തിരയുക

കർദ്ദിനാൾ മത്തെയോ മരിയ സൂപ്പി - ഉക്രൈനിൽനിന്നുള്ള ഒരു ചിത്രം കർദ്ദിനാൾ മത്തെയോ മരിയ സൂപ്പി - ഉക്രൈനിൽനിന്നുള്ള ഒരു ചിത്രം 

ഉക്രൈൻ സന്ദർശനത്തിന് ശേഷം കർദ്ദിനാൾ സൂപ്പി റോമിലേക്ക് മടങ്ങി

നാല് ദിനങ്ങൾ നീണ്ട ഉക്രൈൻ യാത്രയ്ക്ക് ശേഷം, ഇറ്റലിയിലെ മെത്രാൻസമിതി അദ്ധ്യക്ഷൻ കർദ്ദിനാൾ സൂപ്പി ജൂലൈ 16 വ്യാഴാഴ്ച റോമിലേക്ക് മടങ്ങി. ഉക്രൈൻ ജനതയ്ക്ക് പരിശുദ്ധ പിതാവിന്റെ പ്രാർത്ഥനകളും സാമീപ്യവും ഉറപ്പുനൽകിയ അദ്ദേഹം, റഷ്യൻ യുദ്ധത്തടവുകാരുമായുള്ള കൂടിക്കാഴ്ച, മാനവികസഹായമെത്തിക്കാനുള്ള പരിശ്രമങ്ങൾ, വിവിധ ഔദ്യോഗിക കൂടിക്കാഴ്ചകൾ എന്നിവയ്ക്ക് ശേഷമാണ് തിരികെയെത്തിയത്.

സാൽവത്തോറെ ചെർനൂത്സിയോ, മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഉക്രൈനിലേക്കുള്ള സമാധാനദൗത്യം പൂർത്തിയാക്കി കർദ്ദിനാൾ മത്തെയോ മരിയ സൂപ്പി ഇറ്റലിയിലേക്ക് മടങ്ങി. 2023-ൽ ഫ്രാൻസിസ് പാപ്പായുടെ നിർദ്ദേശപ്രകാരം ഉക്രൈൻ സന്ദർശിച്ച അദ്ദേഹം, ഇത്തവണത്തെ തന്റെ യാത്രയിൽ, യുദ്ധത്തടവുകാരായി പടിക്കപ്പെട്ട് ജയിലിൽ കഴിയുന്നവരെയും, യുദ്ധത്തിന്റെ ദുരിതമനുഭവിക്കുന്ന കുട്ടികളുൾപ്പെടെയുള്ളവരെയും രാജ്യത്തെ ഔദ്യോഗിക നേതൃത്വങ്ങളെയും കണ്ടുമുട്ടുകയും, മാനവികസഹായമെത്തിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുകയും ചെയ്തു.

കീവ്, ല്വീവ് എന്നിവിടങ്ങളിൽ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടിരുന്ന ഈ യാത്രയിൽ, യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന ഉക്രൈൻ ജനതയ്ക്ക് ലിയോ പതിനാലാമൻ പാപ്പായുടെ പ്രാർത്ഥനകളും സാമീപ്യവും കർദ്ദിനാൾ സൂപ്പി ഉറപ്പുനൽകി. റഷ്യൻ തടവറകളിലായിരിക്കുന്ന ഉക്രൈൻകാരെ സന്ദർശിക്കുന്നതിനും അവരുടെ മടക്കത്തിന് വേണ്ടി ശ്രമിക്കുന്നതിനുള്ള അഭ്യർത്ഥനകളുമായി ഉക്രൈനിൽനിന്നുള്ള ചില കുടുംബങ്ങളും, അദ്ദേഹത്തിന് മുന്നിൽ എത്തിയിരുന്നു.

രാജ്യത്തു നടന്ന വിവിധ കൂടിക്കാഴ്ചകളുടെ ഭാഗമായി ഉക്രൈൻ രാഷ്ട്രത്വദിനാചരണത്തിൽ പ്രസിഡന്റ് വൊളൊദിമിർ സെലൻസ്കിയുടെയും മറ്റ് സിവിൽ, മത നേതാക്കളുടെയും സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങുകളിൽ അദ്ദേഹം സംബന്ധിച്ചിരുന്നു. ഉക്രൈൻ വിദേശകാര്യമന്ത്രി അന്ദ്രീ സിബീഹയുമായി കർദ്ദിനാൾ സൂപ്പി സുദീർഘമായ ചർച്ചയും നടത്തി. ഉക്രൈനിൽ പരിശുദ്ധ സിംഹാസനം നടത്തുന്ന മാനവിക ഇടപെടലുകൾക്ക് നന്ദി പറഞ്ഞ വിദേശകാര്യമന്ത്രി, യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണയഭ്യർത്ഥിച്ചു. റഷ്യൻ അധീനതയിലുള്ള ഖെർസൺ മേഖലയിലെ ഒലെഷ്കി, ഹോള പ്രിസ്റ്റാൻ പ്രദേശങ്ങളിലെ സാധാരണ ജനങ്ങൾക്ക് അടിയന്തര മാനുഷിക ഇടനാഴി ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുദ്ധത്തടവുകാരുടെ മോചനവും കുട്ടികളുടെ സ്വദേശത്തേക്കുള്ള മടക്കവും സാധാരണ ജനങ്ങളുടെ സംരക്ഷണവും മാനുഷിക സഹായവും വിവിധ കൂടിക്കാഴ്ചകളിലെ പ്രധാന വിഷയങ്ങളായിരുന്നു. സ്വന്തം കുടുംബത്തിലേക്കുള്ള സൈനികരുടെയും സാധാരണക്കാരുടെയും കുട്ടികളുടെയും മടക്കം സമാധാനത്തിലേക്കുള്ള ഒരു ചുവടുവയ്‌പ്പാണെന്ന് പറഞ്ഞ കാർഡിനാൾ സുപ്പി, സമാധാനത്തിനായുള്ള എല്ലാ ശ്രമങ്ങളും തുടരുമെന്നും അതു തന്നെയാണ് ലിയോ പതിനാലാമൻ പാപ്പാ ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി.

യുദ്ധത്തടവുകാരായി പിടിക്കപ്പെട്ടവരുടെയും, തട്ടിക്കൊണ്ടുപോകപ്പെട്ട കുട്ടികളുടെയും ഉൾപ്പെടെയുള്ള കുടുംബങ്ങൾ, അവരുടെ മടക്കത്തിനുവേണ്ടി പരിശുദ്ധ സിംഹാസനത്തിന്റെ ഇടപെടലുണ്ടാകണമെന്ന് കർദ്ദിനാൾ സൂപ്പിയോട് അഭ്യർത്ഥിച്ചു. ഉക്രൈനിലെ ജയിലുകളിലുള്ള യുദ്ധത്തടവുകാരെ സന്ദർശിച്ചതുപോലെ, റഷ്യയിലുള്ള സമാന തടവറകളിൽ കഴിയുന്ന ഉക്രയിൻകാരെയെയും സന്ദശിക്കണമെന്ന്, തടവുകാരുടെ ബന്ധുക്കൾ അപേക്ഷിച്ചു. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

17 ജൂലൈ 2026, 13:19