തിരയുക

കർദ്ദിനാൾ പരൊളീൻ കർദ്ദിനാൾ പരൊളീൻ  (ANSA)

ഇറാനിലെ അന്ത്യമില്ലാത്ത ദുരന്തത്തിൽ ആശങ്ക പ്രകടിപ്പിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി

ഇറാനിൽ പ്രതിഷേധപ്രകടനം നടത്തിയതിന്റെ പേരിൽ നിരവധി പേർ കൊല്ലപ്പെട്ടതിൽ ആശങ്ക പ്രകടിപ്പിച്ചും, വെനിസ്വേലയിൽ ഇപ്പോഴുള്ള അനിശ്ചിതത്വം, രാജ്യത്തിന്റെ സുസ്ഥിരതയ്ക്കും സാമ്പത്തിക ഉയർച്ചയ്ക്കും, ജനാധിപത്യത്തിനും കാരണമായേക്കാമെന്ന പ്രത്യാശ പങ്കുവച്ചും കർദ്ദിനാൾ പരൊളീൻ. റോമിലുള്ള ദോമൂസ് മാരിയെ ദേവാലയത്തിൽ ജനുവരി 17-ന് വിശുദ്ധ ബലിയർപ്പിക്കാനെത്തിയ അവസരത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഇറാനിൽ നടക്കുന്നത് അന്ത്യമില്ലാത്ത ഒരു ദുരന്തമാണെന്നും, സ്വന്തം ജനതയ്‌ക്കെതിരെ ഇത്തരമൊരു നീക്കം നടത്താൻ എങ്ങനെയാണ് സാധിക്കുകയെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ. വിശുദ്ധ ജ്യോർജ്യോ ഫ്രസ്സാത്തിയുടെ തിരുശേഷിപ്പുകൾ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റോമിലെ ദോമൂസ് മാരിയെ (Domus Mariae) ദേവാലയത്തിൽ ജനുവരി 17-ന് വിശുദ്ധ ബലിയർപ്പിച്ചതിന് ശേഷം, മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേ, വത്തിക്കാൻ നയതന്ത്രജ്ഞൻ കൂടിയായ കർദ്ദിനാൾ പരൊളീൻ ഇറാനിലെ രാഷ്ട്രീയ, സാമൂഹിക അനിശ്ചിതത്വത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചു.

തെക്കേ അമേരിക്കൻ രാജ്യമായ വെനിസ്വേലയുടെ പ്രസിഡന്റ് മദൂറോയും അദ്ദേഹത്തിന്റെ ഭാര്യയും തടവുകാരാക്കപ്പെട്ടതും, രാജ്യത്ത് നടക്കുന്ന പ്രതിഷേധപ്രകടനങ്ങളും സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി പറയവേ, രാജ്യത്ത് ഇപ്പോൾ നിലനിൽക്കുന്ന അനിശ്ചിതത്വം, രാജ്യത്തിന്റെ ഭാവി സുസ്ഥിരതയ്ക്കും, സാമ്പത്തികസ്ഥിതി പുനഃസ്ഥാപിക്കുന്നതിനും, ജനാധിപത്യത്തിനും ഉപകാരപ്പെട്ടേക്കാമെന്ന് കർദ്ദിനാൾ പരൊളീൻ അഭിപ്രായപ്പെട്ടു.

വെനിസ്വേലയിൽ രക്തരൂക്ഷിതസംഘർഷങ്ങൾ ഒഴിവാക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങൾ നടന്നിരുന്നുവെന്നും, എന്നാൽ അവ ഫലം കണ്ടില്ലെന്നും പ്രസ്താവിച്ച വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി, ഈ പ്രതിസന്ധിക്ക് സമാധാനപരമായി പരിഹാരം കണ്ടെത്താനുള്ള പരിശുദ്ധ സിംഹാസനത്തിന്റെ സന്നദ്ധതയും ആവർത്തിച്ചു.

ഗ്രീൻലാൻഡിനെക്കുറിച്ചും അന്താരാഷ്ട്ര രാഷ്ട്രീയമേഖല കടന്നുപോകുന്ന പിരിമുറുക്കങ്ങളെക്കുറിച്ചും ഉള്ള  ചോദ്യങ്ങൾക്ക് മറുപടി പറയവേ, ലോകത്ത് ബഹുരാഷ്ട്രവാദത്തിന്റെ മൂല്യവും പ്രാധാന്യവും, സഹകരണത്തിന്റെയും സംവാദങ്ങളുടെയും ആവശ്യവും വത്തിക്കാൻ നയതന്ത്രജ്ഞൻ  ഓർമ്മിപ്പിച്ചു. ബലപ്രയോഗത്തിലൂടെ പ്രശ്നപരിഹാരങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നത് സ്വീകാര്യമല്ലെന്നും, കൂടുതൽ യുദ്ധങ്ങളിലേക്കേ അത് നയിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 ജനുവരി 2026, 13:07