തിരയുക

വൈദികർക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ ലാസറോ യൂ ഹ്യുങ്-സിക് വൈദികർക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ ലാസറോ യൂ ഹ്യുങ്-സിക്  

ദൈവവിളിയുടെ സത്തയിലേക്ക് മടങ്ങുക: വൈദികരോട് കർദ്ദിനാൾ യൂ

ജൂലൈ 13 മുതൽ 16 വരെ തീയതികളിലായി ആഘോഷിക്കപ്പെട്ട പാരഗ്വായിലെ ദേശീയ വൈദികദിനത്തിലേക്ക് വൈദികർക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ ലാസറോ യൂവിന്റെ സന്ദേശം. വൈദികപരിശീലനം, പ്രാർത്ഥന, വൈദികർക്കിടയിലെ ഐക്യം തുടങ്ങിയ വിഷയങ്ങളിൽ അധിഷ്തിതമായ ഈ ആഘോഷപരിപാടികളിൽ സംബന്ധിച്ച വൈദികരോട്, ദൈവവിളിയുടെ സത്തയിലേക്ക് മടങ്ങാൻ കർദ്ദിനാളിന്റെ ആഹ്വാനം.

വത്തിക്കാൻ ന്യൂസ്

മതനിരപേക്ഷതയും വലിയ സാമൂഹികമാറ്റങ്ങളും നിറഞ്ഞ ഇക്കാലത്ത്, തങ്ങളുടെ ദൈവവിളിയുടെ സത്തയിലേക്ക് മടങ്ങാനും, ക്രിസ്തുവിന്റെ മാതൃകയിൽ സേവനം തുടരാനും വൈദികരെ ആഹ്വാനം ചെയ്‌ത്‌ കർദ്ദിനാൾ ലാസറോ യൂ. തെക്കേ അമേരിക്കൻ രാജ്യമായ പാരഗ്വായിൽ ജൂലൈ 13 മുതൽ 16 വരെ തീയതികളിലായി ആഘോഷിക്കപ്പെട്ട ദേശീയ വൈദികദിനത്തിലേക്കായി നൽകിയ സന്ദേശത്തിലാണ്, വൈദികർക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ ലാസറോ യൂ ഹ്യുങ്-സിക് ഇത്തരമൊരു ആഹ്വാനം നൽകിയത്.

ദേശീയ വൈദികദിനത്തിന്റെ ഭാഗമായി, പാരഗ്വായ് മെത്രാൻ സമിതിയുടെ ദേശീയ വൈദിക അജപാലന ഓഫീസ് സംഘടിപ്പിച്ച ഈ സമ്മേളനത്തിൽ, വൈദികപരിശീലനം, പ്രാർത്ഥന, വൈദികർക്കിടയിലെ ഐക്യം തുടങ്ങിയ വിഷയങ്ങളിൽ അധിഷ്തിതമായ ധ്യാനമുൾപ്പെടെയുള്ള വിവിധ പരിപാടികളിൽ രാജ്യത്തെ വൈദികർ പങ്കെടുത്തു. അസംപ്‌ഷനിലുള്ള ഔർ ലേഡി മേജർ സെമിനാരിയിൽ സംഘടിപ്പിക്കപ്പെട്ട ഈ സംരംഭം, “സമകാലീന സാഹചര്യത്തിൽ വൈദികരുടെ വ്യക്തിത്വവും ശുശ്രൂഷയുടെ പ്രത്യേകതകളും" എന്ന പ്രമേയത്തെ ആധാരമാക്കിയാണ് നടന്നത്.

വൈദികർ വെറും ജോലിക്കാരോ, ഏതെങ്കിലുമൊരു സമൂഹത്തിന്റെ പ്രതിനിധികളോ അല്ലെന്നും, അവർ ക്രിസ്തുവുമായി കൗദാശികമായി അനുരൂപപ്പെട്ട വ്യക്തികളാണെന്നും ദൈവജനത്തിനായി പൂർണ്ണമായി സമർപ്പിക്കപ്പെട്ട ജീവിതത്തിലൂടെ നല്ലിടയനായ ക്രിസ്തുവിനെ ജനത്തിന് മുന്നിൽ അവതരിപ്പിക്കാൻ വിളിക്കപ്പെട്ടവരാണെന്നും കർദ്ദിനാൾ ലാസറോ യൂ തന്റെ സന്ദേശത്തിൽ വ്യക്തമാക്കി.

പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായും വൈദികർക്കായുള്ള ഡികാസ്റ്ററിയും രാജ്യത്തെ പുരോഹിതർക്കൊപ്പമുണ്ടെന്ന് കർദ്ദിനാൾ ലാസറോ യൂ ഉറപ്പുനൽകി. പൗരോഹിത്യത്തോടുള്ള വിശ്വസ്തതയും പൊതുനന്മയ്ക്കായുള്ള ശുശ്രൂഷയും നല്ലിടയനായ ക്രിസ്തുവിന്റെ ഹൃദയത്തോട് ചേർന്ന് നിന്നാണ് യാഥാർത്ഥ്യമാക്കാൻ സാധിക്കുകയെന്ന് ലിയോ പതിനാലാമൻ പാപ്പായുടെ ഉദ്ബോധനങ്ങളെ അധികരിച്ച് അദ്ദേഹം ഓർമ്മിപ്പിച്ചു.

കാര്യക്ഷമത മാത്രം ലക്ഷ്യമാക്കിയുള്ള വൈദിക ശുശ്രൂഷ, അജപാലനരംഗത്തെ വ്യക്തിപരമായ പ്രകടനവും ഫലങ്ങളും അടിസ്ഥാനമാക്കി പൗരോഹിത്യത്തെ വിലയിരുത്തുന്നത്, നിരുത്സാഹത്തിലേക്ക് നയിക്കുന്ന നിഷ്‌ക്രിയത്വം, പൗരോഹിത്യ സാക്ഷ്യം ഇല്ലാതാക്കുന്ന അമിതമായ ആത്മീയ മിതത്വം തുടങ്ങിയ പ്രലോഭനങ്ങളിൽനിന്ന് മാറിനിൽക്കണമെന്ന് ഡികാസ്റ്ററി അദ്ധ്യക്ഷൻ വൈദികരെ ഉദ്‌ബോധിപ്പിച്ചു.

പൗരോഹിത്യം ഒരു തൊഴിലല്ലെന്നും, ശുശ്രൂഷിക്കപ്പെടാനെന്നതിനേക്കാൾ ശുശ്രൂഷിക്കാനായെത്തിയ ക്രിസ്തുവിന്റെ മാതൃകയിലുള്ള സേവനമാർഗ്ഗമാണെന്നും കർദ്ദിനാൾ ലാസറോ യൂ ഓർമ്മിപ്പിച്ചു. പാവപ്പെട്ടവർക്കും യുവജനങ്ങൾക്കും, ദുർബലരും പാവപ്പെട്ടവരുമായ മനുഷ്യർക്കും കുടുംബങ്ങൾക്കും സമീപസ്ഥരായിരിക്കാനും, നീതിയും സുതാര്യതയും പ്രോത്സാഹിപ്പിക്കാനും, സുവിശേഷത്തിന്റെയും സഭാപ്രബോധനങ്ങളുടെയും അടിസ്ഥാനത്തിൽ മനഃസാക്ഷികളെ രൂപീകരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

ദൈവവിളികൾ പ്രോത്സാഹിപ്പിക്കുന്നതിൽ, സന്തോഷവും സുവിശേഷത്തോടുള്ള താത്പര്യവും സ്വന്തമായുള്ള വൈദികരുടെ സാക്ഷ്യത്തിന്റെ പ്രാധാന്യവും ഡികാസ്റ്ററി അദ്ധ്യക്ഷൻ പ്രത്യേകം പരാമർശിച്ചു. വിശ്വാസത്തിലും പ്രാർത്ഥനയിലും അടിയുറച്ച ഒരു സമൂഹമാണ്, യുവജനങ്ങൾക്ക് തങ്ങളുടെ വിളി ശ്രവിക്കാനും, അതിനോട് തുറന്ന മനസ്സോടെ പ്രത്യുത്തരിക്കാനും സഹായിക്കുന്ന ഇടമെന്ന് കർദ്ദിനാൾ ലാസറോ യൂ ഓർമ്മിപ്പിച്ചു.

വിശുദ്ധരും വിശ്വസ്തരും സന്തോഷവാന്മാരുമായ ഇടയന്മാരായിരുന്നുകൊണ്ട്, ക്രിസ്തുവിനോടുള്ള വിശ്വസ്തതയിൽ ജീവിക്കാനും സഭയുടെ ഭാവിയ്ക്കായി അദ്ധ്വാനിക്കാനും ലിയോ പതിനാലാമൻ പാപ്പായെ അധികരിച്ച് കർദ്ദിനാൾ ലാസറോ യൂ വൈദികരോട് ആവശ്യപ്പെട്ടു. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

17 ജൂലൈ 2026, 13:15