പ്രത്യാശയുടെ പാലങ്ങൾ പണിയാൻ ക്രൈസ്തവരെ ആഹ്വാനം ചെയ്‌ത് കർദ്ദിനാൾ ചേർണി
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
പ്രത്യാശയുടെയും പരസ്പരസഹകരണത്തിന്റെയും പാലങ്ങൾ പണിയാനും ദൈവരാജ്യത്തിന്റെ ശുശ്രൂഷയിൽ തുടരാനും ക്രൈസ്തവരെ ആഹ്വാനം ചെയ്‌ത് കർദ്ദിനാൾ ചേർണി എസ്.ജെ. ആഫ്രിക്കയുടെ കിഴക്കുഭാഗത്തുള്ള ഒൻപത് മെത്രാൻസമിതികളെ ഉൾച്ചേർത്തുള്ള അസോസിയേഷന്റെ (Association of Member Episcopal Conferences in Eastern Africa - AMECEA) ഇരുപത്തിയൊന്നാമത് പ്ലീനറി സമ്മേളനത്തിന്റെ ഭാഗമായി ജൂലൈ പത്തൊൻപത് ഞായറാഴ്ച നെയ്‌റോബിയിൽ അർപ്പിക്കപ്പെട്ട വിശുദ്ധ ബലിമദ്ധ്യേ നൽകിയ സന്ദേശത്തിലാണ് ഇത്തരമൊരു ആഹ്വാനം അദ്ദേഹം മുന്നോട്ട് വച്ചത്.
ജൂലൈ 19 മുതൽ 26 വരെ, കിഴക്കൻ ആഫ്രിക്കയിലെ കത്തോലിക്കാ യൂണിവേഴ്സിറ്റിയിലാണ് കിഴക്കൻ ആഫ്രിക്കയിലെ മെത്രാൻസമിതികളുടെ അസോസിയേഷന്റെ ഈ സമ്മേളനം നടക്കുന്നത്. "യുവജനങ്ങൾക്കൊപ്പമുള്ള കിഴക്കൻ ആഫ്രിക്കയിലെ മെത്രാൻസമിതികളുടെ അസോസിയേഷന്റെ സിനഡാത്മകയാത്ര: ഐക്യത്തിന്റെയും പ്രത്യാശയുടെയും നീതിയുടെയും നല്ല ഭരണത്തിന്റെയും പാലങ്ങൾ പണിയുക" എന്ന പ്രമേയത്തിലാണ് സമ്മേളനം ഒരുക്കപ്പെട്ടിരിക്കുന്നത്.
ഞായറാഴ്ചയിലെ വിശുദ്ധബലിമദ്ധ്യേ വായിക്കപ്പെട്ട കളയും ഗോതമ്പും, കടുകുമണിയും, പുളിമാവും എന്നീ മൂന്ന് ഉപമകളെ അധിഷ്ഠിതമക്കി നടത്തിയ തന്റെ പ്രഭാഷണത്തിൽ, പ്രത്യാശയും ക്ഷമയും ഉൾച്ചേർന്ന ഒരു ജീവിതത്തിലൂടെ ദൈവരാജ്യത്തിന്റെ സന്ദേശം സാക്ഷാത്കരിക്കാൻ കർദ്ദിനാൾ ചേർണി ഏവരെയും ക്ഷണിച്ചു.
