ലിയോ പതിനാലാമൻ പാപ്പാ മാൾട്ട പ്രധാനമന്ത്രി അബേലയ്ക്ക് കൂടിക്കാഴ്ച അനുവദിച്ചു
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
മാൾട്ട പ്രധാനമന്ത്രി റോബർട്ട് അബേലയ്ക്ക് (Robert Abela) ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച അനുവദിച്ചു വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ ഡിസംബർ പതിനഞ്ച് തിങ്കളാഴ്ച നടന്ന ഈ കൂടിക്കാഴ്ചയുടെ വിവരങ്ങൾ വത്തിക്കാൻ പ്രസ് ഓഫീസാണ് പുറത്തുവിട്ടത്.
പരിശുദ്ധ പിതാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ (Pietro Parolin), വിദേശരാജ്യങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധത്തിനായുള്ള വിഭാഗം തലവൻ ആർച്ച്ബിഷപ് റിച്ചാർഡ് ഗാല്ലഗർ (Paul Richard Gallagher) തുടങ്ങിയവരുമായും പ്രധാനമന്ത്രി അബേല കൂടിക്കാഴ്ച നടത്തിയെന്ന് പ്രെസ് ഓഫീസ് വിശദീകരിച്ചു.
സ്റ്റേറ്റ് സെക്രെട്ടറിയേറ്റിൽ നടന്ന കൂടിക്കാഴ്ചകളിൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള നല്ല ഉഭയകക്ഷിബന്ധവും, പ്രാദേശിക സഭയും രാഷ്ട്രനേതൃത്വവും തമ്മിലുള്ള മെച്ചപ്പെട്ട സഹകരണവും പ്രത്യേകം പരാമർശിക്കപ്പെട്ടു. ഇതുകൂടാതെ, ഇരുകക്ഷികൾക്കും പ്രധാനപ്പെട്ട കുടിയേറ്റം പോലെയുള്ള വിഷയങ്ങളും ചർച്ചകളിൽ ഇടം പിടിച്ചു. മാൾട്ടയിലെ സഭയെയും സർക്കാരിനെയും പ്രത്യേകമായി ബാധിക്കുന്ന ഒരു വിഷയം കൂടിയാണ് കുടിയേറ്റമെന്ന യാഥാർത്ഥ്യമെന്ന കാര്യം പ്രെസ് ഓഫീസ് എടുത്തുപറഞ്ഞു.
ഉക്രൈനിലെ യുദ്ധം, മദ്ധ്യപൂർവ്വദേശങ്ങളിലെ സംഘർഷങ്ങൾ തുടങ്ങി, യൂറോപ്പും, അന്താരാഷ്ട്രസമൂഹവും കടന്നുപോകുന്ന പ്രതിസന്ധികളും ചർച്ചകളിൽ പരാമർശിക്കപ്പെട്ടുവെന്ന് പരിശുദ്ധ സിംഹാസനം അറിയിച്ചു.
മാൾട്ടയുടെ മുൻ പ്രസിഡന്റ് ജോർജ് അബേലയുടെ മകനായ റോബർട്ട് അബേല 2020 ജനുവരി 13-നാണ് മാൾട്ടയുടെ പ്രധാനമന്ത്രി സ്ഥാനത്തെത്തിയത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
