തിരയുക

ലിയോ പതിനാലാമൻ പാപ്പാ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ കല്ലറയ്ക്കരികിൽ പ്രാർത്ഥിക്കുന്നു ലിയോ പതിനാലാമൻ പാപ്പാ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ കല്ലറയ്ക്കരികിൽ പ്രാർത്ഥിക്കുന്നു  (ANSA)

“ഗോ! ഫ്രാൻസിസ്കൻ യൂത്ത് മീറ്റിങ് 2026”-ൽ പങ്കെടുക്കാൻ ലിയോ പതിനാലാമൻ പാപ്പാ അസ്സീസ്സിയിലേക്ക്

ഫ്രാൻസിസ് അസ്സീസിയുടെ എണ്ണൂറാം മരണവാർഷികത്തിന്റെ കൂടി പശ്ചാത്തലത്തിൽ, “ഗോ! ഫ്രാൻസിസ്കൻ യൂത്ത് മീറ്റിങ് 2026” എന്ന പേരിലുള്ള യുവജനസമ്മേളനത്തിൽ സംബന്ധിക്കാനായി ലിയോ പതിനാലാമൻ പാപ്പാ അസ്സീസിയിലെത്തും. ഓഗസ്റ്റ് ആറാം തീയതി സാന്താ മരിയ ദെല്ലി ആഞ്ചെലി ബസലിക്കയിലെത്തുന്ന പാപ്പാ അവിടെ യുവജനങ്ങൾക്കൊപ്പം വിശുദ്ധ ബലിയർപ്പിക്കും.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഓഗസ്റ്റ് 6 വ്യാഴാഴ്ച ലിയോ പതിനാലാമൻ പാപ്പാ അസ്സീസി സന്ദർശിക്കുമെന്ന് വത്തിക്കാൻ പ്രെസ് ഓഫീസ് അറിയിച്ചു. ഓഗസ്റ്റ് 3 മുതൽ 6 വരെ തീയതികളിൽ അസ്സീസ്സിയിൽ നടക്കുന്ന ഫ്രാൻസിസ്കൻ യുവജനസമ്മേളനത്തിൽ (Go! Franciscan Youth Meeting 2026) സംബന്ധിക്കാനും വിശുദ്ധ ബലിയർപ്പിക്കാനുമായാണ് പരിശുദ്ധ പിതാവ് വിശുദ്ധ ഫ്രാൻസിസിന്റെ ഓർമ്മകളുറങ്ങുന്ന അസ്സീസി നഗരത്തിലെത്തുക.

രൂപാന്തരീകരണത്തിരുനാൾ ദിനമായ അന്നേദിവസം രാവിലെ 8 മണിക്ക് വത്തിക്കാനിൽ നിന്ന് ഹെലികോപ്റ്ററിൽ പുറപ്പെട്ട് 8.30-ന് പാപ്പാ അസ്സീസിയിൽ എത്തും. അസ്സീസി രൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ് ഫെലീച്ചെ അക്രോക്ക, ഇറ്റലിയിലെ മെലോണി സർക്കാരിൽ മന്ത്രിസഭയുടെ പ്രസിഡൻസിക്ക് കീഴിലുള്ള സംസ്ഥാന അണ്ടർ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന ആൽഫ്രദോ മന്തൊവാനോ, ഉംബ്രിയ ദേശത്തിന്റെ പ്രെസിഡന്റ് സ്‌റ്റെഫാനിയ പ്രൊയെത്തി, പെറൂജ്യയുടെ പ്രീഫെക്ട് ഫ്രാഞ്ചെസ്‌കോ ത്സിത്തോ, അസ്സീസി മേയർ വാൾട്ടർ സ്റ്റൊപ്പീനി, പെറൂജ്യ പ്രോവിന്സിന്റെ പ്രസിഡന്റ് മാസ്സിമില്യാനോ പ്രെഷൂത്തി എന്നിവർ ചേർന്ന് പരിശുദ്ധ പിതാവിനെ സ്വീകരിക്കും.

