ബ്രസ്സൽസ് കത്തീഡ്രൽ ബ്രസ്സൽസ് കത്തീഡ്രൽ   (ANSA)

ബ്രസ്സൽസ് കത്തീഡ്രലിന്റെ എണ്ണൂറാം വാർഷികാഘോഷങ്ങൾക്കുള്ള പൊന്തിഫിക്കൽ പ്രതിനിധി: കർദ്ദിനാൾ പരൊളീൻ

എൻറിക്കോ രണ്ടാമന്റെ തീരുമാനപ്രകാരം, 1226-ൽ പണിചെയ്യപ്പെട്ട ബ്രസ്സൽസ് കത്തീഡ്രൽ ദേവാലയത്തിന്റെ എണ്ണൂറാം വാർഷികാഘോഷങ്ങളിൽ ലിയോ പതിനാലാമൻ പാപ്പായുടെ പ്രതിനിധിയായി കർദ്ദിനാൾ പരൊളീൻ പങ്കെടുക്കും. 2026 ജനുവരി 11-നായിരിക്കും, ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന വിശുദ്ധ ബലി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

2025 നവംബർ 29-ന് ഒസ്സെർവ്വത്തോറെ റൊമാനൊയിലൂടെ അറിയിച്ചിരുന്നതുപോലെ, ബെൽജിയത്തിലെ ബ്രസല്സിലുള്ള കത്തീഡ്രൽ ദേവാലയത്തിന്റെ എണ്ണൂറാം വാർഷികാഘോഷങ്ങൾക്കുള്ള പൊന്തിഫിക്കൽ പ്രതിനിധിയായി വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ കർദ്ദിനാൾ പിയെത്രോ പരൊളീൻ നിയമിക്കപ്പെട്ടുവെന്ന് പരിശുദ്ധ സിംഹാസനം വ്യക്തമാക്കി.

2026 ജനുവരി 11-നായിരിക്കും കത്തീഡ്രലിന്റെ എണ്ണൂറാം സ്ഥാപനവർഷിക ആഘോഷങ്ങൾ നടക്കുക. ആന്നേ ദിവസം കത്തീഡ്രലിൽ അർപ്പിക്കപ്പെടുന്ന ആഘോഷമായ ദിവ്യബലിയിൽ കർദ്ദിനാൾ കർദ്ദിനാൾ പരൊളീൻ മുഖ്യ കാർമ്മികത്വം വഹിക്കും. മലിനെസ്-ബ്രസ്സൽസ് അതിരൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ് ല്യൂക്ക് തേർലിൻഡൻ സഹകാർമ്മീകത്വം വഹിക്കുന്ന ഈ വിശുദ്ധ ബലിയിൽ നിരവധി മെത്രാന്മാരും വൈദികരും പങ്കെടുക്കും.

ബെൽജിയത്തെ രാജകുടുംബവും, എല്ലാ മെത്രാന്മാരും ചടങ്ങുകളിൽ സംബന്ധിക്കുമെന്നാണ് കരുതപ്പെടുന്നത്. ജനുവരി 11-ന് നടക്കുന്ന ചടങ്ങുകൾക്ക് പുറമെ, വർഷം മുഴുവൻ, സംഗീതക്കച്ചേരികളും, കോൺഫറൻസുകളും, കത്തീഡ്രലിന്റെ ചരിത്രം വ്യക്തമാക്കുന്ന കാലപ്രദർശനവും തുടങ്ങി, വിവിധ  നിരവധി സാംസ്‌കാരിക, ആധ്യാത്മിക ചടങ്ങുകൾ ഈ വാർഷികവുമായി ബന്ധപ്പെട്ട് ഒരുക്കിയിട്ടുണ്ട്.

ബർബാന്തെയുടെ ഡ്യൂക്ക് ആയിരുന്ന എൻറിക്കോ രണ്ടാമന്റെ തീരുമാനപ്രകാരം, 1226-ലാണ് ഈ കത്തീഡ്രൽ ദേവാലയം പണിചെയ്യപ്പെട്ടത്. വിശുദ്ധ മൈക്കിൾ, വിശുദ്ധ ഗുദുല എന്നിവർക്കാണ് ഈ ദേവാലയം സമർപ്പിക്കപ്പെട്ടിരിക്കുന്നത്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 ജനുവരി 2026, 13:36