തിരയുക

സുഭാഷിതങ്ങൾ 28 സുഭാഷിതങ്ങൾ 28 

സമ്പത്തും അധികാരവും ആത്മീയതയും വിവേകമുള്ള മനുഷ്യരുടെ മനോഭാവവും

വചനവീഥി: സുഭാഷിതങ്ങൾ ഇരുപത്തിയെട്ടാം അദ്ധ്യായത്തെക്കുറിച്ചുള്ള ധ്യാനാത്മകമായ പഠനം.
ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സുഭാഷിതഗ്രന്ഥത്തിലെ മുൻ അദ്ധ്യായങ്ങളെക്കുറിച്ചുള്ള വിചിന്തനത്തിൽ നാം കണ്ടതുപോലെ, സോളമൻ എഴുതിയതും, യൂദാരാജാവായ ഹെസക്കിയ ഏതാണ്ട് മുന്നൂറോളം വർഷങ്ങൾക്കിപ്പുറം, സോളമന്റെ സുഭാഷിതങ്ങളുടെ പ്രധാന ശേഖരത്തോട് ചേർത്തുവച്ചതുമായ ഇരുപത്തിയഞ്ച് മുതൽ ഇരുപത്തിയൊൻപതുവരെയുള്ള അദ്ധ്യായങ്ങൾ ഉൾക്കൊള്ളുന്ന ഭാഗത്തുള്ളതാണ് നമുക്ക് മുന്നിലുള്ള ഇരുപത്തിയെട്ടാം അദ്ധ്യായവും. സുഭാഷിതങ്ങളുടെ ഉദ്ദേശം പോലെ, മാതാപിതാക്കളുടെയും ഗുരുജനങ്ങളുടെയും സ്വരത്തിൽ മത, വർഗ്ഗ, ദേശ വ്യത്യാസങ്ങളില്ലാതെ, യുവജനങ്ങൾക്കും ജ്ഞാനം തേടുന്ന ഏതൊരു വ്യക്തിക്കും സ്വീകരിക്കാവുന്നതും പ്രയോഗികമാക്കാവുന്നതുമായ ചിന്തകളും ഉദ്ബോധനങ്ങളുമാണ് ഇരുപത്തിയെട്ടാം അദ്ധ്യായത്തിലും നമ്മൾ കണ്ടുമുട്ടുന്നത്. ന്യായവും നീതിയും ജീവിക്കുന്നത്, പാവപ്പെട്ടവരോടും എളിയവരോടുമുള്ള പെരുമാറ്റത്തിൽ വേണ്ട ശ്രദ്ധ, ദൈവത്തോടും മനുഷ്യരോടുമുള്ള ബഹുമാനം, ധനത്തെക്കുറിച്ചുള്ള ശരിയായ മനോഭാവം തുടങ്ങി വിവിധ വിഷയങ്ങൾ ഇരുപത്തിയെട്ട് വാക്യങ്ങളുള്ള ഈ അദ്ധ്യായത്തിൽ സോളമൻ ഉൾച്ചേർത്തിട്ടുണ്ട്.

നീതിയും ന്യായവും മനുഷ്യരും

നീതിയും ന്യായവുമനുസരിച്ചുള്ള ശരിയായ ജീവിതത്തെക്കുറിച്ചുള്ള ചിന്തകളാണ് ഈ അദ്ധ്യായത്തിൽ പ്രധാനമായും നമുക്ക് കാണാനാകുക. ആരും പിന്തുടരുന്നില്ലെങ്കിലും ദുഷ്ടർ പേടിച്ചോടുമ്പോൾ, സിംഹത്തെപ്പോലെ ധീരരാണ് നീതിമാന്മാരെന്ന (1) ഒന്നാം വാക്യം തന്നെ ഈയൊരു ചിന്ത ഉൾക്കൊള്ളുന്നുണ്ട്. ദുഷ്ടർ നീതി അറിയുന്നില്ലെന്നും, കർത്താവിനെ തേടുന്നവരാണ് അത് മനസ്സിലാക്കുന്നതെന്നും (5) സോളമൻ ഓർമ്മിപ്പിക്കുന്നുണ്ട്. നീതിമാന്മാരുടെ വിജയത്തിൽ ഏവരും ആനന്ദിക്കുമ്പോൾ, ദുഷ്ടരുടെ ഉയർച്ചയിൽ ജനങ്ങൾ ഓടിയൊളിക്കുന്നു (12). ഈയൊരു ചിന്ത അവസാന വാക്യത്തിലും നമുക്ക് കാണാം: “ദുഷ്ടരുടെ ഉയർച്ചയിൽ ആളുകൾ ഓടിയൊളിക്കുന്നു; അവർ അധഃപതിക്കുമ്പോൾ നീതിമാന്മാർ പ്രബലരാകും” (28).

