പെറു: അരെക്വിപ മേഖലയിൽ ദുരിതം വിതച്ച് ശക്തമായ മണ്ണിടിച്ചിലുകളും വെള്ളപ്പൊക്കവും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
കാലാവസ്ഥാപ്രതിസന്ധിയെത്തുടർന്ന് തെക്കൻ പെറുവിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും അയ്യായിരത്തോളം ആളുകളെ ബാധിച്ചുവെന്ന് ഫീദെസ് ഏജൻസി അറിയിച്ചു. അരെക്വിപ മേഖല നേരിട്ട ഈ പ്രതിസന്ധി 4.782 ആളുകളെ നേരിട്ട് ബാധിച്ചുവെന്നും, ഇവരിൽ 142 പേർ ഭവനരഹിതരായെന്നും പ്രാദേശിക റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി ഫീദെസ് വിശദീകരിച്ചു.
വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം ഒറ്റപ്പെട്ടുപോയ ആളുകളെ രക്ഷിച്ചുകൊണ്ടിരുന്ന ഒരു വ്യോമസേനാ ഹെലികോപ്റ്റർ തകർന്ന് വീണതിനെത്തുടർന്ന്, അതിലുണ്ടായിരുന്ന ഏഴ് കുട്ടികളടക്കം പതിനഞ്ച് പേരും മരണമടഞ്ഞു. അരെക്വിപയിൽ ഏതാണ്ട് 469 വീടുകളും എട്ട് പാലങ്ങളും രണ്ട് ആരോഗ്യപരിപാലനകേന്ദ്രങ്ങളും നാൽപ്പത്തിയഞ്ച് കിലോമീറ്റർ റോഡും തകർന്നതായും റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഈ ദുരന്തത്തിൽ അനുശോചനവും ദുഃഖവും രേഖപ്പെടുത്തിയ പെറുവിലെ മെത്രാൻസമിതി, ദുരിതമനുഭവിക്കുന്ന ആളുകൾക്ക് തങ്ങളുടെ സഹായവും പ്രാർത്ഥനകളും വാഗ്ദാനം ചെയ്തു. അരെക്വിപ മേഖലയിലെ പതിനാറ് ജില്ലകളെ രൂക്ഷമായി ബാധിച്ച ഈ കാലാവസ്ഥാപ്രതിസന്ധിയിലും മണ്ണിടിച്ചിലിലും ഉൾപ്പെട്ടവർക്ക് മെത്രാൻസമിതിയുടെ പേരിൽ സഭയുടെ സാമീപ്യം അറിയിച്ച ലൂറിൻ രൂപതാ മെത്രാനും, പെറു മെത്രാൻസമിതി അദ്ധ്യക്ഷനുമായ ബിഷപ് കാർലോസ് എൻറിക് ഗർസീയ കമാദെർ, ഈ വേദനാജനകമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നതിന് പരസ്പരം യോജിച്ച് പ്രവർത്തിക്കാൻ ആഹ്വാനം ചെയ്തു.
നിരവധി ജനവാസയിടങ്ങളും റോഡുകളും ചെളിയിൽ പുതഞ്ഞുകിടക്കുകയാണ്. നിലവിലെ കാലാവസ്ഥാപ്രതിസന്ധിയുമായി ബന്ധപ്പെട്ട വ്യത്യസ്തങ്ങളായ രണ്ട് അപകടങ്ങളിൽ രണ്ടുപേർ മരണമടഞ്ഞതായി വാർത്താമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: