സ്ത്രീകൾക്ക് ഡീക്കൻ പട്ടം നൽകുന്നത് നിലവിൽ സാധ്യമല്ല: പെത്രോക്കി കമ്മീഷൻ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ശുശ്രൂഷാ പൗരോഹിത്യത്തിൽ പങ്കു ചേർക്കുന്നതിന്റെ ഭാഗമെന്ന നിലയിൽ സ്ത്രീകൾക്ക് ഡീക്കൻ പട്ടം നല്കുന്നതിനെക്കുറിച്ച് പ്രതികൂല നിലപാടുമായി കർദ്ദിനാൾ പെത്രോക്കി കമ്മീഷൻ. ഫ്രാൻസിസ് പാപ്പായുടെ നിർദ്ദേശപ്രകാരം നടത്തിയ സുദീർഘമായ പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ്, ഇറ്റലിയിലെ ആക്വില അതിരൂപതയുടെ മുൻ അദ്ധ്യക്ഷനും കർദ്ദിനാളുമായ അഭിവന്ദ്യ ജ്യുസേപ്പെ പെത്രോക്കി (Card. Giuseppe Petrocchi) അദ്ധ്യക്ഷനായുള്ള കമ്മീഷൻ ഇത്തരമൊരു റിപ്പോർട്ട് ലിയോ പതിനാലാമൻ പാപ്പായ്ക്ക് സെപ്റ്റംബർ 18-ന് സമർപ്പിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയിൽ പൂർത്തിയാക്കിയ പഠനങ്ങളുടെ വെളിച്ചത്തിൽ തയ്യാറാക്കി കമ്മീഷൻ സമർപ്പിച്ച ഏഴ് പേജുകളുള്ള റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ പാപ്പാ നിർദ്ദേശം നൽകിയതിനെത്തുടർന്ന് കഴിഞ്ഞ ദിവസം പരിശുദ്ധ സിംഹാസനം ഈ രേഖ പുറത്തുവിട്ടു.
തിരുപ്പട്ടത്തിന്റെ ഒരു പടിയെന്ന നിലയിൽ സ്ത്രീകൾക്ക് ഡീക്കൻ പട്ടം നൽകുന്നതിന്റെ സാധ്യതയെക്കുറിച്ച്, തിരുവചനത്തിന്റെയും, സഭാപാരമ്പര്യത്തിന്റെയും, സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളുടെയും കൂടി വെളിച്ചത്തിൽ നടത്തിയ ചരിത്രാന്വേഷണങ്ങളും ദൈവശാസ്ത്ര പഠനങ്ങളും നടത്തിയതും, അത്തരമൊരു കാര്യം ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളും കണക്കിലെടുത്ത്, പ്രതികൂലമായ ഒരു തീരുമാനത്തിലേക്ക് നയിക്കുന്നുവെന്ന് കമ്മീഷൻ തങ്ങളുടെ റിപ്പോർട്ടിൽ എഴുതി. എന്നാൽ പൗരോഹിത്യപട്ടത്തിന്റെ കാര്യത്തിലെന്നപോലെ, നിലവിൽ ഒരു അന്ത്യവിധി തീരുമാനിക്കുന്നതിന് ഇത് അനുവദിക്കുന്നില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.
ചരിത്രസ്വഭാവമുള്ള അന്വേഷങ്ങളുടെ ഭാഗമായി, സഭയിൽ വിവിധ കാലങ്ങളിലും ഇടങ്ങളിലും ചിലപ്പോഴെങ്കിലും ഡീക്കൻ എന്ന രീതിയിൽ സ്ത്രീകളെക്കുറിച്ച് പരാമർശിക്കുന്നത് ഇന്നത്തേതിന് തുല്യമായി ഒരേ അർത്ഥത്തിലായിരുന്നില്ലെന്നും, പുരുഷ ഡീക്കന്മാരുടേതിന് തുല്യമായ സ്ത്രീ ഡീക്കന്മാർ എന്ന അർത്ഥത്തിൽ അല്ലായിരുന്നുവെന്നും കമ്മീഷൻ നിരീക്ഷിച്ചു.
2021-ലും, 2022 ജൂലൈ മാസത്തിലും, 2025 ഫെബ്രുവരിയിലുമായാണ് കമ്മീഷൻ അതിന്റെ വിവിധ മീറ്റിങ്ങുകൾ നടത്തിയത്. ഇതിൽ 2022-ൽ നടന്ന സെഷനിൽ ഒന്നിനെതിരെ ഏഴ് വോട്ടുകളോടെയാണ്, നിലവിലെ തീരുമാനം കമ്മീഷൻ രൂപപ്പെടുത്തിയത്. അതേസമയം, സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേപോലെ ശുശ്രൂഷ നൽകാൻ കഴിയുന്ന സേവനയിടങ്ങൾ രൂപീകരിക്കുന്നതിനുള്ള പിന്തുണ കമ്മീഷൻ ഏകകണ്ഠമായി പ്രകടിപ്പിച്ചിരുന്നു.
