ഉക്രൈൻ യുദ്ധം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കണം: ആർച്ച്ബിഷപ് ഗാല്ലഗർ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
റഷ്യ-ഉക്രൈൻ യുദ്ധത്തിന് അവസാനമുണ്ടാകണമെന്നും, ഉക്രൈനെ ദുരിതപൂർണ്ണമായ അവസ്ഥയിലേക്ക് കൊണ്ടുപൊയ്ക്കൊണ്ടിരിയ്ക്കുന്ന നിലവിലെ സ്ഥിതി അവസാനിപ്പിക്കുന്നതിനായി നിലനിൽക്കുന്നതും നീതിപൂർണ്ണവുമായ സമാധാനം ഉണ്ടാകണമെന്നും, വത്തിക്കാനും മറ്റു രാജ്യങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള സെക്രെട്ടറി ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഗർ. ഓഷേ (OSCE) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നതും, യൂറോപ്പിലെ സുരക്ഷയ്ക്കും സഹകരണത്തിനും വേണ്ടിയുള്ളതുമായ സ്ഥിരം കൗൺസിലിന്റെ 1554-മത് സമ്മേളനത്തിൽ സംസാരിക്കവെയാണ് വത്തിക്കാൻ നയതന്ത്രജ്ഞൻ കൂടിയായ അദ്ദേഹം ഇത്തരമൊരു അഭിപ്രായം മുന്നോട്ടുവച്ചത്.
റഷ്യ-ഉക്രൈൻ പ്രശ്നത്തിൽ, സമാധാനം ലക്ഷ്യമാക്കി, സത്യസന്ധവും ഏവരെയും ഉൾകൊള്ളുന്നതുമായ നയതന്ത്രമാർഗ്ഗങ്ങൾ നടപ്പിലാക്കാനും തുടരാനും ആവശ്യപ്പെട്ടുകൊണ്ട് പരിശുദ്ധ സിംഹാസനം മുൻപുതന്നെ നടത്തിയിട്ടുള്ള ആഹ്വാനം, ഉക്രൈനിലേക്കുള്ള റഷ്യൻ അധിനിവേശത്തിന്റെ നാലാം വാർഷികം കൂടിയായിരുന്ന ഫെബ്രുവരി 24-ന്റെ പശ്ചാത്തലത്തിൽ ഓഷേയിൽ നടത്തിയ തന്റെ പ്രഭാഷണത്തിൽ, ആർച്ച്ബിഷപ് ഗാല്ലഗർ ആവർത്തിച്ചു. ആശയപരമായ അഭിപ്രായപ്രകടനങ്ങൾക്കപ്പുറം സമൂർത്തമായ പ്രവർത്തനങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്നും, സത്യസന്ധമായ സംവാദമാണ് ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ ആശങ്കകൾ പങ്കുവച്ചുകൊണ്ട്, ഉക്രൈനുൾപ്പെടെയുള്ള പ്രദേശങ്ങളിൽ അന്താരാഷ്ട്ര മനുഷ്യാവകാശങ്ങൾ പാലിക്കപ്പെടേണ്ടതിന്റെ പ്രാധാന്യത്തിലേക്കും ആർച്ച്ബിഷപ് ഗാല്ലഗർ വിരൽ ചൂണ്ടി. പ്രത്യേക സാഹചര്യങ്ങൾ മൂലമോ, സൈനികമോ തന്ത്രപരമോ ആയ ആവശ്യങ്ങളും താത്പര്യങ്ങളും മുന്നിൽക്കണ്ടോ മാത്രമാകരുത് ഇത്തരം അവകാശങ്ങൾ പാലിക്കപ്പെടുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
സമാധാനത്തിലേക്ക് നയിക്കുന്ന സത്യസന്ധമായ പ്രയത്നങ്ങളുടെ ഭാഗമായി അടിയന്തിരമായും അനുകമ്പയോടും കൂടി സംവാദങ്ങളിലേർപ്പെടാനുള്ള ആഹ്വാനം തന്റെ പ്രഭാഷണത്തിൽ വത്തിക്കാൻ പ്രതിനിധി പലവട്ടം ആവർത്തിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: