ലിയോ പതിനാലാമൻ പാപ്പാ മംഗോളിയൻ പ്രസിഡന്റ് ഖുറേൽസുഖിന് കൂടിക്കാഴ്ച അനുവദിച്ചു
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
മംഗോളിയയുടെ പ്രസിഡന്റ് ഉഖ്‌നാജീൻ ഖുറേൽസുഖിന് (Ukhnaagiin Khürelsükh) വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച അനുവദിച്ചു. പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസാണ് ഡിസംബർ 4 വ്യാഴാഴ്ച രാവിലെ അപ്പസ്തോലിക കൊട്ടാരത്തിൽ നടന്ന ഈ കൂടിക്കാഴ്ചയെക്കുറിച്ച് ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചത്.
പരിശുദ്ധ പിതാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ (Card. Pietro Parolin), വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തിനായുള്ള വിഭാഗം അണ്ടർ സെക്രട്ടറി മിഹായിത്സ ബ്ളാജ് (Mihăiță Blaj) തുടങ്ങിയവരുമായും പ്രസിഡന്റ് ഖുറേൽസുഖ് കൂടിക്കാഴ്ച നടത്തിയെന്ന് പ്രെസ് ഓഫീസ് തങ്ങളുടെ കുറിപ്പിൽ വ്യക്തമാക്കി.
സ്റ്റേറ്റ് സെക്രെട്ടറിയേറ്റിൽ നടന്ന ഈ കൂടിക്കാഴ്ചകളിൽ, വത്തിക്കാനും മംഗോളിയയ്ക്കുമിടയിലുള്ള നല്ല ഉഭയകക്ഷിബന്ധം പ്രത്യേകമായി പരാമർശിക്കപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിൽ സാംസ്കാരികതലങ്ങളിലെ ബന്ധങ്ങൾ കൂടുതലായി വളർത്താനുള്ള സാധ്യതകളും ചർച്ച ചെയ്യപ്പെട്ടു.
മംഗോളിയയിൽ കത്തോലിക്കാസഭ പൊതുസമൂഹത്തിന് നൽകുന്ന സേവനങ്ങൾ, പ്രത്യേകമായി വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ സാന്നിദ്ധ്യം പരാമർശിക്കപ്പെട്ടുവെന്നും പ്രെസ് ഓഫീസ് അറിയിച്ചു.
2021 ജൂൺ 25-നാണ് രാജ്യത്തിന്റെ ആറാമത്തെ പ്രസിഡന്റായി ഉഖ്‌നാജീൻ ഖുറേൽസുഖ് സ്ഥാനമേറ്റെടുത്തത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