സാന്താ മരിയ ദെല്ലി ആഞ്ചെലി ബസലിക്കയിലേക്ക്

ഹെലിപ്പാഡിൽനിന്ന് അടുത്തുള്ള സാന്താ മരിയ ദെല്ലി ആഞ്ചെലി ബസലിക്കയിലേക്ക് (Santa Maria degli Angeli) കാറിൽ യാത്രയാകുന്ന പാപ്പായെ ബസലിക്കയോട് ചേർന്നുള്ള ആശ്രമത്തിൽ, വിവിധ ഫ്രാൻസിസ്ക്കൻ സഭകളുടെ ജനറൽ മിനിസ്റ്റർമാരായ മാസ്സിമോ ഫുസരെല്ലി, O.F.M., കാർലോസ് ആൽബെർത്തോ ത്രൊവരെല്ലി, O.F.M. Conv., റൊബെർത്തോ ജെനുവീൻ, O.F.M. Capp. എന്നിവർ ചേർന്ന് സ്വീകരിക്കും. തുടർന്ന് 8.45-ന് ബസലിക്കയുടെ മുന്നിലെ ചത്വരത്തിൽ യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തുന്ന പാപ്പാ, അവരുടെ മൂന്ന് ചോദ്യങ്ങൾക്ക് ഉത്തരം നൽകും.

കൂടിക്കാഴ്ചയ്ക്ക് ശേഷം രാവിലെ 9.15-ന് ആശ്രമത്തിനുള്ളിലെത്തുന്ന പാപ്പാ, അവിടെയുള്ള മെത്രാന്മാർ, ഫ്രാൻസിസ് അസ്സീസിയുടെ എണ്ണൂറാം ചരമവാർഷികവുമായി ബന്ധപ്പെട്ട് നടത്തപ്പെടുന്ന പരിപാടികൾ സംഘടിപ്പിക്കുന്ന ദേശീയ കമ്മറ്റി അംഗങ്ങൾ തുടങ്ങിയവരെ അഭിവാദ്യം ചെയ്യും.

വിശുദ്ധ ബലിയർപ്പണം

10.30-നായിരിക്കും സാന്താ മരിയ ദെല്ലി ആഞ്ചെലി ബസലിക്കയിൽ പരിശുദ്ധ പിതാവ് വിശുദ്ധ ബലിയർപ്പിക്കുക. വിശുദ്ധ കുർബാനയുടെ അവസാനം ഫ്രാൻസിസ്കൻ യുവജനസമ്മേളനത്തിൽ പങ്കെടുക്കുന്നവരുടെ പ്രതിനിധിയായി ഒരു യുവാവ് പപ്പയ്ക്ക് നന്ദി പറയും.

തിരികെ വത്തിക്കാനിലേക്ക്

ഫ്രാൻസിസ്കൻ യുവജനസമ്മേളനവുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചകൾക്കും വിശുദ്ധ ബലിയർപ്പണത്തിനും ശേഷം പരിശുദ്ധ പിതാവ്, 12.15-ഓടെ അസ്സീസിയിൽനിന്ന് ഹെലികോപ്റ്ററിൽ തിരികെ വത്തിക്കാനിലേക്ക് മടങ്ങും. ഉച്ചയ്ക്ക് 12.45-ന് പാപ്പാ വത്തിക്കാനിലെ ഹെലിപ്പാഡിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫ്രാൻസിസ്കൻ യുവജനസമ്മേളനം

യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽനിന്നുള്ള 18-നും 33-നും ഇടയിൽ പ്രായമുള്ള യുവജനങ്ങളെ ലക്ഷ്യം വച്ചുള്ള ഒരു അന്താരാഷ്ട്രസമ്മേളനമാണ് "ഗോ! ഫ്രാൻസിസ്കൻ യൂത്ത് മീറ്റിംഗ്". വിവിധ വർക്ക്ഷോപ്പുകൾ, പ്രാർത്ഥനാസമ്മേളനങ്ങൾ, ഗാനാലാപനം തുടങ്ങി വിവിധ കാര്യങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ എണ്ണൂറാം മരണവാർഷികവുമായി ബന്ധപ്പെട്ട് ഈ വർഷം വിവിധ പരിപാടികളും പ്രാർത്ഥനാസമ്മേളനങ്ങളും മറ്റു മീറ്റിങ്ങുകളും അസ്സീസ്സിയിൽ ഒരുക്കിയിട്ടുണ്ട്. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

31 ജൂലൈ 2026, 13:53