണ് (Msgr. Francis Xavier Duan Yongkun) ജൂലൈ 29 ബുധനാഴ്ച്ച അഭിഷിക്തനായത്. ജൂൺ 15-ന് പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പയാണ് അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് നിയമിച്ചത്.

1980 ഡിസംബർ 6-ന് ഇന്നർ മംഗോളിയയിലെ ഹാങ്ജിൻ ഹൗചിയിൽ (Hangjin Houqi) ജനിച്ച ഫ്രാൻസിസ് സേവ്യർ ദുവാൻ യോങ്കുൻ, 2000 മുതൽ 2007 വരെ ഹെബെയ് ദൈവശാസ്ത്ര സെമിനാരിയിൽ വൈദികപരിശീലനം നടത്തി. തുടർന്ന് 2008 മുതൽ 2013 വരെ ബെയ്ജിംഗ് സർവകലാശാലയിലും ബെയ്ജിംഗ് ഫോറിൻ സ്റ്റഡീസ് സർവകലാശാലയിലും അദ്ദേഹം ഉന്നതപഠനം നടത്തിയിരുന്നു.

2011 ജനുവരി 1-ന് ബാമെങ് രൂപതയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം പിന്നീട് തായ്‌വാനിലെ ഫുജെൻ കത്തോലിക്ക സർവകലാശാലയിൽ 2013 മുതൽ 2016 വരെ പഠനം തുടർന്നു.

പഠനശേഷം സ്വന്തം രൂപതയിലേക്ക് മടങ്ങിയ അദ്ദേഹം 2016 മുതൽ 2020 വരെ പ്രാദേശിക പരിശീലന കേന്ദ്രത്തിന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ചു. തുടർന്ന് ബാമെങ് രൂപതയുടെ വികാരി ജനറലായും രൂപതാ കത്തീഡ്രൽ ദേവാലയത്തിന്റെ വികാരിയായും അദ്ദേഹം നിയമിതനായി.

അജപാലന, വിദ്യാഭ്യാസ, ഭരണ മേഖലകളിലെ അനുഭവസമ്പത്തോടെയാണ് ഇപ്പോൾ സഹായമെത്രാനെന്ന പുതിയ ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുത്തിരിക്കുന്നത്. പരിശുദ്ധ സിംഹാസനവും ചൈനയും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായി നടന്ന ഈ മെത്രാഭിഷേകം, ചൈനയിലെ കത്തോലിക്ക സഭാജീവിതത്തിൽ ഒരു സുപ്രധാന ചുവടുവയ്പ്പായാണ് വിലയിരുത്തപ്പെടുന്നത്. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

29 ജൂലൈ 2026, 14:00