തിരയുക

ഫ്രാൻസിസ് പാപ്പാ പോർസ്യുങ്കൊള ദേവാലയത്തിൽ പ്രാർത്ഥിക്കുന്നു - ഫയൽ ചിത്രം ഫ്രാൻസിസ് പാപ്പാ പോർസ്യുങ്കൊള ദേവാലയത്തിൽ പ്രാർത്ഥിക്കുന്നു - ഫയൽ ചിത്രം  (AFP or licensors)

അസ്സീസിയിലെ ദണ്ഡവിമോചനം വിലമതിക്കപ്പെടേണ്ട ആത്മീയ അനുഗ്രഹം: ലിയോ പതിനാലാമൻ പാപ്പാ

സഭ നിർദ്ദേശിക്കുന്ന നിബന്ധനകളനുസരിച്ച് ഓഗസ്റ്റ് 1, 2 തീയതികളിൽ ലഭ്യമാകുന്ന "അസ്സീസിയിലെ ദണ്ഡവിമോചനം" വിലമതിക്കേണ്ട ആത്മീയ അനുഗ്രഹമെന്ന് ലിയോ പതിനാലാമൻ പാപ്പാ. ഓഗസ്റ്റ് 2 ഞായറാഴ്ച വത്തിക്കാനിൽ ത്രികാലജപപ്രാർത്ഥന നയിച്ച ശേഷം, വിശുദ്ധ പത്രോസിന്റെ ചത്വരത്തിലുണ്ടായിരുന്ന ആയിരക്കണക്കിന് വിശ്വാസികളെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

അസ്സീസിയിലെ ദണ്ഡവിമോചന (Pardon of Assisi) സാധ്യത മഹത്തായ ആത്മീയ അനുഗ്രഹമെന്നും, അത് വിലമതിക്കാൻ ശ്രമിക്കണമെന്നും ഓർമ്മിപ്പിച്ച് ലിയോ പതിനാലാമൻ പാപ്പാ. ഏതാണ്ട് ഒരു മാസത്തോളം കസ്തേൽ ഗന്തോൾഫോയിൽ കഴിഞ്ഞ ശേഷം വത്തിക്കാനിൽ തിരികെയെത്തിയ പരിശുദ്ധ പിതാവ്, ഓഗസ്റ്റ് മാസത്തെ ആദ്യ ഞായറാഴ്ച്ച വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ നിന്ന് ത്രികാലജപപ്രാർത്ഥന നയിച്ച അവസരത്തിലാണ്, അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ്, ഒണോറിയൂസ് മൂന്നാമൻ (Honorius III) പാപ്പായിൽനിന്ന് 1216-ൽ നേടിയെടുത്ത ഈ സവിശേഷാനുകൂല്യത്തെ അതിന്റെ പ്രാധാന്യത്തോടെ കാണാമെന്ന് വിലമതിക്കാമെന്ന്  ആഹ്വാനം ചെയ്‌തത്‌.

അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ എണ്ണൂറാം മരണവാർഷികം ആചരിക്കപ്പെടുന്ന ഈ വർഷത്തിൽ, വിശുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട ഈ ദണ്ഡവിമോചനസാധ്യതയെ ഓർത്ത് ദൈവത്തിന് നന്ദി പറയാമെന്ന് പാപ്പാ പറഞ്ഞു.

അസ്സീസിയിലെ പോർസ്യുങ്കൊളയിൽ (Porziuncula) പ്രാർത്ഥനയിലായിരിക്കുമ്പോൾ ലഭിച്ച മാലാഖാമാരാൽ ചുറ്റപ്പെട്ട യേശുവിന്റെയും പരിശുദ്ധ അമ്മയുടെയും ദർശനത്തിൽനിന്ന് പ്രേരണയുൾക്കൊണ്ടാണ് വിശുദ്ധ ഫ്രാൻസിസ് ഒണോറിയൂസ് പാപ്പായോട് ഈയൊരു ആനുകൂല്യം അഭ്യർത്ഥിച്ചത്. 1226 ഒക്ടോബർ 3-ന് പോർസ്യുങ്കൊളയിൽ വച്ചാണ് വിശുദ്ധൻ മരണമടഞ്ഞത്.

ആത്മാക്കളുടെ രക്ഷയ്ക്കായി എന്താണ് ആഗ്രഹിക്കുന്നതെന്ന യേശുക്രിസ്തുവിന്റെ ചോദ്യത്തിന്, പോർസ്യുങ്കൊള ദേവാലയത്തിൽ പ്രവേശിക്കുന്ന എല്ലാവർക്കും സമ്പൂർണ ദണ്ഡവിമോചനം അനുവദിക്കണമെന്ന് വിശുദ്ധ ഫ്രാൻസിസ് ദൈവത്തോട് അപേക്ഷിക്കുകയായിരുന്നു. എന്നാൽ പിന്നീട് ഈ ദണ്ഡവിമോചനം, ഓഗസ്റ്റ് 1, 2 തീയതികളിൽ ഇടവക ദേവാലയമോ, ഏതെങ്കിലുമൊരു ഫ്രാൻസിസ്കൻ ദേവാലയമോ സന്ദർശിക്കുന്ന എവർക്കുമായി സഭ ലഭ്യമാക്കുകയായിരുന്നു.

സഭയുടെ ഉദ്ബോധനമനുസരിച്ച്, ദേവാലയസന്ദർശനത്തിന് പുറമെ, വിശ്വാസപ്രമാണം, സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന, പാപ്പായ്ക്കും അദ്ദേഹത്തിന്റെ നിയോഗങ്ങൾക്കും വേണ്ടിയുള്ള പ്രാർത്ഥന എന്നിവ ചൊല്ലുക, കുമ്പസാരം നടത്തുക, വിശുദ്ധ കുർബാന സ്വീകരിക്കുക എന്നീ നിബന്ധനകളാണ്, ദണ്ഡവിമോചനം നേടാനായി സഭ നിർദ്ദേശിച്ചിരിക്കുന്നത്.

അസ്സീസിയിലെ യുവജനസമ്മേളനം

ഫ്രാൻസിസ് അസ്സീസിയുടെ എണ്ണൂറാം മരണവാർഷികത്തിന്റെ കൂടി പശ്ചാത്തലത്തിൽ, “ഗോ! ഫ്രാൻസിസ്കൻ യൂത്ത് മീറ്റിങ് 2026” (Go! Franciscan Youth Meeting 2026) എന്ന പേരിലുള്ള യുവജനസമ്മേളനത്തിൽ സംബന്ധിക്കാനായി ഓഗസ്റ്റ് 6 വ്യാഴാഴ്ച പാപ്പാ അസ്സീസിയിലെ പോർസ്യുങ്കൊള ദേവാലയം സന്ദർശിക്കാനിരിക്കെയാണ്, അസ്സീസിയിലെ ദണ്ഡവിമോചനസാധ്യതയെക്കുറിച്ച് പാപ്പാ വിശ്വാസികളെ ഓർമ്മിപ്പിച്ചത്.

ഓഗസ്റ്റ് ആറാം തീയതി രാവിലെ അസ്സീസ്സിയിലെത്തുന്ന പാപ്പാ, സാന്ത മരിയ ദെല്ലി ആഞ്ചെലി ബസലിക്കയിൽ യുവജനങ്ങൾക്കൊപ്പം കൂടിക്കാഴ്ചയും വിശുദ്ധ ബലിയർപ്പണവും നടത്തുമെന്ന് വത്തിക്കാൻ പ്രെസ് ഓഫീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

03 ഓഗസ്റ്റ് 2026, 13:11