ലിയോ പതിനാലാമൻ പാപ്പായുടെ പ്രഥമ ചാക്രികലേഖനമായ മഞ്ഞീഫിക്ക ഉമാനിത്താസ് (Magnifica Humanitas) മുന്നോട്ടുവയ്ക്കുന്ന ഉദ്ബോധനങ്ങൾ പരാമർശിച്ചുകൊണ്ട്, ക്രൈസ്തവർ, വരാനിരിക്കുന്ന ദൈവരാജ്യത്തിന്റെ ശുശ്രൂഷകരാകാൻ വിളിക്കപ്പെട്ടവരാണെന്ന് സമഗ്രമാനവികവികസനത്തിനായുള്ള ഡികാസ്റ്ററി അദ്ധ്യക്ഷൻ ഓർമ്മിപ്പിച്ചു. ചെറിയ തുടക്കങ്ങളിൽനിന്നുപോലും വളരുന്ന ദൈവരാജ്യത്തിന്റെ പ്രത്യാശയെ ഓർമ്മിപ്പിക്കുന്നതാണ് കടുകുമണിയുടെ ഉപമയെന്നും, തിന്മയെ അപലപിക്കുന്നതിലേക്ക് ഒതുങ്ങാതെ, ദൈവം തുറന്നുതരുന്ന പുതിയ മാർഗ്ഗങ്ങൾ തിരിച്ചറിയാൻ വേണ്ടി പരിശ്രമിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.
കളകളെക്കുറിച്ചുള്ള ഉപമ പരാമർശിച്ചുകൊണ്ട്, നീതി സ്ഥാപിക്കുന്നതിൽ ക്ഷമയും വിവേകവും അനിവാര്യമാണെന്ന് കർദ്ദിനാൾ ചേർണി ചൂണ്ടിക്കാട്ടി. സംഘർഷങ്ങൾ പരിഹരിക്കുന്നതിലും, വിശ്വാസബന്ധങ്ങൾ പുനഃനിർമ്മിക്കുന്നതിലും സംവാദങ്ങൾക്കും നയതന്ത്രപരമായ സമീപനത്തിനും ഉള്ള സ്ഥാനവും പ്രാധാന്യവും, ലിയോ പതിനാലാമൻ പാപ്പായുടെ ഉദ്ബോധനങ്ങളെയും പ്രഭാഷണങ്ങളെയും അധികരിച്ച് അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു. സംഘർഷങ്ങളിലായിരിക്കുന്നവർക്കിടയിലെ സദുദ്ദേശത്തിന്റെ ചെറിയ അടയാളങ്ങളെ വളർത്തിയെടുക്കാൻ, ക്ഷമയും എളിമയും ഏറെ പ്രധാനപ്പെട്ടതാണെന്ന് കർദ്ദിനാൾ ഓർമ്മിപ്പിച്ചു.
മാവിൽ പുളിമാവിന്റെ പ്രവർത്തനത്തെക്കുറിച്ച് പറഞ്ഞുകൊണ്ട്, പരിശുദ്ധാത്മാവിന്റെ പ്രവർത്തനം പോലെ, ലോകത്തെ ഉള്ളിൽനിന്ന് ശാന്തമായി രൂപപ്പെടുത്തുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുക എന്നതാണ് ക്രൈസ്തവരുടെ ദൗത്യമെന്ന് കർദ്ദിനാൾ ചേർണി ഓർമ്മിപ്പിച്ചു. സഭയും സമൂഹവും തമ്മിൽ ഐക്യത്തിന്റെയും പ്രത്യാശയുടെയും നീതിയുടെയും സദ്ഭരണത്തിന്റെയും പാലങ്ങൾ പണിയാനും, യുവജനങ്ങൾക്കൊപ്പം പ്രത്യാശയുടെ നൂലിഴകൾ പാകാനും അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു.
സുഡാൻ, തെക്കൻ സുഡാൻ, എത്യോപ്യ, ഉഗാണ്ട, കെനിയ, തൻസാനിയ, മലാവി, സാംബിയ എന്നീ രാജ്യങ്ങളിലെ മെത്രാൻസമിതികളും, ജിബൂത്തിയും സൊമാലിയയുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലെ മെത്രാന്മാരുമുൾപ്പെടെ ഏതാണ്ട് നൂറ്റിനാൽപ്പത് മെത്രാന്മാരുൾപ്പെടുന്നതാണ് കിഴക്കൻ ആഫ്രിക്കയിലെ മെത്രാൻസമിതികളുടെ അസോസിയേഷൻ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.