തിരയുക

ആർച്ച്ബിഷപ് ഗാല്ലഗർ - ഉക്രൈനിലെ സന്ദർശനത്തിൽനിന്നുള്ള ഒരു ദൃശ്യം ആർച്ച്ബിഷപ് ഗാല്ലഗർ - ഉക്രൈനിലെ സന്ദർശനത്തിൽനിന്നുള്ള ഒരു ദൃശ്യം 

ഉക്രൈനിൽ നീതിയിൽ അധിഷ്ഠിതമായ സമാധാനം ആവശ്യം: പാപ്പായുടെ പ്രതിനിധിയായെത്തിയ ആർച്ച്ബിഷപ് ഗാല്ലഗർ

റഷ്യ-ഉക്രൈൻ സംഘർഷങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കിടയിൽ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ പ്രത്യേക പ്രതിനിധിയായി ആർച്ച്ബിഷപ് ഗാല്ലഗർ. രാജ്യത്തെ ലത്തീൻ കത്തോലിക്കാസഭയുടെ ഘടനാപുനഃസംഘടനയുടെ മുപ്പത്തിയഞ്ചാം വാർഷികാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായാണ്, വത്തിക്കാനും മറ്റു രാജ്യങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള സെക്രെട്ടറി ജൂലൈ 21 വരെ നീളുന്ന ഈ സന്ദർശനം നടത്തുന്നത്.

റോബേർത്തോ പാല്യലോങ്ക, മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഉക്രൈനിൽ നീതിയിൽ അധിഷ്ഠിതമായ സമാധാനത്തിനു വേണ്ടിയുള്ള പരിശ്രമങ്ങൾ ഉണ്ടാകണമെന്ന് ആർച്ച്‌ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗർ. രാജ്യത്തെ ലത്തീൻ കത്തോലിക്കാ സഭാസംവിധാനം പുനഃസംഘടിപ്പിക്കപ്പെട്ടതിന്റെ മുപ്പത്തിയഞ്ചാം വാർഷികാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി പരിശുദ്ധ പിതാവിന്റെ പ്രത്യേക പ്രതിനിധിയെന്ന നിലയിൽ, ജൂലൈ 17 വ്യാഴാഴ്ച മുതൽ ജൂലൈ 21 ചൊവ്വാഴ്ച വരെ നീളുന്ന സന്ദർശനത്തിനായി എത്തിയ അവസരത്തിലാണ് ഉക്രൈനുനേരെ നടക്കുന്ന ആക്രമണങ്ങളുടെ കൂടി പശ്ചാത്തലത്തിൽ അദ്ദേഹം ഇത്തരമൊരു ആഹ്വാനം നടത്തിയത്.

യുദ്ധത്തിന്റെ നീതിയുക്തമായ അവസാനമെന്നതിന്, യൂറോപ്പിന്റെ ഈ ഭാഗത്ത് സമാധാനം പുനഃസ്ഥാപിക്കുക എന്ന അർത്ഥമുണ്ടെന്ന്, ല്വീവിലുള്ള ലത്തീൻ അതിരൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ് മിയെച്ചിസ്വാവ് മൊക്രിസ്കിയുമായുള്ള കൂടിക്കാഴ്ചയ്‌ക്കെത്തിയ  അവസരത്തിൽ സംസാരിക്കവെ, അദ്ദേഹം അഭിപ്രായപ്പെട്ടു. ലിയോ പതിനാലാമൻ പാപ്പായും സഭയും ഉക്രൈൻ ജനതയുടെ ദുരിതങ്ങളും ത്യാഗങ്ങളും മറന്നിട്ടില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ജൂലൈ 17 വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച.

ഉക്രൈനിലുണ്ടായ ആക്രമണങ്ങളുടെ സ്മരണയിൽ, പതിവുപോലെ വൈകുന്നേരം ഒൻപതുമണിക്ക് മൗനപ്രാർത്ഥന നടത്തുന്നതിന്റെ കൂടി പശ്ചാത്തലത്തിൽ, ആർച്ച്ബിഷപ് ഗാല്ലഗറും ആർച്ച്ബിഷപ് മൊക്രിസ്കിയും, യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായി വൈകുന്നേരം ഒൻപത് മണിക്ക് മെത്രാസനമന്ദിരത്തിന്റെ ചാപ്പലിൽ പ്രാർത്ഥന നടത്തി.

തന്റെ സന്ദർശനത്തിന്റെ ഭാഗമായി ഏതാണ്ട് മുപ്പതിനായിരത്തോളം വിദ്യാർത്ഥികളുള്ള ഉക്രൈനിലെ കത്തോലിക്കാ യൂണിവേഴ്സിറ്റിയിലും ആർച്ച്ബിഷപ് ഗാല്ലഗർ എത്തി. യുദ്ധകാലത്തും വിദ്യാഭ്യാസവും സാമൂഹിക സേവനവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുന്ന സർവകലാശാലയുടെ പ്രവർത്തനങ്ങളെ വിദ്യാർത്ഥികളും അദ്ധ്യാപകരുമായുള്ള കൂടിക്കാഴ്ച്ചാവേളയിൽ അദ്ദേഹം അഭിനന്ദിച്ചു.

വൈകുന്നേരം അപ്പസ്തോലിക നൂൺ ഷ്യേച്ചറിൽ വച്ച്, ഉക്രൈനിലെ ഗ്രീക്ക് കത്തോലിക്കാസഭയുടെ അദ്ധ്യക്ഷൻ മേജർ ആർച്ച്ബിഷപ് സ്വിയാത്തോസ്ളാവ് ഷെവ്ചുക്കുമായും ആർച്ച്ബിഷപ് ഗാല്ലഗർ കൂടിക്കാഴ്ച നടത്തി.

രാജ്യത്ത് ലത്തീൻ സഭയുടെ സംവിധാനങ്ങളിലുണ്ടാക്കിയ പുനഃസംഘടനാവാർഷികവുമായി ബന്ധപ്പെട്ട പ്രധാന ആഘോഷം, ജൂലൈ 19 ഞായറാഴ്ച ബെർദിചീവിലെ കർമ്മലമാതാവിന്റെ പേരിലുളള ദേവാലയത്തിൽ നടക്കും. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ 2001-ൽ രാജ്യത്തേക്ക് നടത്തിയ സന്ദശനത്തെക്കൂടി അനുസ്മരിക്കുന്ന ഒരു ചടങ്ങായിരിക്കും ഇത്.

പോളണ്ടിലെ ക്രാക്കോവിൽ നിന്ന് കരമാർഗം യുക്രൈനിലെത്തിയ ആർച്ച്ബിഷപ് ഗാല്ലഗറിനെ ഇരുരാജ്യങ്ങളുടെയും അതിർത്തിയിൽ വത്തിക്കാനിലേക്കുള്ള യുക്രൈൻ സ്ഥാനപതി അന്ത്രീ യൂറാഷും വിദേശകാര്യ മന്ത്രാലയ പ്രതിനിധികളും ചേർന്നായിരുന്നു സ്വീകരിച്ചത്. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

18 ജൂലൈ 2026, 13:16