ധൈര്യപൂർവ്വം ക്രിസ്തുവിന് സാക്ഷ്യം നൽകുന്ന, സന്തോഷമുള്ള യുവജനങ്ങളെയാണ് സഭയ്ക്ക് ആവശ്യം: ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
യേശുവുമായുള്ള കൂടിക്കാഴ്ച നൽകുന്ന സന്തോഷത്തോടെയും ധൈര്യത്തോടെയും സാക്ഷ്യമേകാൻ യുവജനങ്ങളെ ആഹ്വാനം ചെയ്‌ത് ലിയോ പതിനാലാമൻ പാപ്പാ. ജൂലൈ 31 മുതൽ ഓഗസ്റ്റ് 2 വരെ തെക്കേ അമേരിക്കയിലെ ഇക്വഡോറിലെ (Ecuador) ഇബാറയിൽ (Ibarra) നടന്ന ഏഴാമത് ദേശീയ യുവജനദിനാഘോഷങ്ങളുടെ അവസരത്തിൽ നൽകിയ ഒരു വീഡിയോ സന്ദേശത്തിലാണ് പരിശുദ്ധ പിതാവ് ഇത്തരമൊരു ആഹ്വാനം മുന്നോട്ടുവച്ചത്.
ദൃഢനിശ്ചയത്തോടെ വിശ്വാസത്തിൽ മുന്നേറുക
“ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു” എന്ന വിശുദ്ധ യോഹന്നാന്റെ സുവിശേഷം പതിനാറാം അദ്ധ്യായം മുപ്പത്തിമൂന്നാം തിരുവചനത്തെ അടിസ്ഥാനമാക്കിയ ദേശീയ യുവജനദിനത്തിന്റെ പ്രമേയം പരാമർശിച്ച പാപ്പാ, ദൈവത്തിന്റെ വിളി കേട്ട്, ധൈര്യപൂർവ്വം ദൃഢനിശ്ചയത്തോടെ അവനെ പിന്തുടരാൻ സാധിക്കണമെന്ന് യുവജനങ്ങളെ ഓർമ്മിപ്പിച്ചു.
യേശുക്രിസ്തുവുമായുള്ള കൂടിക്കാഴ്ച നമ്മുടെ ഹൃദയങ്ങളെ സന്തോഷത്താൽ നിറയ്ക്കുന്നതാണെന്നും, അത്, അവന്റെ സ്നേഹത്തിന്റെയും കരുണയുടെയും സാക്ഷികളാകാൻ വേണ്ട ശക്തി നൽകുന്നതാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
സഭയ്ക്ക് യുവജനങ്ങളെ വേണം
യുവജനങ്ങളുടെ സാക്ഷ്യത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പാപ്പാ, മറ്റുളളവർക്ക് ക്രിസ്തുവിനെ കണ്ടുമുട്ടാൻ സാധിക്കുന്നതിനായി ഇന്ന് സഭയ്ക്ക് വേണ്ടത് യുവജനങ്ങളുടെ സന്തോഷവും, അവരുടെ ധൈര്യവും, ശക്തമായ സാക്ഷ്യവുമാണെന്ന് പ്രസ്താവിച്ചു.
ക്രിസ്തുവിന്റെ സ്നേഹത്താൽ രൂപാന്തരപ്പെടാൻ തങ്ങളെത്തന്നെ വിട്ടുകൊടുക്കാൻ യുവജനങ്ങളെ ഉദ്‌ബോധിപ്പിച്ച പാപ്പാ, അവന്റെ ക്ഷമയുടെയും അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും പ്രഘോഷകരാകാൻ ഏവരെയും ക്ഷണിച്ചു.
പരിശുദ്ധ അമ്മയുടെ സഹായം
ഇക്വഡോറിലെ യുവജനങ്ങളെ, അവിടെ 'ഔർ ലേഡി ഓഫ് ദ പ്രസന്റേഷൻ' എന്ന പേരിൽ വണങ്ങപ്പെടുന്ന പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിന് സമർപ്പിച്ച പാപ്പാ, പരിശുദ്ധ അമ്മ നിങ്ങൾക്ക് മാതൃകയാകട്ടെയെന്നും, സുവിശേഷം ജീവിക്കാനും, നിങ്ങളുടെ ജീവിതത്തിനായുള്ള ദൈവികപദ്ധതികൾക്കായി പരിശുദ്ധ അമ്മയെപ്പോലെ നിങ്ങളെത്തന്നെ വിട്ടുകൊടുക്കാനും അവൾ പ്രേരണയേകട്ടെയെന്ന് ആശംസിച്ചു.
യുവജനസമ്മേളനത്തിൽ സംബന്ധിച്ച എല്ലാ യുവതീയുവാക്കൾക്കും പരിശുദ്ധ പിതാവ് തന്റെ ആശീർവാദവും നേർന്നു.
പെറുവിലെ യുവജനദിനം
ലോക യുവജനദിനത്തിൽനിന്ന് പ്രചോദനയുൾക്കൊണ്ട്, കഴിഞ്ഞ ദിവസങ്ങളിൽ ഇക്വഡോറിനൊപ്പം പെറുവും (Peru) തങ്ങളുടെ ദേശീയ യുവജനദിനം ആഘോഷിച്ചിരുന്നു. ഇരു രാജ്യങ്ങളിലെയും വിവിധ രൂപതകളിൽനിന്നുള്ള യുവജനങ്ങൾ തങ്ങളുടെ വിശ്വാസം പങ്കുവയ്ക്കുന്നതിനും അത് ശക്തിപ്പെടുത്തുന്നതിനുമായി ഈ ആഘോഷങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. ഏതാണ്ട് നാലായിരത്തോളം പേരാണ് പെറുവിലെ ചുളുക്കാനാ (Chulucanas) നഗരത്തിൽ നടന്ന യുവജനദിനാചരണത്തിൽ പങ്കെടുത്തത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
