തിരയുക

നൈജീരിയയിലെ മെത്രാൻസമിതിയുടെ സമ്മേളനത്തിൽനിന്ന് - ഫയൽ ചിത്രം നൈജീരിയയിലെ മെത്രാൻസമിതിയുടെ സമ്മേളനത്തിൽനിന്ന് - ഫയൽ ചിത്രം 

പ്രസിഡന്റിന് പിന്തുണ പ്രസ്താവിച്ചും, കൂടുതൽ സമാധാനശ്രമങ്ങൾ ആവശ്യപ്പെട്ടും നൈജീരിയൻ മെത്രാൻ സമിതി

നൈജീരിയയുടെ ഭാവിയും സുരക്ഷയും നൈജീരിയക്കാരുടെ കയ്യിലാണെന്ന് ഓർമ്മിപ്പിച്ചും, തങ്ങളുടെ പ്രസിഡന്റിന് പിന്തുണ പ്രഖ്യാപിച്ചും, എന്നാൽ കൂടുതൽ ഫലവത്തായ പ്രവർത്തനങ്ങൾ ആവശ്യപ്പെട്ടും നൈജീരിയയിലെ മെത്രാൻ സമിതി. ജിഹാദി സംഘങ്ങൾക്കെതിരെ പോരാടാനായി അമേരിക്കയിൽനിന്ന് പ്രസിഡന്റ് ട്രംപ് ഇരുനൂറോളം "സൈനിക ഉപദേഷ്ടാക്കളെ" അയച്ചതിന് പിന്നാലെയാണ് മെത്രാൻസംഘം ഇത്തരമൊരു പ്രസ്താവന പുറത്തുവിട്ടത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സുരക്ഷയുമായി ബന്ധപ്പെട്ട അടിയന്തിരാവസ്ഥയെ അഭിമുഖീകരിക്കാനുള്ള പ്രസിഡന്റ് ബോല അഹ്മദ് തിനുബുവിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രസ്താവിച്ചും, എന്നാൽ കൂടുതൽ ഫലപ്രദമായ ശ്രമങ്ങൾക്ക് ആഹ്വാനം ചെയ്തും നൈജീരിയയിലെ കത്തോലിക്കാ മെത്രാൻസമിതി. അബുജയിൽ ഫെബ്രുവരി 19 മുതൽ 26 വരെ തീയതികളിലായി നടന്ന പ്ലീനറി അസംബ്ലിയുടെ അവസാനം പുറത്തുവിട്ട പ്രസ്താവനയിൽ, രാജ്യത്തെ ജനങ്ങൾ അഭിമുഖീകരിക്കുന്ന അരക്ഷിതാവസ്ഥയിൽ തങ്ങളുടെ ആശങ്ക മെത്രാന്മാർ വ്യക്തമാക്കി.

രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിന്റെയും, സുരക്ഷാസേനയിലേക്ക് കൂടുതൽ ആളുകളെ തിരഞ്ഞെടുക്കേണ്ടതിന്റെയും പ്രാധാന്യം പ്രാദേശിക കത്തോലിക്കാസഭാനേതൃത്വം എടുത്തുകാട്ടിയതായി ഫീദെസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സർക്കാരിന്റെ തീരുമാനങ്ങൾ ഭീകരവാദികൾക്കെതിരായുള്ള കൂടുതൽ സൈനികപ്രവർത്തനങ്ങൾക്ക് കാരണമായിട്ടുണ്ടെങ്കിലും രാജ്യത്ത് ഇനിയും കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കാൻ വേണ്ട പ്രവർത്തനങ്ങൾ കൂടുതൽ ആവശ്യമായി വരികയാണെന്നാണ് മനസ്സിലാകുന്നതെന്ന് മെത്രാന്മാർ പ്രസ്താവിച്ചു.

മൗലികവാദ ഇസ്ലാമിൽ ചേരുന്നതിന് നിരസിച്ച ക്രൈസ്തവരും ഇസ്ലാം മതവിശ്വാസികളുമടങ്ങുന്ന ഇരുനൂറോളം പേരെ പത്തോളം വരുന്ന ജിഹാദി മുസ്ലിമുകൾ അടുത്തിടെ ക്വാര സംസ്ഥാനത്തെ വോറൊ, നുകു എന്നീ ഗ്രാമങ്ങളിൽ വധിച്ചത് മെത്രാന്മാർ പ്രത്യേകം പരാമർശിച്ചു. മധ്യ നൈജീരിയയിൽ അടുത്തിടെ നിരവധി വിദ്യാർത്ഥികളും ക്രൈസ്തവവിശ്വാസികളും കൊല്ലപ്പെട്ടിട്ടുണ്ടെന്നും സഭാനേതൃത്വം തങ്ങളുടെ പ്രസ്താവനയിൽ എഴുതി.

ആക്രമണങ്ങളും മരണവും ഭയന്ന് നിരവധി കർഷകർ തങ്ങളുടെ കൃഷിയിടങ്ങളിലേക്ക് മടങ്ങാൻ മടിക്കുന്നുണ്ടെന്ന് മെത്രാന്മാർ ഓർമ്മിപ്പിച്ചു. കച്ചവടം പോലെ മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരും അക്രമിസംഘങ്ങളുടെ ആക്രമണം ഭയന്നാണ് കഴിയുന്നതെന്നും, പലരും അഭയാർത്ഥി ക്യാമ്പുകളിൽ തുടരാനാണ് ശ്രമിക്കുന്നതെന്നും സഭാനേതൃത്വം വിശദീകരിച്ചു.

ഭീകരരെ അറസ്റ്റ് ചെയ്യുന്നതിലും വിധിക്കുന്നതിലും ഉള്ള താമസവും, അറസ്റ്റ് ചെയ്യപ്പെട്ടവർക്ക് എളുപ്പത്തിൽ ലഭിക്കുന്ന ജാമ്യവും സ്വാതന്ത്ര്യവും സർക്കാരിന്റെ പ്രവർത്തനങ്ങളെയും ഉദ്ദേശശുദ്ധിയേയും സംശയിക്കാൻ കാരണമാകുന്നതാണെന്ന് മെത്രാന്മാർ എഴുതി.

ജിഹാദി സംഘങ്ങൾക്കെതിരെ പോരാടുന്നതിൽ സഹായിക്കാനായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഇരുനൂറോളം "സൈനിക ഉപദേഷ്ടാക്കളെ" അയച്ചതിനെക്കുറിച്ച് നേരിട്ട് പരാമർശിക്കാതെ, പുറത്തുനിന്നുള്ള സഹായം ഉപകാരപ്രദമാണെങ്കിലും, നൈജീരിയയുടെ സുരക്ഷിതത്വവും ഭാവിയും നമ്മുടെ തന്നെ കൈകളിലാണെന്നും, ദൈവത്തിന്റെ സഹായത്തോടെ നാമത് ഉറപ്പാക്കണമെന്നും മെത്രാന്മാർ ഓർമ്മിപ്പിച്ചു.

രാജ്യത്തെ നിരവധിയായ അനധികൃത ഖനികളുടെ പ്രവർത്തനത്തെ വിമർശിച്ച സഭാനേതൃത്വം, അവയിൽനിന്നുള്ള ലാഭം രാജ്യത്ത് ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതിന് സാമ്പത്തികസഹായമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് കുറ്റപ്പെടുത്തി. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 ഫെബ്രുവരി 2026, 13:05