തിരയുക

കർദ്ദിനാൾ ജൂലിയോ ദുവാർത്തെ ലാങ്ക കർദ്ദിനാൾ ജൂലിയോ ദുവാർത്തെ ലാങ്ക  (Cremildo Alexandre, Rádio Encontro (Nampula, Moçambique))

കർദിനാൾ ലാങ്കയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ലിയോ പതിനാലാമൻ പാപ്പാ

സമാധാനം പ്രോത്സാഹിപ്പിക്കുകയും ദീർഘകാലം സഭയിൽ സ്തുത്യർഹസേവനമനുഷ്ഠിക്കുകയും ചെയ്ത മോസാംബിക്കിലെ കർദ്ദിനാൾ ജൂലിയോ ദുവാർത്തെ ലാങ്കയുടെ വിയോഗത്തിൽ ദുഃഖിക്കുന്ന സഭാവിശ്വാസികൾക്ക് അനുശോചനവും തന്റെ ആത്മീയസാമീപ്യവുമറിയിച്ച് ലിയോ പതിനാലാമൻ പാപ്പാ. ലാളിത്യത്തിന്റേതും, എന്നാൽ ഉത്തരവാദിത്വങ്ങളോടുള്ള വിശ്വസ്തത നിറഞ്ഞതുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതമെന്ന് ഓഗസ്റ്റ് 5-ന്, രൂപതയുടെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റർ അഭി. ഫ്രാൻസിസ്‌കോ ചിമോയോയ്ക്കയച്ച ടെലെഗ്രാം സന്ദേശത്തിൽ പാപ്പാ എഴുതി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

മോസാംബിക്കിലെ ഷയി-ഷയി (Xai-Xai) രൂപതയുടെ മുൻ അദ്ധ്യക്ഷൻ കർദ്ദിനാൾ ജൂലിയോ ദുവാർത്തെ ലാങ്കയുടെ (Cardinal Júlio Duarte Langa) വിയോഗത്തിൽ അനുശോചനമറിയിച്ച് ലിയോ പതിനാലാമൻ പാപ്പാ. നീണ്ട 28 വർഷങ്ങൾ രൂപതാദ്ധ്യക്ഷനെന്ന നിലയിൽ പ്രദേശത്തെ വിശ്വാസിസമൂഹത്തിനുൾപ്പെടെ കർദ്ദിനാൾ ലാങ്ക നൽകിയ സേവനങ്ങൾ പരാമർശിച്ച പാപ്പാ, ലാളിത്യവും സമാധാനവും ഇഷ്ടപ്പെട്ടിരുന്നതും, എന്നാൽ തന്റെ ഉത്തരവാദിത്വങ്ങളോട് ആത്മാർത്ഥമായ വിശ്വസ്തത പുലർത്തിയിരുന്നതുമായ ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്ന് രൂപതയുടെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റർ ബിഷപ് ഫ്രാൻസിസ്‌കോ ചിമോയോയ്ക്കയച്ച (Francisco Chimoio, O.F.M.) ടെലെഗ്രാം സന്ദേശത്തിൽ എഴുതി.

വിശ്വസ്തതയുടെ ജീവിതസാക്ഷ്യം

യേശുക്രിസ്തുവിനോടുള്ള വിശ്വസ്തതയിലൂന്നിയ ജീവിതമാണ് കർദ്ദിനാൾ ലാങ്ക നയിച്ചതെന്ന് അനുസ്മരിച്ച പരിശുദ്ധ പിതാവ്, നല്ല ഇടയനായ ക്രിസ്തുവിന്റെ മാതൃക പിന്തുടർന്ന്, ജനങ്ങളോട് എന്നും അടുത്തുനിന്ന അദ്ദേഹം ലാളിത്യത്തോടെയും അക്ഷീണമായ ശുശ്രൂഷാതത്പരതയോടെയും സ്ഥിരോത്സാഹത്തോടെയുമാണ് ദൈവജനത്തെ സേവിച്ചതെന്ന് എഴുതി. ജീവിതത്തിലെ വെല്ലുവിളികൾക്ക് മുന്നിലും അദ്ദേഹം പിന്നോട്ട് പോയിരുന്നില്ലെന്നും, അവയെ സുവിശേഷപ്രഘോഷണത്തിനുള്ള പുതിയ അവസരങ്ങളാക്കി മാറ്റാൻ അദ്ദേഹത്തിന് സാധിച്ചിരുന്നുവെന്നും തന്റെ സന്ദേശത്തിൽ  പാപ്പാ ചൂണ്ടിക്കാട്ടി.

സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും വക്താവ്

മൊസാംബിക്കിലെ പ്രാദേശികസഭയുടെയും ആഗോളസഭയുടെയും സേവനത്തിനായി മാറ്റിവയ്ക്കപ്പെട്ട തന്റെ ജീവിതത്തിൽ, ജനങ്ങൾക്കിടയിൽ സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും സന്ദേശമേകിയാണ് കർദ്ദിനാൾ ലാങ്ക സുവിശേഷപ്രഘോഷണം നടത്തിയതെന്ന് പരിശുദ്ധ പിതാവ് പ്രത്യേകം അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ജീവിതവും പ്രഘോഷണങ്ങളും മൊസാംബിക്കിലേതുൾപ്പെടയുള്ള സഭയ്ക്ക് കരുത്തുറ്റ വിശ്വാസസാക്ഷ്യമായി തുടരുമെന്ന് പാപ്പാ എഴുതി.

ഷെയ്-ഷെയ് രൂപതയുടെ മുൻ അദ്ധ്യക്ഷന്റെ വേർപാട് ദുഃഖത്തിന്റെ നിമിഷമാണെങ്കിൽക്കൂടി, അത് ഉയർപ്പിലുള്ള ക്രൈസ്തവമായ പ്രത്യാശയുടെ സമയം കൂടിയാണെന്ന് എഴുതിയ പാപ്പാ, അദ്ദേഹത്തിന്റെ സുദീർഘമായ ജീവിതത്തെയോർത്ത് ദൈവത്തിന് നന്ദിയർപ്പിച്ചു.

കർദ്ദിനാൾ ലാങ്കയുടെ കുടുംബത്തിനും, അദ്ദേഹം ശുശ്രൂഷ ചെയ്തിരുന്ന രൂപതയ്ക്കും അനുശോചനം രേഖപ്പെടുത്തിയ പാപ്പാ, അദ്ദേഹത്തിന്റെ മൃതസംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കുന്ന ഏവർക്കും തന്റെ അപ്പസ്തോലിക ആശീർവാദം നേർന്നു.

1957-ൽ പുരോഹിതനായി അഭിഷിക്തനായി അഭി. ലാങ്ക, 1976-ലാണ് ഷെയ്-ഷെയ് രൂപതാദ്ധ്യക്ഷനായി നിയമിതനായത്. 2004 വരെ ഈ രൂപതയെ നയിച്ച അദ്ദേഹത്തെ 2015 ഫെബ്രുവരി 14-ന് ഫ്രാൻസിസ് പാപ്പായാണ് കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തിയത്. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

05 ഓഗസ്റ്റ് 2026, 15:18