തിരയുക

കർദ്ദിനാൾ ചാൾസ് മൗങ് ബോ കർദ്ദിനാൾ ചാൾസ് മൗങ് ബോ  

മ്യാന്മറിൽ സമാധാനസ്ഥാപനത്തിനുള്ള ആഹ്വാനം പുതുക്കി കർദ്ദിനാൾ ചാൾസ് മൗങ് ബോ

ദീർഘനാളുകളായി സംഘർഷങ്ങൾ നിലനിൽക്കുന്ന മ്യാന്മറിൽ സമാധാനഹ്വാനവുമായി കത്തോലിക്കാസഭ. ക്രിസ്തുമസുമായി ബന്ധപ്പെട്ട് രാജ്യത്തെ മെത്രാൻസമിതി പ്രസിഡന്റും, യാങ്കോൺ അതിരൂപതാദ്ധ്യക്ഷനുമായ കർദ്ദിനാൾ ചാൾസ് മൗങ് ബോ പുറത്തുവിട്ട സന്ദേശത്തിലൂടെ, ക്രിസ്തുവിന്റെ ശൈലിയിൽ സമാധാനത്തിന്റെ മാർഗ്ഗം സ്വീകരിക്കാൻ ക്രൈസ്തവരോട് അദ്ദേഹം അഭ്യർത്ഥിച്ചു.

ദേബൊറ കസ്‌തെല്ലാനോ - മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ദീർഘനാളുകളായി സംഘർഷങ്ങൾ തുടരുന്ന മ്യാന്മറിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടണമെന്ന അഭ്യർത്ഥന പുതുക്കി കർദ്ദിനാൾ ചാൾസ് മൗങ് ബോ (Card. Charles Maung Bo). ക്രിസ്തുമസിനോടനുബന്ധിച്ച് പുറത്തുവിട്ട തന്റെ സന്ദേശത്തിലാണ്, മ്യാന്മാർ മെത്രാൻസമിതിയുടെ അദ്ധ്യക്ഷൻ കൂടിയായ കർദ്ദിനാൾ ബോ ഇത്തരമൊരു അഭ്യർത്ഥന ആവർത്തിച്ചത്. രാജ്യത്ത് നിരായുധീകരണവും സമാധാനവും കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

യുദ്ധങ്ങൾ മൂലവും, തീവ്രവാദം, അസമത്വം തുടങ്ങിയ തിന്മകൾ മൂലവും പ്രത്യാശ തകരുന്ന സ്ഥിതിയിലാണെന്നും, എന്നാൽ സമാധാനമെന്നത് മാനവികതയുടെ നിഷേധിക്കാനാകാത്ത ആവശ്യമാണെന്നും യാങ്കോൺ അതിരൂപതാദ്ധ്യക്ഷൻ കൂടിയായ കർദ്ദിനാൾ ബോ പ്രസ്താവിച്ചു. "സമാധാനം നിങ്ങളോടുകൂടെ" എന്ന ആശംസ ക്രിസ്തുമസ് കാലത്ത് കൈമാറപ്പെടുമ്പോൾ, ആ സമാധാനം ഉണ്ണിയേശു നൽകുന്ന സമാധാനമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ ശിശുവിന് ഹൃദയങ്ങളിൽ പ്രവേശിക്കാനും, നമ്മിൽ പരിവർത്തനം നടത്താനുമുള്ള കഴിവുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ രാജ്യത്ത് നടക്കുന്ന സംഘർഷങ്ങളും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന യുദ്ധങ്ങളും പരാമർശിച്ച കർദ്ദിനാൾ ബോ, ഉത്ഥിതനായ ക്രിസ്തു കൊണ്ടുവരുന്ന സമാധാനം ആയുധരഹിതമായ സമാധാനമാണെന്ന് ഓർമ്മിപ്പിച്ചു. അക്രമരഹിതമായാണ് ക്രിസ്തു, തന്റെ കാലത്ത് രാഷ്ട്രീയ, സാമൂഹിക മാറ്റങ്ങൾ കൊണ്ടുവന്നതെന്ന് പ്രസ്താവിച്ച മ്യാന്മാർ മെത്രാൻസമിതി അദ്ധ്യക്ഷൻ, ക്രൈസ്തവർ ഈ മാതൃക പിൻതുടരണമെന്നും, ഈ സമാധാനത്തിന്റെ മാർഗ്ഗത്തിന് സാക്ഷ്യം വഹിക്കണമെന്നും, എല്ലാത്തരം അതിക്രമങ്ങളെയും ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.

എല്ലാവരും സമാധാനത്തെ സ്നേഹിക്കുകയും, അതിനായി ആഗ്രഹിക്കുകയും ചെയ്യമ്പോഴും ലോകത്ത് അനിശ്ചിതത്വവും ഭയവും വർദ്ധിച്ചുവരികയാണെന്നും, ഇത് ആളുകൾക്കിടയിൽ മാത്രമല്ല, രാജ്യങ്ങൾക്കിടയിലും വളർന്നുവരികയാണെന്നും കർദ്ദിനാൾ ബോ തന്റെ സന്ദേശത്തിൽ എഴുതി.

സമാധാനം അകലെയാണെന്നും, സമാധാനത്തിനുവേണ്ടി ജനതകൾ യുദ്ധം നടത്തുന്ന കാലമാണിതെന്നും, വിശേഷിപ്പിച്ച കർദ്ദിനാൾ, അക്രമത്തിനെതിരെ അക്രമം കൊണ്ട് പ്രതികരിക്കാത്ത സർക്കാരുകൾ കഴിവുകെട്ട സർക്കാരുകളാണെന്ന് കുറ്റപ്പെടുത്തപ്പെടുന്ന സവിശേഷതയാണ് ഇന്ന് എങ്ങും നിലനിൽക്കുന്നതെന്ന് കുറ്റപ്പെടുത്തി. ഇത്തരം കുറ്റപ്പെടുത്തലുകളുടെയും എങ്ങും തുടരുന്ന യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും ഫലമായി ആയുധങ്ങൾ വാങ്ങിക്കൂട്ടാൻ എല്ലാ രാജ്യങ്ങളും നിർബന്ധിതരാകുന്നു സ്ഥിതിവിശേഷമാണ് നാം കാണുന്നതെന്നും അദ്ദേഹം എഴുതി. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 ജനുവരി 2026, 13:31