തുടർന്ന് 2025-ൽ നടന്ന സെഷനിൽ, സിനഡിന്റെ നിർദ്ദേശപ്രകാരം, ഇതുമായി ബന്ധപ്പെട്ട് നൽകപ്പെട്ട മറ്റ് അഭിപ്രായങ്ങൾ കൂടി പരിഗണിച്ചതിന് ശേഷമാണ് ഈ തീരുമാനവുമായി മുന്നോട്ട് പോകാൻ കമ്മീഷൻ നിശ്ചയിച്ചത്. സ്ത്രീകൾക്ക് ഡീക്കൻ പട്ടം നൽകുന്നതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഏതാനും ചില രാജ്യങ്ങളിൽനിന്ന് മാത്രമുള്ള ചുരുക്കം ചില അഭിപ്രായങ്ങളെ, മുഴുവൻ സിനഡിന്റെയും മുഴുവൻ സഭയുടെയും സ്വരമായി വ്യാഖ്യാനിക്കാൻ കഴിയില്ലെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു.
ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ടവർ എന്ന നിലയിൽ സ്ത്രീപുരുഷന്മാരുടെ തുല്യതയ്ക്ക് എതിരാണ് സ്ത്രീകൾക്ക് പൗരോഹിത്യം നിക്ഷേധിക്കുന്നത് എന്ന ഒരു അഭിപ്രായമാണ് പലയിടങ്ങളിലും ഉയർന്നതെങ്കിൽ, ക്രിസ്തുവിന്റെ പുരുഷത്വം പട്ടം സ്വീകരിക്കുന്നവരുടെ പുരുഷത്വം ആവശ്യപ്പെടുന്നുവെന്ന വാദമാണ് മറുഭാഗം ഉയർത്തിയത്. അതേസമയം, മാമ്മോദീസ സ്വീകരിച്ചവർ പ്രത്യേകിച്ച് സ്ത്രീകൾ സഭയിൽ ചെയ്യുന്ന ശുശ്രൂഷകളെ അംഗീകരിക്കേണ്ടതിന്റെ ആവശ്യവും, അത്തരം മേഖലകളിൽ അവർക്കുണ്ടാകേണ്ട സാധ്യതകളും കമ്മീഷൻ എടുത്തുകാട്ടി.
ഡീക്കൻ എന്ന സ്ഥാനം ശുശ്രൂഷാനിയോഗത്തിന്റെ ഭാഗമാണെന്നും, അത് പൗരോഹിത്യം മുന്നിൽക്കണ്ടല്ലെന്നും ചിലർ വാദിക്കുന്നുണ്ടെങ്കിലും, മറുഭാഗത്ത്, ശുശ്രൂഷാ പൗരോഹിത്യത്തിന്റെ ഡീക്കൻ, പുരോഹിതൻ, മെത്രാൻ എന്നീ മൂന്ന് നിലകൾ തമ്മിലുള്ള ഐക്യം, ഡീക്കനായി ഉയർത്തപ്പെട്ടതിന് ശേഷം, പൗരോഹിത്യത്തിന്റെ മറ്റ് നിലകളിൽനിന്ന് സ്ത്രീകൾ മാറ്റിനിറുത്തപ്പെടുന്നമ്പോൾ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ തുടങ്ങിയവ കമ്മീഷൻ ഉയർത്തിക്കാട്ടി.
നിലവിലെ പഠനങ്ങളുടെയും അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിൽ, ഡീക്കൻ പട്ടത്തെക്കുറിച്ചും, അതിന്റെ കൗദാശിക മാനത്തെക്കുറിച്ചും, ഈ പട്ടത്തിന് സഭയുടെ ദൈവികനിയോഗത്തിലെ പ്രാധാന്യത്തെക്കുറിച്ചും കൂടുതലായി പഠിക്കേണ്ടതിന്റെ ആവശ്യവും പെത്രോക്കി കമ്മീഷൻ പ്രത്യേകമായി എടുത്തുകാട്ടി. ചില ഭൂഖണ്ഡങ്ങളിൽ "ഡീക്കനടുത്ത ശുശ്രൂഷ" അശേഷം ഇല്ലാത്തപ്പോൾ, മറ്റു ചിലയിടങ്ങളിൽ, ആൽമയാരുടെയും അൾത്താര ശുശ്രൂഷികളുടെയും പ്രവത്തനങ്ങളുമായി ചേർന്നുപോകുന്ന ചില പ്രവർത്തനങ്ങളുമായി ഇത് നിലനിൽക്കുന്നുണ്ടെന്നും കമ്മീഷൻ എഴുതി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: