തിരയുക

ലിയോ പതിനാലാമൻ പാപ്പാ ലിയോ പതിനാലാമൻ പാപ്പാ  (ANSA)

നല്ല വിത്തും പുളിമാവും പോലെ ദൈവരാജ്യത്തിന്റെ വ്യാപനത്തിൽ പങ്കുചേരുക: ലിയോ പതിനാലാമൻ പാപ്പായുടെ ആഹ്വാനം

രണ്ടായിരത്തിയിരുപത്തിയാറ് ജൂലൈ പത്തൊൻപതാം തീയതി ഞായറാഴ്‌ച ഉച്ചയ്ക്ക് റോമിന് പുറത്ത് കാസ്തെൽ ഗന്തോൾഫോയിലുള്ള വേനൽക്കാലവസതിയ്ക്ക് മുന്നിലുള്ള ലിബർട്ടി ചത്വരത്തിൽ നൂറുകണക്കിന് വിശ്വാസികൾക്കൊപ്പം ത്രികാലജപപ്രാർത്ഥന നയിച്ച വേളയിൽ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ പങ്കുവച്ച ചിന്തകളുടെ മലയാള പരിഭാഷ. ഞായറാഴ്ചയിലെ സുവിശേഷത്തെ അധികരിച്ച് സംസാരിച്ച പാപ്പാ, സുവിശേഷത്തിന്റെ മുളച്ചുവരുന്ന ഒരു വിത്തും, ലോകത്തിന്റെ മാവിനെ രൂപാന്തരപ്പെടുത്തുന്ന പുളിമാവും ആയി ദൈവാരാജ്യവ്യാപനത്തിൽ പങ്കുചേരാൻ ഏവരെയും ക്ഷണിച്ചു.
പാപ്പായുടെ സന്ദേശം: ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

യൂറോപ്പിൽ വേനൽക്കാലമായതിനാൽ ലിയോ പതിനാലാമൻ പാപ്പാ ഈ ജൂലൈ മാസത്തിൽ, റോമിന് പുറത്ത് കാസ്തെൽ ഗന്തോൾഫോയിലുള്ള വേനൽക്കാലവസതിയിലാണ് താമസിക്കുന്നത്. അവിടെയുള്ള അപ്പസ്തോലികകൊട്ടാരത്തിന്റെ മുന്നിലെ ലിബർട്ടി ചത്വരത്തിലാണ് ഈ ഞായറാഴ്ച പരിശുദ്ധ പിതാവ് വത്തിക്കാനിൽ പതിവായി നടത്തി വന്നിരുന്ന പൊതുജനത്തിനൊപ്പമുള്ള ത്രികാലജപപ്രാർത്ഥന നയിച്ചത്. റോമിലെ കൊടും ചൂടിലും നൂറുകണക്കിന് തീർത്ഥാടകരും സന്ദർശകരും പരിശുദ്ധ പിതാവിനെ കാണാനും ഒപ്പം പ്രാർത്ഥിക്കാനും ആശീർവാദം സ്വീകരിക്കാനുമായി എത്തിയിരുന്നു.

ഉച്ചയ്ക്ക് കൃത്യം പന്ത്രണ്ട് മണിയായപ്പോൾ പരിശുദ്ധ പിതാവ് ഈ കൊട്ടാരത്തിന്റെ വാതിൽക്കലെത്തി, ഏവരെയും അഭിവാദ്യം ചെയ്യുകയും, ലത്തീൻ ആരാധനാക്രമപ്രകാരം ഈ ഞായറാഴ്ചയിലെ സുവിശേഷഭാഗമായ വിശുദ്ധ മത്തായിയുടെ സുവിശേഷം പതിമൂന്നാം അദ്ധ്യായം ഇരുപത്തിനാല് മുതൽ നാൽപ്പത്തിമൂന്ന് വരെയുളള തിരുവചനങ്ങളിൽ യേശു പറയുന്ന നല്ല വിത്തിന്‍റെയും, കളകളുടെയും, കടുകുമണിയുടെയും പുളിമാവിന്റെയും ഉപമകളും അവയുടെ വിശദീകരണങ്ങളും ഉൾപ്പെടുന്ന ഭാഗത്തെ ആധാരമാക്കി സന്ദേശം നൽകുകയും പ്രാർത്ഥന നയിക്കുകയും ചെയ്തു.

ഇറ്റാലിയൻ ഭാഷയിൽ പരിശുദ്ധ പിതാവ് നടത്തിയ പ്രഭാഷണത്തിന്റെ പരിഭാഷ ഇപ്രകാരമാണ്.

പ്രിയ സഹോദരീസഹോദരന്മാരെ, ശുഭഞായർ!

