തിരയുക

ദിവ്യബലിയർപ്പണവേളയിൽനിന്നുള്ള ഒരു ദൃശ്യം ദിവ്യബലിയർപ്പണവേളയിൽനിന്നുള്ള ഒരു ദൃശ്യം 

ഉക്രൈൻ നേരിടുന്ന ആക്രമണഭീകരത: കർമ്മലമാതാവിന് മുന്നിൽ സമാധനാഭ്യർത്ഥനയുമായി ആർച്ച്ബിഷപ് ഗാല്ലഗർ

ലിയോ പതിനാലാമൻ പാപ്പായുടെ പ്രതിനിധിയായി ഉക്രൈനിലെത്തിയ ആർച്ച്ബിഷപ് ഗാല്ലഗർ, ബെർദിച്ചീവിൽ കർമ്മലമാതാവിന്റെ പേരിലുള്ള തീർത്ഥാടനകേന്ദ്രത്തിൽ വിശുദ്ധ ബലിയർപ്പിക്കുകയും സമാധാനത്തിനായി പ്രാർത്ഥിക്കുകയും ചെയ്തു. ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത ഈ ദിവ്യബലിമധ്യേ, പ്രത്യാശയിൽ തുടരാൻ ഏവരെയും ആഹ്വാനം ചെയ്ത വത്തിക്കാൻ നയതന്ത്രജ്ഞൻ, പരിശുദ്ധ പിതാവിന്റെ ആത്മീയ ഐക്യദാർഢ്യം ഏവർക്കും വാഗ്ദാനം ചെയ്തു.

റോബേർത്തോ പാല്യലോങ്ക, മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സമാധാനത്തിനായി പ്രാർത്ഥിച്ചും, പരിശുദ്ധ പിതാവിന്റെ ആത്മീയ ഐക്യദാർഢ്യം ഏവർക്കും ഉറപ്പുനൽകിയും വത്തിക്കാനും മറ്റു രാജ്യങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള സെക്രെട്ടറി ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഗർ. ഉക്രൈനിലെ ലത്തീൻ സഭാസംവിധാനം പുനഃസ്ഥാപിക്കപ്പെട്ടതിന്റെ മുപ്പത്തിയഞ്ചാം വാർഷികത്തിന്റെ അവസരത്തിൽ, പാപ്പായുടെ പ്രത്യേക പ്രതിനിധിയായി അയക്കപ്പെട്ട അദ്ദേഹം, ബെർദിച്ചീവിൽ കർമ്മലമാതാവിന്റെ പേരിലുള്ള തീർത്ഥാടനകേന്ദ്രത്തിൽ വിശുദ്ധ ബലിയർപ്പിച്ച വേളയിലാണ്, സമാധാനത്തിനായി പ്രാർത്ഥിക്കുകയും, പ്രത്യാശ കൈവിടാതെ മുന്നോട്ട് പോകാൻ ആഹ്വാനം നൽകുകയും ചെയ്തത്.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ സന്ദർശനത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികം കൂടിയായിരുന്ന ഈ അവസരത്തിൽ, തുറന്ന സ്ഥലത്ത് അർപ്പിക്കപ്പെട്ട ഈ വിശുദ്ധ ബലിയിൽ, ഏതാനും വർഷങ്ങളായി തുടരുന്ന റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ ഭീതിയിലായിരുന്നിട്ടും, ശനിയാഴ്ച വൈകിട്ടും കീവിന് നേരെ കനത്ത മിസൈൽ ആക്രമണങ്ങൾ ഉണ്ടായിട്ടും, ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. രാജ്യത്തേക്കുള്ള നൂൺഷ്യോ ആർച്ച്ബിഷപ് വിസ്‌വാൾദാസ് കുൽബോക്കാസും ചടങ്ങുകളിൽ സംബന്ധിച്ചു.

ഉക്രൈനും, ലോകത്തിനും സമാധാനം ലഭിക്കട്ടെയെന്ന് ആശംസിച്ച ആർച്ച്ബിഷപ് ഗാല്ലഗർ, യുദ്ധത്തിന്റെ ഇരകൾക്കും അവരുടെ പ്രിയപ്പെട്ടവർക്കും ഒപ്പമാണ് സഭ നിലകൊള്ളുന്നതെന്ന് വ്യക്തമാക്കി. ഏവർക്കും പരിശുദ്ധ പിതാവ് തന്റെ ആത്മീയ സാമീപ്യം ഉറപ്പുനല്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ശനിയാഴ്ച വൈകുന്നേരത്തിനും ഞായറാഴ്ച പ്രഭാതത്തിനുമിടയിൽ ഏതാണ്ട് നാൽപ്പതോളം ബാലിസ്റ്റിക് മിസൈലുകളാണ് റഷ്യ ഉക്രൈനുനേരെ അയച്ചത്. ഇതിൽ ചിലവ, ആർച്ച്ബിഷപ് ഗാല്ലഗർ താമസിച്ചിരുന്ന അപ്പസ്തോലിക നൂൺഷ്യേച്ചറിനരികിലും വീണിരുന്നു.

നിരാശയിൽപ്പെടാതെ പ്രാർത്ഥനയിൽ സ്ഥിരതയോടെ തുടരാൻ, ഏലിയാ പ്രവാചകന്റെ വിശ്വാസവും സ്ഥിരോത്സാഹവും പരാമർശിച്ചുകൊണ്ട് ആർച്ച്ബിഷപ് ഗാല്ലഗർ ആഹ്വാനം ചെയ്തു. സമാധാനം ദൈവത്തിന്റെ ദാനമാണെന്ന വിശ്വാസത്തോടെയും നീതിപൂർവ്വമായ പ്രവർത്തനങ്ങളോടെയും വിനയപൂർണ്ണമായ പ്രാർത്ഥനയോടെയും വേണം മുന്നോട്ട് പോകേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

യുദ്ധങ്ങളോ സംഘർഷങ്ങളോ ദുരിതങ്ങളോ ദൈവമക്കളെന്ന നിലയിൽ മനുഷ്യർക്കുള്ള അന്തസ്സിനെ ഇല്ലാതാക്കുന്നില്ലെന്ന് ഓർമ്മിപ്പിച്ച വത്തിക്കാൻ നയതന്ത്രജ്ഞൻ, പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥ്യം വിശ്വാസികളുടെ പ്രത്യാശയെ ശക്തിപ്പെടുത്തുന്നതാണെന്ന് കൂട്ടിച്ചേർത്തു.

ഉക്രൈനിലെ ഗ്രീക്ക് കത്തോലിക്കാസഭാദ്ധ്യക്ഷൻ മേജർ ആർച്ച്ബിഷപ് സ്വിയാത്തോസ്ളാവ് ഷെവ്ചുക്ക്, പ്രാദേശികഭരണനേതൃത്വത്തിന്റെ പ്രതിനിധികൾ തുടങ്ങിയവരും ഈ പ്രാർത്ഥനാസമ്മേളനത്തിൽ സംബന്ധിച്ചിരുന്നു. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

20 ജൂലൈ 2026, 13:38