തിരയുക

അന്റോണിയോ പ്രെത്സിയോസിയുടെ പുസ്തകത്തിന്റെ പ്രസിദ്ധീകരണച്ചടങ്ങിൽനിന്നുള്ള ഒരു ദൃശ്യം അന്റോണിയോ പ്രെത്സിയോസിയുടെ പുസ്തകത്തിന്റെ പ്രസിദ്ധീകരണച്ചടങ്ങിൽനിന്നുള്ള ഒരു ദൃശ്യം  (ANSA)

പത്രോസിന്റെ പിൻഗാമികൾ ലോക സമാധാനവും ഐക്യവും പ്രോത്സാഹിപ്പിക്കാനാണ് ശ്രമിച്ചത്: കർദ്ദിനാൾ പരൊളീൻ

അന്റോണിയോ പ്രെത്സിയോസി എന്ന മാദ്ധ്യമപ്രവർത്തകൻ പുറത്തിറക്കിയ "സമാധാനത്തിന്റെ ഈസ്റ്റർ: ജോൺ ഇരുപത്തിമൂന്നാമൻ മുതൽ ലിയോ പതിനാലാമൻ വരെ, 2033-ലെ ജൂബിലിയിലേക്ക്" എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണച്ചടങ്ങിൽ, കഴിഞ്ഞ അര നൂറ്റാണ്ടിനുള്ളിൽ വിവിധ പാപ്പാമാർ നടത്തിയ പ്രധാന സമാധാനപരിശ്രമങ്ങളിലേക്ക് വിരൽ ചൂണ്ടി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ. ഇറ്റലിയുടെ ഉപപ്രധാനമന്ത്രി അന്റോണിയോ തജാനിയും ചടങ്ങിൽ പങ്കെടുത്തു.

എദ്വാർദോ ഗ്രിബാൾദി, മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

രണ്ടാം വത്തിക്കാൻ കൗൺസിലിന് ശേഷം, പത്രോസിന്റെ പിൻഗാമികളുടെ ചരിത്രം, ആഗോള ഐക്യമെന്ന സ്വർണ്ണചരടിൽ കോർക്കപ്പെട്ടതാണെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ. "സമാധാനത്തിന്റെ ഈസ്റ്റർ: ജോൺ ഇരുപത്തിമൂന്നാമൻ മുതൽ ലിയോ പതിനാലാമൻ വരെ, 2033-ലെ ജൂബിലിയിലേക്ക്" എന്ന പേരിൽ അന്റോണിയോ പ്രെത്സിയോസി എന്ന മാദ്ധ്യമപ്രവർത്തകൻ പുറത്തിറക്കിയ പുസ്തകത്തിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് ജൂലൈ 22 ബുധനാഴ്ച റോമിൽ നടന്ന ചടങ്ങിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി. മാനവികതയ്ക്ക് ചേരാത്ത യുദ്ധം അവസാനിപ്പിക്കാൻ സമാധാനത്തിന്റെ ഒരു ഈസ്റ്ററാണ് നമുക്ക് ആവശ്യമെന്ന്, പുസ്തകത്തിന്റെ തലക്കെട്ട് കൂടി പരാമർശിച്ചുകൊണ്ട് അദ്ദേഹം പ്രസ്താവിച്ചു.

രണ്ടാം വത്തിക്കാൻ കൗൺസിലിന് ശേഷമുള്ള പാപ്പാമാരുടെ ചരിത്രത്തിലൂടെ മുന്നോട്ട് നീങ്ങുമ്പോൾ, 1963-ൽ "പാചെം ഇൻ തേറിസ് " (Pacem in terris), പോൾ ആരാമം പാപ്പായുടെ "ഇനിയൊരിക്കലും യുദ്ധം വേണ്ട" എന്ന ആഹ്വാനം, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ അസ്സീസി സമാധാന പ്രാർത്ഥനാസംഗമം, ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ മതാന്തര സംവാദശ്രമങ്ങൾ, ഫ്രാൻസിസ് പാപ്പായുടെ "പലയിടങ്ങളിലായി ചിതറിയ ലോകയുദ്ധം" തുടങ്ങിയ കാര്യങ്ങൾ നമുക്ക് മുന്നിലുണ്ടെന്ന്, പാപ്പാമാരുടെ സമാധാനസ്ഥാപനശ്രമങ്ങളെയും, ഐക്യത്തിനായുള്ള ആഹ്വാനത്തെയും കുറിച്ച് പ്രതിപാദിച്ചുകൊണ്ട് കർദ്ദിനാൾ പരൊളീൻ പ്രസ്താവിച്ചു. ലോകസൗഹൃദത്തിന്റെ അടിത്തറയായി ഇത്തരം ശ്രമങ്ങൾ മാറിയിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ലിയോ പതിനാലാമൻ പാപ്പായും സമാധാനവും സംവാദങ്ങളും തന്റെ ശുശ്രൂഷയുടെ മുഖ്യസന്ദേശങ്ങളിലൊന്നായി മുന്നോട്ട് വയ്ക്കുന്നുണ്ടെന്ന കാര്യം പരാമർശിച്ച വത്തിക്കാൻ നയതന്ത്രജ്ഞൻ കൂടിയായ സ്റ്റേറ്റ് സെക്രെട്ടറി, സ്റ്റോക്ക്ഹോം എക്യുമെനിക്കൽ വാരത്തിലേക്കായി പാപ്പാ നൽകിയ സന്ദേശം പരാമർശിച്ചുകൊണ്ട്, ക്രിസ്തുവിന്റെ അനുയായികൾ അനുരഞ്ജനത്തിന്റെ ശില്പികളാകണമെന്ന് ഓർമ്മിപ്പിച്ചു. മനുഷ്യസ്നേഹപരമായ പ്രതിബദ്ധതയും സംഘർഷങ്ങൾ മറികടക്കാനുള്ള ശ്രമവും സമാധാനനിർമാണത്തിന് വഴിയൊരുക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.

325-ൽ നടന്ന നിഖ്യ കൗൺസിൽ മുതൽ 2033-ലെ ജൂബിലി വരെയുള്ള എക്യൂമെനിസത്തിന്റെ യാത്രയാണ് പ്രെത്സിയോസിയുടെ പുസ്തകം അവതരിപ്പിക്കുന്നതെന്ന് കർദ്ദിനാൾ പരൊളീൻ ചൂണ്ടിക്കാട്ടി. ക്രൈസ്തവർക്കിടയിലെ ചരിത്രപരമായ ഭിന്നതകൾ മറികടക്കാനും, സംവാദത്തിനും നയതന്ത്രത്തിനും വഴിയൊരുക്കാനും വേണ്ട പരിശ്രമങ്ങളുടെ പ്രാധാന്യവും, യുദ്ധമേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ട സമൂർത്തമായ ഇടപെടലുകളുടെ ആവശ്യവും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി ഓർമ്മിപ്പിച്ചു.

മനുഷ്യൻ തന്റെ ഇശ്ചാശക്തിയുപയോഗിച്ച്  സംഘർഷങ്ങൾ പരിഹരിക്കാൻ വേണ്ടി പരിശ്രമിക്കണമെന്ന് ആഹ്വാനം ചെയ്‌ത വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി, മാനവകുടുംബത്തിന്റെ ഐക്യമാണ് പ്രധാനപ്പെട്ടതെന്ന് ഓർമ്മിപ്പിച്ചു. ബഹുരാഷ്ട്രസഹകരണവുമായി ബന്ധപ്പെട്ടുള്ള പ്രതിസന്ധികൾ ആശങ്കയുണർത്തുന്നതാണെന്ന് പ്രസ്താവിച്ച അദ്ദേഹം, ഒരു "സമാധാനത്തിന്റെ ഈസ്റ്റർ" ഇക്കാലത്തിന്റെ ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു.,

ഇറ്റലിയുടെ ഉപപ്രധാനമന്ത്രി താജാനി

പ്രെത്സിയോസിയുടെ പുസ്തകപ്രസാധനച്ചടങ്ങിൽ സംബന്ധിച്ച ഇറ്റലിയുടെ ഉപപ്രധാനമന്ത്രിയും, വിദേശകാര്യങ്ങൾക്കും അന്താരാഷ്ട്രസഹകരണത്തിനുമായുള്ള മന്ത്രിയുമായ അന്റോണിയോ തജാനി, ഇതേ ദിവസം ലിയോ പതിനാലാമൻ പാപ്പാ, പരിശുദ്ധ ത്രിത്വത്തിന്റെ പേരിൽ വല്ലെപിയെത്രയിലുള്ള തീർഥാടനകേന്ദ്രത്തിലേക്ക് നടത്തിയ യാത്രയെ "സമാധാനത്തിന്റെ പ്രവർത്തനമെന്ന്" വിശേഷിപ്പിച്ചു. ജനതകൾക്കിടയിൽ ഐക്യമുണ്ടാകാൻ വേണ്ടി പരിശ്രമിക്കാൻ ക്രൈസ്തവർക്കുള്ള കടമയും അദ്ദേഹം തന്റെ പ്രഭാഷണത്തിൽ പരാമർശിച്ചു. ദൈവത്തിന്റെ പേരിൽ നടക്കുന്ന അക്രമം ദൈവത്തിനെതിരായ നടപടിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇറ്റലിയിലെ ദേശീയ ടെലിവിഷൻ ചാനലായ റായിയുടെ റ്റിജി2 (Tg2) എന്ന വാർത്താപരിപാടിയുടെ ഡയറക്ടറാണ് പ്രെത്സിയോസി. പരിശുദ്ധ സിംഹാസനത്തിലേക്കുള്ള ഇറ്റലിയുടെ എംബസ്സിയിൽ വച്ചായിരുന്നു പുസ്തകപ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട ഈ ചടങ്ങ് നടന്നത്. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

23 ജൂലൈ 2026, 13:51