തിരയുക

കിഴക്കേ ആഫ്രിക്കൻ മെത്രാൻസമിതികളുടെ അസോസിയേഷന്റെ പൊതുസമ്മേളനത്തിൽനിന്നുള്ള ഒരു ദൃശ്യം കിഴക്കേ ആഫ്രിക്കൻ മെത്രാൻസമിതികളുടെ അസോസിയേഷന്റെ പൊതുസമ്മേളനത്തിൽനിന്നുള്ള ഒരു ദൃശ്യം  (TANZANIA EPISCOPAL CONFERENCE)

കിഴക്കേ ആഫ്രിക്കൻ മെത്രാൻസമിതികളുടെ പ്രഥമ അജപാലന മുൻഗണന യുവജനങ്ങൾക്ക്

കെനിയയിലെ കത്തോലിക്കാ യൂണിവേഴ്സിറ്റിയിൽ നടന്ന കിഴക്കേ ആഫ്രിക്കൻ മെത്രാൻസമിതികളുടെ അസോസിയേഷന്റെ പൊതുസമ്മേളനം യുവജന ശാക്തീകരണത്തിനും സഭാജീവിതത്തിലെ യുവജനങ്ങളുടെ സജീവ പങ്കാളിത്തത്തിനും ആഹ്വാനം ചെയ്തുവെന്ന് ഫീദെസ് റിപ്പോർട്ട് ചെയ്‌തു. ജൂലൈ 19 മുതൽ 26 വരെയായിരുന്നു ഈ സമ്മേളനം നടന്നത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

യുവജനങ്ങളെ അടുത്ത നാല് വർഷത്തേക്കുള്ള അജപാലന പ്രവർത്തനങ്ങളുടെ പ്രധാന മുൻഗണനയായി പ്രഖ്യാപിച്ച് കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയിൽ നടന്ന കിഴക്കേ ആഫ്രിക്കൻ മെത്രാൻസമിതികളുടെ അസോസിയേഷന്റെ (AMECEA) ഇരുപത്തിയൊന്നാമത് പൊതുസമ്മേളനം. നെയ്‌റോബിയിലെ കത്തോലിക്കാ യൂണിവേഴ്സിറ്റിയിൽ ജൂലൈ 19 മുതൽ 26 വരെ നടന്ന സമ്മേളനത്തിൽ കിഴക്കൻ ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മെത്രാന്മാർ, വൈദികർ, സമർപ്പിതർ, അൽമായ പ്രതിനിധികൾ, യുവജനങ്ങൾ എന്നിവർ പങ്കെടുത്തിരുന്നുവെന്ന് ഫീദെസ് റിപ്പോർട്ട് ചെയ്‌തു.

യുവജനങ്ങൾ സഭയുടെ ഭാവി മാത്രമല്ല, ഇന്നത്തെ യാഥാർത്ഥ്യവുമാണെന്നത് മറന്നുപോകരുതെന്ന് സമ്മേളനം അംഗീകരിച്ച അന്തിമരേഖയിലൂടെ മെത്രാന്മാർ ഓർമ്മിപ്പിച്ചു. അവരുടെ പ്രതീക്ഷകളും വെല്ലുവിളികളും സാമൂഹിക-സാംസ്കാരിക മാറ്റങ്ങളും മനസ്സിലാക്കി അവരെ ഫലപ്രദമായി പിന്തുണയ്‌ക്കേണ്ടത് സഭയുടെ ഉത്തരവാദിത്വമാണെന്നും സഭാനേതൃത്വങ്ങൾ വിലയിരുത്തി. "ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങളിൽ വിശ്വസിക്കുന്നു, സഭയുടെയും രാജ്യങ്ങളുടെയും ജീവിതത്തിലും ദൗത്യത്തിലും പൂർണമായി പങ്കാളികളാകാൻ നിങ്ങളെ ക്ഷണിക്കുന്നു" എന്ന സന്ദേശം മെത്രാന്മാർ യുവജനങ്ങൾക്കായി മുന്നോട്ടുവച്ചു.

യുവജന അജപാലന വിഭാഗങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുക, ഡിജിറ്റൽ സുവിശേഷപ്രവർത്തകരെ പരിശീലിപ്പിക്കുക, വിദ്യാഭ്യാസം, സംരംഭകത്വം, തൊഴിൽ നൈപുണ്യ വികസനം എന്നിവ പ്രോത്സാഹിപ്പിക്കുക, കുട്ടികളുടെയും മാനസിക വെല്ലുവിളികൾ നേരിടുന്നവരുള്‍പ്പെടെയുള്ള ദുർബലരുടെയും സംരക്ഷണത്തിനുവേണ്ടിയുള്ള നയങ്ങൾ ശക്തിപ്പെടുത്തുക തുടങ്ങിയ തീരുമാനങ്ങളും സമ്മേളനം കൈക്കൊണ്ടു. യുവജനങ്ങളുടെ പൊതുജീവിതത്തിലെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും സുരക്ഷിത കുടിയേറ്റം ഉറപ്പാക്കുന്നതിനും സംഘർഷങ്ങളുടെ അടിസ്ഥാന കാരണങ്ങൾ പരിഹരിക്കുന്നതിനുമായി സഭയും ഭരണകൂടവും പ്രാദേശിക സ്ഥാപനങ്ങളും ചേർന്ന് പ്രവർത്തിക്കണമെന്നും രേഖ ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി യുവജനങ്ങളെ ഉപയോഗിച്ച ശേഷം അവരെ അവഗണിക്കുന്നുവെന്ന യുവപ്രതിനിധികളുടെ ആശങ്ക സമ്മേളനം ഗൗരവത്തോടെ പരിഗണിച്ചു. യുവജനങ്ങളെ രാഷ്ട്രീയ താൽപര്യങ്ങൾക്കായി ചൂഷണം ചെയ്യുന്നത് അവസാനിപ്പിച്ച് അവർക്ക് പ്രത്യാശയും അവസരങ്ങളും സജീവ പങ്കാളിത്തവും ഉറപ്പാക്കുന്ന നയങ്ങൾ രൂപപ്പെടുത്തണമെന്ന് പ്രാദേശികസഭാനേതൃത്വങ്ങൾ രാഷ്ട്രീയ നേതാക്കളോട് അഭ്യർത്ഥിച്ചു.

സുവിശേഷ ദൗത്യത്തിന്റെ സജീവ സാക്ഷികളാകാൻ യുവജനങ്ങളെ ആഹ്വാനം ചെയ്ത സഭാനേതൃത്വങ്ങൾ, അവരുടെ അഭിപ്രായങ്ങൾ കൂടുതൽ ശ്രദ്ധയോടെ കേട്ട് അജപാലന-തീരുമാന പ്രക്രിയകളിൽ പങ്കാളികളാക്കുമെന്ന് ഉറപ്പുനൽകുകി. സമ്മേളനത്തിൽ ടാൻസാനിയയിലെ എംബേയ അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് ജെർവാസ് ജോൺ ന്യായിസോംഗ (Msgr. Gervas John Nyaisonga) കിഴക്കേ ആഫ്രിക്കൻ മെത്രാൻസമിതികളുടെ അസോസിയേഷന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. സമ്മേളനത്തിൽ അംഗീകരിച്ച തീരുമാനങ്ങൾ കിഴക്കൻ ആഫ്രിക്കയിലെ എല്ലാ മെത്രാൻസമിതികളും രൂപതകളും ഇടവകകളും വിശ്വാസികളും ചേർന്ന് നടപ്പാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

29 ജൂലൈ 2026, 13:53