വിതക്കാരന്റെ ഉപമയ്ക്ക് ശേഷം, യേശു, നല്ല വിത്തിന്റെയും കളയുടെയും കടുകുമണിയുടെയും പുളിമാവിന്റെയും ഉദാഹരണങ്ങളിലൂടെ ജനക്കൂട്ടത്തോട് തുടർന്ന് സംസാരിക്കുന്നതാണ് വിശുദ്ധ മത്തായിയുടെ സുവിശേഷം പതിമൂന്നാമദ്ധ്യായം ഇരുപത്തിനാല് മുതൽ നാൽപ്പത്തിമൂന്ന് വരെയുള്ള തിരുവചനഭാഗത്ത് നാം കാണുന്നത് (മത്തായി 13:24-43).

ചരിത്രത്തിലേക്കുള്ള ദൈവരാജ്യത്തിന്റെ വരവിനെയും, മനുഷ്യരുടെ ജീവിതത്തിലെ അതിന്റെ പ്രവർത്തനത്തെയും, അത് എപ്രകാരം വളരുകയും വികസിക്കുകയും, ലോകത്തെ അതിനുള്ളിൽ നിന്നുകൊണ്ട് രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു എന്നതിനെയും കുറിച്ച് ഓർമ്മപ്പെടുത്താൻ വേണ്ടിയുള്ള മൂന്ന് ഉപമകളാണ് ഇവിടെയുള്ളത്. ശക്തിപ്രകടനത്തിലൂടെ സ്വയം അടിച്ചേൽപ്പിക്കുകയും, ആധിപത്യം സ്ഥാപിക്കാൻവേണ്ടി ഇടം കൈയ്യേറുകയും, വിജയശ്രീലാളിതനായി എത്തുകയും ചെയ്യുന്ന ശക്തനായ ഒരു വ്യക്തിയായി ദൈവത്തെക്കുറിച്ച് ചിന്തിക്കാനുള്ള പ്രലോഭനത്തെക്കുറിച്ച് ജാഗ്രതയുള്ളവരാക്കുകയാണ് യേശു ചെയ്യുന്നത്. നേരെ മറിച്ച് ദൈവം, തന്റെ സൗമ്യമായ സ്നേഹത്തിന്റെ അടയാളമായ എളിമയാണ് തിരഞ്ഞെടുക്കുന്നത്. അവനെ സ്വീകരിക്കാനോ നിരസിക്കാനോ ഉള്ള സ്വാതന്ത്ര്യം നൽകുന്നതാണ് ആ സ്നേഹം. കളകൾക്കിടയിൽപ്പോലും ഒരു മാർഗ്ഗം കണ്ടെത്താൻ ശ്രമിക്കുന്നതാണത്. ഏറ്റവും ചെറിയ വിത്തുപോലെയും, മാവിനുള്ളിൽ ശബ്ദകോലാഹലമൊന്നുമില്ലാതെ അതിനെ പുളിപ്പിച്ചുകൊണ്ടും, മറഞ്ഞും അദൃശ്യമായും അത് പ്രവർത്തിക്കുന്നു.

സഹോദരീസഹോദരന്മാരെ, ഈ ഉപമകളിലൂടെ, ദൈവം നമ്മുടെ ജീവിതത്തിലും ചരിത്രത്തിലും എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നതിനെക്കുറിച്ച് യേശു ഒരു പ്രധാനപ്പെട്ട കാര്യം നമ്മോട് പറയുന്നു. ചിലപ്പോൾ അനിതരസാധാരണമായ കാര്യങ്ങളാണ് നമ്മൾ പ്രതീക്ഷിക്കുന്നത്. സ്വർഗ്ഗത്തിൽ നിന്ന് ഇടപെട്ട് തിന്മയുടെ കളകളെ വേഗം പറിച്ചെറിയുന്ന ഒരു ദൈവത്തെയാണ് നാം ആഗ്രഹിക്കുന്നത്. ശക്തനും ബലവാനുമായ ഒരു ദൈവത്തെയാണ് നാം സങ്കൽപ്പിക്കുന്നത്. നിർഭാഗ്യവശാൽ, ഈ ഒരു സങ്കൽപ്പത്തിനോട് ചേർന്ന രീതിയിലാണ്, നാം ക്രൈസ്തവരായും സഭയായും ജീവിക്കുന്നത്. എന്നാൽ, ദൈവരാജ്യം കളകൾക്കിടയിലും വ്യാപിക്കുന്നുണ്ട്. എല്ലാത്തിനെയും വേഗത്തിലും വിധിക്കാതെ, തിന്മയുടെ അന്ധകാരങ്ങൾക്കിടയിലും മുളച്ചുപൊന്തുന്ന നന്മയെ തിരിച്ചറിയാൻ കഴിയുന്ന ഒരു കാഴ്ചപ്പാട് അത് നമ്മോട് ആവശ്യപ്പെടുന്നുണ്ട്. വിത്തുകളിൽ ഏറ്റവും ചെറിയതെന്നപോലെ വരുന്നതിനാൽത്തന്നെ അത്, ദൈനംദിനജീവിതത്തിന്റെ എളിമയിലും സാധാരണജീവിതത്തിന്റെ ലാളിത്യത്തിലും അതിനെ തിരിച്ചറിഞ്ഞ്, അതിന്റെ വളർച്ചയുടെ പ്രക്രിയയിൽ ക്ഷമയോടെ സഹകരിക്കാൻ നമ്മോട് ആവശ്യപ്പെടുന്നുണ്ട്. ധാന്യപ്പൊടിയിൽ പുളിമാവുപോലെ, അദൃശ്യമായി വളരുന്ന അത്, നമ്മെ നിരാശയിൽനിന്ന് സ്വാതന്ത്രരാക്കുകയും ദൈവം കൂടെയില്ലെന്ന് തോന്നുന്ന നിമിഷങ്ങളിൽപ്പോലും വിശ്വാസം കാത്തുസൂക്ഷിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. കാരണം, യഥാർത്ഥത്തിൽ ദൈവം എപ്പോഴും നമ്മെ അനുഗമിക്കുന്നുണ്ട്, അവന്റെ സ്നേഹം എല്ലായ്‌പ്പോഴും നമുക്കായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

ദൈവത്തിന്റെ ഈ ശൈലി നമുക്കും വ്യക്തിപരമായ രീതിയിലായാലും സഭയെന്ന രീതിയിലായാലും, നമുക്ക് ചുറ്റുമുള്ള യാഥാർത്ഥ്യത്തെ ജീവിക്കുന്ന ശൈലിയായി മാറണം. അഹങ്കാരപരമായ വിധിന്യായങ്ങളിലൂടെ തിടുക്കത്തിൽ എതിർക്കാതെയും അധികാരവും ബലവുമുപയോഗിച്ച് സ്വയം അടിച്ചേൽപ്പിക്കാതെയും, ദൈവത്തിന്റെ പ്രവർത്തനത്തിലുള്ള വിശ്വാസം നഷ്ടപ്പെടാതെയും, സുവിശേഷാത്മകമായ ഒരു ശൈലി ജീവിക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. കർദ്ദിനാളായിരുന്ന അവസരത്തിൽ റാറ്റ്‌സിംഗർ പറഞ്ഞിരുന്നതുപോലെ, വിജയത്തിന്റെയും മഹത്വത്തിന്റെയും യുക്തിയല്ലാത്ത, വിത്തിന്റെ യുക്തിക്ക് കീഴ്പ്പെടാൻ നാം തയ്യാറാകണം. അത് നമ്മോട് ആവശ്യപ്പെടുന്നത് ചെറുതാകാനും, മറ്റുള്ളവരുടെ ജീവിതത്തെ ശുശ്രൂഷിക്കാനുമാണ് (മതബോധകരുടെയും മതാധ്യാപകരുടെയും സമ്മേളനത്തിൽ നടത്തിയ പ്രഭാഷണം, 10 ഡിസംബർ 2000). ഈയൊരു ശൈലിയിൽ, നമ്മളും സുവിശേഷത്തിന്റെ മുളച്ചുവരുന്ന ഒരു വിത്തും, ലോകത്തിന്റെ മാവിനെ രൂപാന്തരപ്പെടുത്തുന്ന പുളിമാവും ആയി മാറും.

എളിമയിൽ വചനത്തിന്റെ വിത്തിനെ സ്വീകരിക്കാൻ കഴിഞ്ഞ പരിശുദ്ധ മറിയത്തോട്, നമ്മുടെ ഈ വിശ്വാസയാത്രയിൽ നമ്മെ താങ്ങുകയും നമുക്കായി മദ്ധ്യസ്ഥ്യം വഹിക്കുകയും ചെയ്യണമെയെന്ന് നമുക്ക് പ്രാർത്ഥിക്കാം.

തന്റെ പ്രഭാഷണത്തിന് ശേഷം പാപ്പാ ലത്തീൻ ഭാഷയിൽ ത്രികാലജപപ്രാർത്ഥന നയിക്കുകയും പ്രാർത്ഥനയുടെ അവസാനം ഏവർക്കും ആശീർവാദം നൽകുകയും ചെയ്തു.

പ്രഭാഷണത്തിനും തുടർന്ന് നടന്ന പ്രാർത്ഥനയ്ക്കും ശേഷം, തനിക്ക് മുന്നിലുണ്ടായിരുന്ന വിവിധ ഭാഷക്കാരും രാജ്യക്കാരുമായ ആളുകളെ അഭിസംബോധന ചെയ്യുകയും ഏവർക്കും ഒരു നല്ല ഞായർ നേരുകയും, തുടർന്ന്, ആളുകൾക്കിടയിലൂടെ ഗോൾഫ് കാർട്ടിൽ സഞ്ചരിക്കുകയും ചെയ്ത ശേഷമാണ് പാപ്പാ, അപ്പസ്തോലിക കൊട്ടാരത്തിൽ തിരികെ പ്രവേശിച്ചത്. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

20 ജൂലൈ 2026, 14:31