തിരയുക

കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് 

പുതിയ മെത്രാന്മാരെ വാഴിക്കാനുള്ള പത്താം പീയൂസ് സഭാസമൂഹത്തിന്റെ തീരുമാനം സഭയിൽ പിളർപ്പുണ്ടാക്കുന്ന പ്രവൃത്തി: പരിശുദ്ധ സിംഹാസനം

പാരമ്പര്യവാദികളായ കത്തോലിക്കാ പുരോഹിതരുടെ അന്താരാഷ്ട്രസമൂഹമായ പത്താം പീയൂസിന്റെ സഭ, വരുന്ന ജൂലൈ മാസത്തിൽ പുതിയ മെത്രാന്മാരെ വാഴിക്കാൻ തീരുമാനമെടുത്തതിന് പാപ്പായുടെ അനുമതിയില്ലെന്നും, അതുകൊണ്ടുതന്നെ പിളർപ്പിന് കാരണമാകുന്ന ഈ പ്രവൃത്തി സഭയിൽനിന്നുള്ള പുറത്താകൽ നടപടിക്ക് കാരണമാകുമെന്നും വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ ഫെർണാണ്ടസ്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

പാപ്പായുടെ അനുമതിയില്ലാതെ പുതിയ മെത്രാന്മാരെ വഴിക്കാനുള്ള പത്താം പീയൂസിന്റെ സഭ (Society of Saint Pius X) എന്ന പാരമ്പര്യവാദികളായ കത്തോലിക്കാ പുരോഹിതരുടെ അന്താരാഷ്ട്രസമൂഹത്തിന്റെ തീരുമാനത്തിനെതിരെ വീണ്ടും മുന്നറിയിപ്പ് നൽകി പരിശുദ്ധ സിംഹാസനം. വരുന്ന ജൂലൈ മാസത്തിൽ നടത്തുമെന്നറിയിച്ചിരിക്കുന്ന മെത്രാഭിഷേകത്തെ "സഭയിൽ പിളർപ്പുളവാക്കുന്ന" പ്രവൃത്തിയെന്ന് വിശേഷിപ്പിച്ച, വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ്, ഇത് സഭാനിയമപ്രകാരം പുറത്താകൽ നടപടിയിലേക്ക് നയിക്കുന്ന ഒരു പ്രവൃത്തിയാണെന്ന് ഓർമ്മപ്പെടുത്തി.

ആർച്ച്ബിഷപ് മാർസെൽ ലെഫെബ്ര് സ്ഥാപിച്ച ഈ പുരോഹിതസമൂഹം, മെത്രാഭിഷേകച്ചടങ്ങുകളിൽ നിന്ന് മാറിനിൽക്കണമെന്ന പാപ്പായുടെ തുടർച്ചയായ ആഹ്വാനത്തിന് ശേഷവും, തങ്ങളുടെ തീരുമാനവുമായി സമൂഹം മുന്നോട്ടുപോകുന്നതിന്റെ പശ്ചാത്തലത്തിലാണ്, സഭയിൽ ശീശ്മയായി കണക്കാക്കപ്പെടുന്ന ഇത്തരമൊരു പ്രവൃത്തിയുടെ ആഘാതത്തെക്കുറിച്ച് ഡികാസ്റ്ററി വിശ്വാസികളെ ഓർമ്മപെടുത്തിയത്.

സഭയിൽ പിളർപ്പിന് കാരണമാകുന്ന പത്താം പീയൂസിന്റെ സഭയുടെ തീരുമാനം മാറുന്നതിനുവേണ്ടിയും, അവർ ശരിയായ പാതയിലേക്ക് തിരികെ വരുന്നതിനുവേണ്ടിയും പരിശുദ്ധ പിതാവ് പ്രാർത്ഥിക്കുന്നുണ്ടെന്ന് എഴുതിയ കർദ്ദിനാൾ ഫെർണാണ്ടസ്, മുൻപ് തന്നെ നൽകിയിരുന്ന നിർദ്ദേശങ്ങൾക്ക് തുടർച്ചയായാണ് മെയ് 13 ബുധനാഴ്ച പുതുതായി ഒരു മുന്നറിയിപ്പ് നൽകിയത്.

പത്താം പീയൂസിന്റെ സഭ നടത്താനിരിക്കുന്ന മെത്രാഭിഷേകച്ചടങ്ങുകൾക്ക് പാപ്പായുടെ അനുമതിയോ നിർദ്ദേശമോ ഇല്ലെന്ന് ആവർത്തിച്ച കർദ്ദിനാൾ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ "എക്ലേസിയ ദേയി (3) ഉദ്ധരിച്ചുകൊണ്ട്, ഇത് ഒരു പിളർപ്പിന്റെ പ്രവൃത്തിയാണെന്ന് പ്രസ്താവിച്ചു.

ദൈവത്തിനെതിരെയുള്ള ഗൗരവതരമായ ഒരു തെറ്റായി, പത്താം പീയൂസിന്റെ സഭയുടെ തീരുമാനത്തെ വിശേഷിപ്പിച്ച ഡികാസ്റ്ററി അദ്ധ്യക്ഷൻ, "എക്ലേസിയ ദേയി (5c) സംബന്ധിച്ച് നിയമപരമായ കാര്യങ്ങൾക്കായുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ 1996 ഓഗസ്റ്റ് 24-ലെ വിശദീകരണരേഖ പരാമർശിച്ചുകൊണ്ട്, സഭാനിയമമനുസരിച്ചുള്ള പുറത്താകൽ നടപടിക്ക് കാരണമാകുന്ന ഒന്നാണിതെന്ന് മുന്നറിയിപ്പ് നൽകി.

പത്താം പീയൂസിന്റെ പേരിലുള്ള പുരോഹിതസഹോദര സമൂഹത്തിന്റെ മേലധികാരികളിൽ പരിശുദ്ധാത്മാവ് തന്റെ വെളിച്ചം നിറയ്ക്കട്ടെയെന്നും, അവർ തങ്ങളെടുത്ത ഗുരുതരമായ ഈ തീരുമാനത്തിൽനിന്ന് പിന്മാറട്ടെയെന്നുമാണ് പാപ്പാ പ്രാർത്ഥിക്കുന്നതെന്ന് കർദ്ദിനാൾ പ്രസ്താവിച്ചു. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 മേയ് 2026, 13:42