ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗർ ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗർ 

ലോകത്തിൽ സമാധാനത്തിന്റെ ശുശ്രൂഷയാണ് വത്തിക്കാൻ നയതന്ത്രം മുന്നോട്ടുവയ്ക്കുന്നത്: ആർച്ച്ബിഷപ്പ് ഗാല്ലഗർ

വത്തിക്കാന്റെ നയതന്ത്രബന്ധങ്ങൾ ലോകത്തിൽ സമാധാനത്തിന്റെ ശുശ്രൂഷയാണ് ചെയ്തുവരുന്നതെന്ന് വത്തിക്കാനും വിദേശരാജ്യങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധത്തിനായുള്ള വിഭാഗം തലവൻ ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗർ. മെയ് പതിനൊന്നാം തീയതി വത്തിക്കാനും ആഫ്രിക്കൻ വൻ‌കരയിലെ ഒരു റിപ്പബ്ലിക്കായ കേപ്പ് വെർഡെയും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തിലാണ് ആർച്ബിഷപ്പിന്റെ ഈ പ്രസ്താവന.

വത്തിക്കാന്‍ ന്യൂസ്

വത്തിക്കാൻ നയതന്ത്രം നൂറ്റാണ്ടുകളായി ലോകത്തിൽ സമാധാനത്തിനു വേണ്ടിയുള്ള ശുശ്രൂഷയാണ് നൽകുന്നതെന്നും, സമാധാനം, മാനവികത, മതസ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങൾ, ജനാധിപത്യം, അന്താരാഷ്ട്ര നിയമങ്ങൾ, ജീവന്റെ സംരക്ഷണം, കുടുംബമൂല്യങ്ങൾ എന്നിവഉയർത്തിപ്പിടിക്കാനുമാണ് വത്തിക്കാൻ അതിന്റെ നയതന്ത്രപ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നും വത്തിക്കാനും കേപ്പ് വെർഡെയും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ  അൻപതാം വാർഷികത്തോടനുബന്ധിച്ച് മെയ് പതിനൊന്നാം തീയതി തിങ്കളാഴ്ച കേപ്പ് വെർഡെയിൽ നടന്ന സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.

1970-ൽ വിശുദ്ധ പോൾ ആറാമാൻ മാർപാപ്പ ആഫ്രിക്കൻ സ്വാതന്ത്ര്യസമര നേതാക്കളെ വത്തിക്കാനിൽ സ്വീകരിച്ച സംഭവം, ആഫ്രിക്കൻ ജനതയുടെ അവകാശങ്ങൾക്കുവേണ്ടി സഭ ധൈര്യത്തോടെ നിലകൊണ്ട ചരിത്രനിമിഷമായിരുന്നവെന്ന് അദ്ദേഹം പറഞ്ഞു. കേപ്പ് വെർഡെയിലെ സഭയുടെ ചരിത്രപരമായ സംഭാവനകളും അദ്ദേഹം എടുത്തുപറഞ്ഞു. 1533-ൽ സ്ഥാപിതമായ സാന്റിയാഗോ ദേ കാബോ വെർഡെ, സഹാറ മരുഭൂമിക്ക് തെക്കുള്ള ആഫ്രിക്കൻ ഭൂപ്രദേശത്തെ ആദ്യ രൂപതയായിരുന്നുവെന്നും 1975-ൽ കേപ് വെർഡെ സ്വാതന്ത്ര്യം നേടുന്നതിന് മുമ്പേ തന്നെ അപ്പസ്തോലിക സിംഹാസനം ഈ രാജ്യവുമായി ബന്ധം സ്ഥാപിച്ചിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സാമൂഹിക സേവനങ്ങൾ എന്നിവയിൽ ഈ സഭ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2013-ൽ വത്തിക്കാനും കേപ് വെർദെയും തമ്മിൽ ഒപ്പുവെച്ച കരാർ, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ വലിയ സഹകരണത്തിന് വഴിയൊരുക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

വത്തിക്കാന്റെ നയതന്ത്ര ബന്ധങ്ങളുടെ ചരിത്രം വിശദമാക്കിയ ആർച്ച്ബിഷപ്പ് ഗാല്ലഗർ, പതിനൊന്നാം നൂറ്റാണ്ടിലെ ഗ്രിഗോറിയൻ പരിഷ്‌കരണകാലത്ത്, അപ്പസ്തോലിക സിംഹാസനം ലോകരാജ്യങ്ങളുമായുള്ള നയതന്ത്രബന്ധങ്ങൾക്ക് ആരംഭംകുറിച്ചുവെന്നും പിന്നീട്, സഭയുടെ പ്രതിനിധികളായി വിവിധരാജ്യങ്ങളിൽ “ദൂതന്മാരെ നിയോഗിക്കുന്നതിനുള്ള അവകാശം” നേടിയെടുക്കാൻ സാധ്യമായതോടെ വത്തിക്കാൻ നയതന്ത്രത്തിന് അടിസ്ഥാപനപരമായ രൂപം ലഭിച്ചുവെന്നും വ്യക്തമാക്കി. പതിനഞ്ചാം നൂറ്റാണ്ടോടെ പരിശുദ്ധ സിംഹാസനത്തിന്റെ നയതന്ത്രപ്രവർത്തനങ്ങൾക്ക് കൂടുതൽ സ്ഥിരതയും സംഘടിത സ്വഭാവവും ലഭിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. താൽക്കാലിക ദൗത്യങ്ങളിൽ നിന്ന് സ്ഥിര നയതന്ത്രപ്രാതിനിധ്യങ്ങളിലേക്കുള്ള മാറ്റമാണ് ആ കാലഘട്ടത്തിലെ പ്രധാന സവിശേഷതയെന്നും പിന്നീട് ലോകത്തിലെ മറ്റു രാജ്യങ്ങളും ഇതേ മാതൃക പിന്തുടർന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് യൂറോപ്യൻ യൂണിയൻ, മാ‌ള്‍ട്ടയുടെ സമുന്നത മിലിട്ടറി സഖ്യം (Sovereign Military Order of Malta) എന്നിവയുൾപ്പെടെ, നൂറ്റിയെൺപത്തിനാല് രാജ്യങ്ങളുമായി വത്തിക്കാൻ നയതന്ത്ര ബന്ധം നിലനിർത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ആയുധരഹിതവും നിരായുധീകരിക്കുന്നതുമായ സമാധാനം” എന്ന ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശം ഉദ്ധരിച്ച്, ഇന്നത്തെ ലോകത്തിൽ, സ്നേഹത്തിലും സത്യത്തിലും അധിഷ്ഠിതമായ ബന്ധങ്ങളിലൂടെ മാത്രമേ സ്ഥിരമായ സമാധാനം സ്ഥാപിക്കാനാകൂ എന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് ആർച്ച്ബിഷപ്പ് പ്രസംഗം അവസാനിപ്പിച്ചത്. വത്തിക്കാന്റെ നയതന്ത്രബന്ധങ്ങളുടെ ലക്ഷ്യവും ലോകരാജ്യങ്ങൾക്കിടയിൽ ഐക്യവും സമാധാനവും വളർത്തുന്നതിൽ അപ്പോസ്തോലിക സിംഹാസനം വഹിക്കുന്ന പങ്കും വ്യക്തമാക്കുന്നതായിരുന്നു ആർച്ബിഷപ്പിന്റെ ഈ പ്രസംഗം. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 മേയ് 2026, 13:34