ലിയോ പതിനാലാമൻ പാപ്പായും ബിഷപ് എറിക് വാർഡനും ലിയോ പതിനാലാമൻ പാപ്പായും ബിഷപ് എറിക് വാർഡനും  (ANSA)

ദൈവമഹത്വത്തിന് പ്രാധാന്യം നൽകാനും സത്യസന്ധരായ മനുഷ്യരെ സഭാകേന്ദ്രത്തിൽ നിയമിക്കാനും യൂജിൻ മൂന്നാമൻ പാപ്പായെ ഉപദേശിച്ച വിശുദ്ധ ബെർണാഡ്

പരിശുദ്ധ പിതാവും വത്തിക്കാൻ ഡികാസ്റ്ററികളുടെ അദ്ധ്യക്ഷന്മാരും റോമിൽ താമസിക്കുന്ന കർദ്ദിനാൾമാരും ഉൾപ്പെടുന്ന സംഘത്തിന്, ബിഷപ് എറിക് വാർഡൻ നൽകിവരുന്ന നോമ്പുകാലധ്യാനം അവസാനത്തിലേക്ക്. ധ്യാനത്തിന്റെ അവസാനദിനമായ ഫെബ്രുവരി 27-ന് രാവിലെ നൽകിയ പ്രഭാഷണത്തിൽ, ലോകമെമ്പാടുമുള്ള സഭയുടെ പ്രവർത്തനങ്ങളുടെ നല്ല ഫലത്തിനായി, സഭാകേന്ദ്രത്തിൽ സമാധാനവും ഐക്യവും ഇഷ്ടപ്പെടുന്ന, സത്യസന്ധരും നല്ലവരുമായ ആളുകളെ തിരഞ്ഞെടുക്കേണ്ടതിന്റെ പ്രാധാന്യം വിശുദ്ധ ബെർണാർഡിന്റെ കൃതികളെ അധികരിച്ച് ബിഷപ് വാർഡൻ ഓർമ്മിപ്പിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സഭയുടെ കേന്ദ്ര ഓഫീസുകൾ എത്രമാത്രം മെച്ചമായാണോ കൈകാര്യം ചെയ്യപ്പെടുന്നത്, അത്രമാത്രം സദ്‌ഫലങ്ങളാകും ലോകമെമ്പാടുമുള്ള സഭയ്ക്ക് ലഭിക്കുകയെന്ന് പരിശുദ്ധ പിതാവും വത്തിക്കാൻ ഡികാസ്റ്ററികളുടെ അദ്ധ്യക്ഷന്മാരും റോമിൽ താമസിക്കുന്ന കർദ്ദിനാൾമാരും  ഉൾപ്പെടുന്ന സംഘത്തോട് ധ്യാനം നയിക്കുന്ന ബിഷപ് എറിക് വാർഡൻ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന ധ്യാനത്തിന്റെ അവസാനദിനമായ ഫെബ്രുവരി 27-ന് രാവിലെ പങ്കുവച്ച ധ്യാനചിന്തകളിലാണ്, യൂജിൻ മൂന്നാമൻ എന്ന പേരിൽ പാപ്പയായിത്തീർന്ന ഇറ്റലിയിലെ പിസയിൽനിന്നുള്ള ബെർണാർഡോ ദേയി പാഗനെല്ലിക്ക് എഴുതിയ തന്റെ കത്തിലൂടെ വിശുദ്ധ ബെർണാഡ് നൽകിയ ഈയൊരു ഉദ്‌ബോധനം ബിഷപ് വാർഡൻ പങ്കുവച്ചത്.

വിശുദ്ധൻ ജീവിച്ചിരുന്ന കാലത്തെ സഭയുടെ പ്രശ്നങ്ങൾക്ക് പ്രയോഗികപരിഹാരം നിർദ്ദേശിക്കുക എന്നതിനേക്കാൾ, മെച്ചപ്പെട്ട ഒരു പ്രവർത്തനം ഉറപ്പുവരുത്തുന്നതിനായി, നല്ല വ്യക്തികളെ കൂടെക്കൂട്ടാനാണ് വിശുദ്ധ ബെർണാഡ് പാഗനെല്ലിക്ക് നൽകുന്ന ഉപദേശമെന്ന്, നോർവീജിയയിലെ ത്രോന്തെം രൂപതാദ്ധ്യക്ഷൻകൂടിയയായ ബിഷപ് വാർഡൻ ഓർമ്മിപ്പിച്ചു. നല്ലവരും, സമഗ്രതയുള്ളവരും, ഉറച്ച കത്തോലിക്കാവിശ്വാസമുള്ളവരും, സമാധാനത്തെയും ഐക്യത്തെയും സ്നേഹിക്കുന്നവരുമായ ആളുകൾക്കൊപ്പമുള്ള പ്രവർത്തനം സഭയ്ക്ക് മുഴുവൻ ഉപകാരപ്രദമാകുമെന്ന് ഭാവി മാർപാപ്പായ്ക്ക് വിശുദ്ധ ബെർണാഡ് എഴുതുന്നുണ്ട്.

വിശുദ്ധ ബർണാർഡിന്റെ കൃതികളിലെ, "പരിഗണന" എന്ന വിഷയത്തെ പ്രത്യേകമായി മുന്നോട്ടുവച്ച് നടത്തിയ തന്റെ പത്താമത് ധ്യാനപ്രഭാഷണത്തിൽ ദൈവത്തിന് പ്രാധാന്യവും മഹത്വവും കൊടുത്തുകൊണ്ടുള്ള പ്രവർത്തനമാണ് സഭ നടത്തേണ്ടതെന്ന് ബിഷപ് വാർഡൻ ഓർമ്മിപ്പിച്ചു.

ലിയോ പതിനാലാമൻ പാപ്പാ കൂടി അംഗമായ അഗസ്റ്റീനിയൻ സഭയുടെ അദ്ധ്യാത്മികപിതാവായ വിശുദ്ധ അഗസ്റ്റിന്റെ ഉദ്‌ബോധങ്ങളെയും ധ്യാനഗുരു തന്റെ പ്രഭാഷണത്തിൽ പരാമർശിച്ചു. മെത്രാന്റെ ഓഫീസെന്നത് ഒരു പടയാളിയുടെ ഭാണ്ഡക്കെട്ട് പോലെയാണെന്ന് വിശുദ്ധ അഗസ്റ്റിൻ എഴുതുന്നുണ്ടെന്ന് ഓർമ്മിപ്പിച്ച ബിഷപ് വാർഡൻ, ക്രിസ്തുവിന്റെ നുകം ലഘുവാണെന്നും, അത് സന്തോഷപൂർവ്വം ഏറ്റെടുക്കുകയാണ് വേണ്ടതെന്നും തിരുവചനത്തെയും വിശുദ്ധ അഗസ്റ്റിന്റെ കൃതികളെയും അധികരിച്ച് പ്രസ്താവിച്ചു. തങ്ങളുടെ ചുമടുകളെ സ്നേഹിക്കുന്നവർക്ക് അത് ഭാരം കുറഞ്ഞതാണെന്നും, എന്നാൽ വെറുക്കുന്നവർക്ക് അത് കഠിനമായിരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

വത്തിക്കാൻ കൂരിയയ്ക്ക് വേണ്ടി ട്രാപ്പിസ്റ്റ് സഭാംഗമായ ബിഷപ് വാർഡൻ നയിക്കുന്ന 2026-ലെ നോമ്പുകാലധ്യാനം ഫെബ്രുവരി 22-നായിരുന്നു ആരംഭിച്ചത്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 ഫെബ്രുവരി 2026, 13:10