സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാൻ ഡികാസ്റ്ററി പ്രൊ. പ്രീഫെക്ട് കർദ്ദിനാൾ ലൂയിസ് അന്റോണിയോ താഗ്ലെ സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാൻ ഡികാസ്റ്ററി പ്രൊ. പ്രീഫെക്ട് കർദ്ദിനാൾ ലൂയിസ് അന്റോണിയോ താഗ്ലെ  (AFP or licensors)

ഏഷ്യയിലെ പ്രാദേശികസഭകൾ ഐക്യത്തോടെ ഒരുമിച്ച് നടക്കാൻ പഠിക്കണം: കർദ്ദിനാൾ താഗ്ലെ

ഏഷ്യയിലെ സഭാസമൂഹം ഒരുമിച്ച് നടക്കാൻ ശിശുക്കളുടെ പ്രഥമ ചുവടുകൾ കണ്ടുപഠിക്കണമെന്ന് സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാൻ ഡികാസ്റ്ററി പ്രൊ. പ്രീഫെക്ട് കർദ്ദിനാൾ ലൂയിസ് അന്റോണിയോ താഗ്ലെ. ഏഷ്യൻ മെത്രാൻസമിതികളുടെ ഫെഡറേഷൻ അതിന്റെ പന്ത്രണ്ടാമത് പ്ലീനറി അസംബ്ലിയുടെ ഭാഗമായി ജക്കാർത്തയിൽ ഒരുമിച്ചുകൂടിയ അവസരത്തിൽ ജൂലൈ 22-ന് നടന്ന ധ്യാനത്തിന് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഏഷ്യയിലെ സഭ ഒരുമിച്ച് സഞ്ചരിക്കാനും, സിനഡാത്മകമായി പ്രവർത്തിക്കാനും കൂടുതലായി പരിശ്രമിക്കണമെന്ന് സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാൻ ഡികാസ്റ്ററി പ്രൊ. പ്രീഫെക്ട് കർദ്ദിനാൾ ലൂയിസ് അന്റോണിയോ താഗ്ലെ (Card. Luis Antonio Tagle). ഏഷ്യൻ മെത്രാൻസമിതികളുടെ ഫെഡറേഷൻ (The Federation of Asian Bishops’ Conferences - FABC), അതിന്റെ പന്ത്രണ്ടാമത് പ്ലീനറി സമ്മേളനത്തിന്റെ ഭാഗമായി ജക്കാർത്തയിൽ ഒരുമിച്ച് കൂടിയ അവസരത്തിൽ, ജൂലൈ 22 ബുധനാഴ്ച നടന്ന ധ്യാനത്തിൽ പ്രാരംഭപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഏഷ്യൻ സഭകൾ ഒരുമയിൽ വിശ്വാസ യാത്ര നടത്താനും പരസ്പരബന്ധത്തിന്റെ പാലങ്ങൾ പണിയാനും പരിശ്രമിക്കണമെന്ന് ഉദ്‌ബോധിപ്പിച്ച കർദ്ദിനാൾ താഗ്ലെ, വെറും ഘടനാപരമായ അജപാലന പദ്ധതികളിലേക്കോ പ്രവർത്തനരീതികളിലേക്കോ മാത്രം ഒതുങ്ങിയ ഒന്നാകരുത് സഭയുടെ ദൗത്യമെന്നും, യേശുക്രിസ്തുവുമായുള്ള ആഴമേറിയ ബന്ധത്തിനും മനുഷ്യർ തമ്മിലുള്ള സൗഹൃദാനുഭവത്തിനും പ്രാധാന്യം കൊടുക്കുന്നതാകണം അതെന്നും ഓർമ്മിപ്പിച്ചുവെന്ന്, ഫീദെസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

സിനഡാത്മകതയുടെ അർത്ഥം "ഒരുമിച്ച് നടക്കുക" എന്നതുകൂടിയാണെന്ന് അഭിപ്രായപ്പെട്ട കർദ്ദിനാൾ താഗ്ലെ, ഒരു കുഞ്ഞിന്റെ ആദ്യ ചുവടുവയ്പുകൾക്ക്, സന്തുലിതാവസ്ഥയും ഏകോപനവും ആത്മവിശ്വാസവും എത്രമാത്രം പ്രധാനപ്പെട്ടതാണോ, അതുപോലെ സഭയുടെ കൂട്ടായ്മയ്ക്കും ആത്‌മീയമായ ശക്തിയും പരസ്പര വിശ്വാസവും പങ്കുവയ്ക്കലും പ്രധാനപ്പെട്ടതാണെന്ന് ഓർമ്മിപ്പിച്ചു.

സഭാപ്രവർത്തനങ്ങളുടെയും സിനാഡാത്മകതയുടെയും വിജയത്തെ, വേഗതയോ കാര്യക്ഷമതയോ മാത്രം ഉപയോഗിച്ച് അളക്കരുതെന്നും, കരുണാപൂർവ്വമായ സഹകരണത്തോടെയുള്ള യാത്ര ഏറെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പ്രസ്താവിച്ചു. 

96 വയസ്സുള്ള തന്റെ മാത്രപിതാക്കളുടെ ശാരീരികമായ ബുദ്ധിമുട്ടുകളെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, അവരോടൊപ്പമായിരുന്നും, അവരുടെ കരം പിടിച്ച് അവർ ഒറ്റയ്ക്കല്ലെന്ന് ഉറപ്പുനൽകിയുമാണ് അവർക്കൊപ്പം സഞ്ചരിക്കേണ്ടതെന്ന് പറഞ്ഞ കർദ്ദിനാൾ, അധുനികലോകത്തിന്റെ സ്വാർത്ഥതാമനോഭാവത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി. ബുദ്ധിമുട്ടുന്നവർക്കും പിന്നിലായിപ്പോയവർക്കും പരിഗണന നൽകുകയും അവരോടൊപ്പമായിരിക്കുകയും ചെയ്യാനുള്ള സഭയുടെ ഉത്തരവാദിത്വത്തിലേക്കും അദ്ദേഹം ശ്രദ്ധ ക്ഷണിച്ചു.

ദൈവത്തെയും മനുഷ്യരെയും പരസ്പരം ബന്ധിപ്പിക്കുന്ന പാലം യേശുക്രിസ്തുവാണെന്ന് ഓർമ്മിപ്പിച്ച കർദ്ദിനാൾ താഗ്ലെ, അതേസമയം, അവൻ തന്നെയാണ് പരസ്പര ബന്ധത്തിന്റെ പാലങ്ങൾ നിർമ്മിക്കുന്നതെന്ന് പ്രസ്താവിച്ചു. ഐക്യം പ്രോത്സാഹിപ്പിക്കാനുള്ള സഭയുടെ കടമയെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ട്, സഭാനേതൃത്വങ്ങൾ ബാബേൽ ഗോപുരങ്ങൾ  പണിയാതെ, സ്നേഹം സത്യം നീതി സമാധാനം എന്നീ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഐക്യത്തിന്റെ ഭവനവും പരസ്പരബന്ധത്തിന്റെ പാലങ്ങളുമാണ് പണിയേണ്ടതെന്ന് പരിശുദ്ധ പിതാവിന്റെ പ്രതിനിധി ഓർമ്മിപ്പിച്ചു. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

23 ജൂലൈ 2026, 13:53