സാംബിയയിലെ പൊതു തിരഞ്ഞെടുപ്പ്: സമാധാനഹ്വാനവുമായി മെത്രാൻസമിതി
ഫാ. പോൾ സമാസുമോ, മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ആഫ്രിക്കൻ രാജ്യമായ സാംബിയയിൽ അടുത്തമാസം പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സമാധാനപൂർണ്ണമായ അന്തരീക്ഷം ഉറപ്പാക്കണമെന്നും, രാഷ്ട്രീയവുമായി ബന്ധപ്പെട്ട അക്രമങ്ങളും വിദ്വേഷപ്രചരണങ്ങളും ഉപേക്ഷിക്കണമെന്നും ഓർമ്മിപ്പിച്ച് രാജ്യത്തെ മെത്രാൻസമിതി. 1964-ൽ സ്വാതന്ത്ര്യം നേടിയതിന് ശേഷം, രാജ്യത്ത് ആഭ്യന്തരയുദ്ധങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെങ്കിലും, സംഘർഷങ്ങളുടെ അഭാവം സമാധാനത്തിന്റെ തെളിവാകണമെന്ന് നിർബന്ധമില്ലെന്ന് പ്രാദേശികസഭാനേതൃത്വം ഓർമ്മിപ്പിച്ചു.
നാളിതുവരെ രാജ്യത്ത് നിലനിന്ന സമാധാനപരമായ അധികാര കൈമാറ്റം തുടരണമെന്നും, നീതിയുടെയും പരസ്പര ബഹുമാനത്തിന്റെയും ഐക്യത്തിന്റെയും ഫലമായ സമാധാനം ഉറപ്പാക്കണമെന്നും ഇലക്ഷന്റെ പശ്ചാത്തലത്തിൽ പുറത്തുവിട്ട ഇടയലേഖനത്തിൽ മെത്രാന്മാർ ആവശ്യപ്പെട്ടു. രാഷ്ട്രീയ അക്രമങ്ങൾ ആസൂത്രണം ചെയ്യുകയോ, അതിനെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നത് ന്യായീകരിക്കാനാകില്ലെന്ന് സഭാനേതൃത്വം ഓർമ്മിപ്പിച്ചു.
സാമൂഹ്യമാധ്യമങ്ങളിലൂടെ വിദ്വേഷവും വ്യാജവാർത്തകളും പ്രചരിപ്പിച്ച് ജനങ്ങളെ പ്രകോപിപ്പിക്കുന്നവർക്കെതിരെ മുന്നറിയിപ്പ് നൽകിയ മെത്രാൻമാർ, സ്വന്തം അനുയായികൾ നടത്തുന്ന അക്രമത്തെ നിശ്ശബ്ദമായി പിന്തുണയ്ക്കുന്നതും അക്രമത്തിന് കൂട്ടുനിൽക്കുന്നതിന് തുല്യമാണെന്ന് പ്രസ്താവിച്ചു. യുവജനങ്ങളെ രാഷ്ട്രീയ അക്രമത്തിന്റെ ഉപകരണങ്ങളാക്കരുതെന്നും അവർ അഭ്യർത്ഥിച്ചു.
മെത്രാന്മാരുടെ ഇടയലേഖനത്തെ സ്വാഗതം ചെയ്‌ത് പ്രസിഡന്റ്
ഇതിനിടെ മെത്രാൻമാരുടെ ആഹ്വാനത്തെ രാജ്യത്തിന്റെ നിലവിലെ പ്രസിഡന്റ് ഹകൈൻഡെ ഹിച്ചിലേമ സ്വാഗതം ചെയ്തു. രാഷ്ട്രീയപരമായ അക്രമങ്ങളെയും, ഭീഷണികളെയും വെറുപ്പിനെയും തള്ളിക്കളയുന്നതാണ് ഈ ഇടയലേഖനമെന്ന് അദ്ദേഹം അനുസ്മരിച്ചു. സമാധാനപരവും, സ്വതന്ത്രവും, സുതാര്യവും വിശ്വസനീയവുമായ തിരഞ്ഞെടുപ്പുകൾ ഉറപ്പാക്കുക എന്ന ദീർഘനാളുകളായുള്ള തന്റെ നിലപാടുമായി യോജിച്ചുപോകുന്നതാണ് മെത്രാന്മാരുടെ പ്രസ്താവനയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അക്രമത്തിന്റെയും ഭയത്തിന്റെയും ഇരുണ്ട ദിനങ്ങളിലേക്ക് രാജ്യം തിരികെപ്പോകരുതെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് സാംബിയയുടെ പ്രസിഡന്റ് പ്രസ്താവിച്ചു. രാജ്യത്ത് സമാധാനം നിലനിർത്താനും, ഭയമില്ലാതെ വോട്ട് രേഖപ്പെടുത്താനുള്ള സാഹചര്യമൊരുക്കാനുമാണ് താൻ പരിശ്രമിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.