പാകിസ്ഥാൻ: ക്രൈസ്തവകുടുംബത്തിനെതിരെയുള്ള ആക്രമണസാധ്യത ഒഴിവാക്കി മതാന്തരസഹകരണം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
മതവിരുദ്ധപ്രവർത്തനങ്ങൾ ആരോപിക്കപ്പെട്ട് ക്രൈസ്തവർ ആക്രമണങ്ങളും ശിക്ഷകളും അഭിമുഖീകരിക്കേണ്ടിവരുന്നുണ്ടെങ്കിലും, കഴിഞ്ഞ ദിവസം രാജ്യത്ത് ഒരു ക്രൈസ്തവകുടുംബം ഇസ്ലാം മതനേതൃത്വത്തിന്റെയും പ്രാദേശികസർക്കാരിന്റേയും ഇടപെടലോടെ മതനിന്ദയുടെ പേരിലുള്ള ആക്രമണഭീഷണിയിൽനിന്ന് രക്ഷപെട്ടുവെന്ന്, പാകിസ്ഥാനിലെ പ്രാദേശിക കത്തോലിക്കാസഭ അറിയിച്ചു. കറാച്ചിയിലുള ബാൽദിയ (Baldia) നഗരത്തിൽ അടുത്തിടെ ഖുറാനെതിരെ അവഹേളനം നടന്നുവെന്ന പേരിൽ ആക്രമണഭീഷണി നേരിട്ട ഒരു കുടുംബമാണ് ഇത്തരമൊരു മതാന്തരസൗഹൃദ ഇടപെടലോടെ രക്ഷപെട്ടത്.
ബാൽദിയ നഗരത്തിലെ ഖസാഫി കോളനിയിലെ (Qazafi Colony) അസീം ജാവേദിന്റെയും അമ്മയുടെയും ചിത്രങ്ങൾക്കൊപ്പം ഖുറാന്റെ ഒരു പേജ് പ്രദേശത്തുള്ള ഒരു കടയുടമയ്ക്ക് ആരോ അയച്ചതിന്റെ പേരിൽ, അദ്ദേഹത്തിന്റെ ഭവനത്തിന് ചുറ്റും ആക്രമണസന്നദ്ധരായി തടിച്ചുകൂടിയ ജനമാണ്, പ്രാദേശികഭരണനേതൃത്വത്തിന്റെയും, മുസ്ലിം നേതൃത്വത്തിന്റെയും, ഇസ്ലാമിക് സെമിനാരികളിൽനിന്നുള്ള വിദ്യാർത്ഥികളുടെയും ഉൾപ്പെടെയുള്ള ആളുകളുടെ ഇടപെടലിന്റെയും, സംഭവത്തിൽ പോലീസ് കൃത്യമായ അന്വേഷണം നടത്തുമെന്ന ഉറപ്പിന്റെയും പേരിൽ പിരിഞ്ഞുപോയത്.
ക്രൈസ്തവ കുടുംബങ്ങളെ സംരക്ഷിക്കാൻ മുസ്ലിം മതനേതാക്കളും പ്രാദേശിക രാഷ്ട്രീയ നേതാക്കളും മുന്നിട്ടിറങ്ങിയത് സ്വാഗതാർഹമാണെന്ന് കഴിഞ്ഞ ദിവസം വത്തിക്കാൻ ന്യൂസിനോട് സംസാരിക്കവെ, പ്രസ്താവിച്ച പാകിസ്ഥാനിലെ കത്തോലിക്കാ കമ്മീഷൻ ഫോർ പീസ് ആൻഡ് ജസ്റ്റിസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ നയീം യൂസഫ് ഗിൽ, ഇത് വിവിധ സമൂഹങ്ങൾ തമ്മിലുള്ള നല്ല ബന്ധം വളർത്താൻ സഹായിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു.
അതേസമയം, ഈ സംഭവത്തെ നിയമവാഴ്ച ശക്തിപ്പെടുന്നതിന്റെ തെളിവായി കാണാനാകില്ലെന്നും മതനിന്ദാ ആരോപണങ്ങൾ ഉയരുമ്പോഴെല്ലാം പാകിസ്താനിലെ ക്രൈസ്തവ സമൂഹം തങ്ങൾ സുരക്ഷിതരല്ലെന്ന ആശങ്കയിലാണ് കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനിൽ മതാന്തര സംവാദങ്ങൾ തുടരണമെന്നും, സർക്കാർ പൊതുജന ബോധവത്കരണ പരിപാടികൾ ആരംഭിക്കണമെന്നും, സമാനസാഹചര്യങ്ങളിൽ വിവേകത്തോടെ പ്രതികരിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുന്നതിനുവേണ്ടി, പാഠപുസ്തകങ്ങൾ, ടെലിവിഷൻ, സമൂഹമാധ്യമങ്ങൾ എന്നിവയിലൂടെ ഉദ്‌ബോധനം നടത്തണമെന്നും ഗിൽ ആവശ്യപ്പെട്ടു. ജരൺവാല, ഗോജ്ര പോലെയുളള ഇടങ്ങളിൽ നടന്ന ആക്രമണസംഭവങ്ങൾ ഇനിയും അവർത്തിക്കപ്പെടരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.