ന്യായത്തിന്റെ കൂടെ നിൽക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്ന ഈ അദ്ധ്യായം, അതിന്റെ അഭാവത്തിൽ ഉണ്ടാകുന്ന തിന്മകളെക്കുറിച്ചും ഓർമ്മിപ്പിക്കുന്നുണ്ട്. അന്യായം പെരുകുമ്പോൾ പലരും അധികാരസ്ഥാനത്തേക്കെത്തുമെന്ന്, എന്നാൽ ബുദ്ധിയും പരിജ്ഞാനവുമുള്ളവർക്ക് മാത്രമേ അതിന്റെ സുസ്ഥിതി നിലനിർത്താനാകൂ എന്ന് സോളമൻ എഴുതുന്നു (2). നിയമം ലംഘിക്കുന്നർ ദുഷ്ടരെ പ്രശംസിക്കുകയും അവരോട് ചേർന്ന് നിൽക്കുകയും ചെയ്യുമ്പോൾ, നിയമം പാലിച്ചുജീവിക്കുന്നവർ ദുഷ്ടരെ എതിർക്കുകയും അവരോട് ഏറ്റുമുട്ടുകയും ചെയ്യുന്നു (4). ധർമ്മമാർഗ്ഗത്തിൽ ചരിക്കുന്നവൻ സുരക്ഷിതനായിരിക്കുമെന്നും, ദുർമാർഗ്ഗത്തിൽ ചരിക്കുന്നവൻ കുഴിയിൽ വീഴുമെന്നും (18) സോളമൻ ഓർമ്മിപ്പിക്കുന്നുണ്ട്.

സ്വന്തം തെറ്റുകൾ മറച്ചുവയ്ക്കുന്നത് ശരിയായ പ്രവൃത്തിയില്ലെന്ന്, തെറ്റ് ഏറ്റുപറയുന്നതുവഴി കരുണ ലഭിക്കുമെന്ന്, ഐശ്വര്യമുണ്ടാകുമെന്ന് (13) സോളമൻ പഠിപ്പിക്കുന്നുണ്ട്. ഇത് ദൈവസന്നിധിയിലുള്ള തുറന്നുപറച്ചിലിനെയാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. നിരന്തരമുള്ള ദൈവഭക്തി അനുഗ്രഹദായകമാണെന്ന, ഹൃദയകാഠിന്യം ദുരിതകരണമാണെന്ന (14) ചിന്തകളും ഇതിനോട് ചേർന്ന് പോകുന്നവയാണ്. ദൈവഭയവും ദൈവഭക്തിയും, തിന്മയിൽനിന്ന് അകന്നുനിൽക്കാനും, വീഴ്ചകളിൽ പൊറുതിയപേക്ഷിക്കാനും പ്രേരണ നൽകുമെന്നും, ക്ഷമയും സ്നേഹവും ലഭിക്കാനും കാരണമാകുമെന്നും ഈ വചനഭാഗം ഉദ്ബോധിപ്പിക്കുന്നു.

ദരിദ്രരോടും പാവങ്ങളോടും മറ്റു മനുഷ്യരോടുമുള്ള പെരുമാറ്റം

എളിയവരോട്, ദരിദ്രരോടും പാവങ്ങളോടും കാണിക്കേണ്ട കരുണയും സ്നേഹവും മര്യാദയുമൊക്കെ ഈ അദ്ധ്യായവും കൈകാര്യം ചെയ്യുന്നുണ്ട്. "ദരിദ്രനെ പീഡിപ്പിക്കുന്ന അധികാരി ഭക്ഷ്യവിളകൾ നശിപ്പിക്കുന്ന പേമാരി പോലെയാണ്" (3) എന്ന ചിന്ത, കാർഷികവൃത്തിയുമായി ബന്ധപ്പെട്ട് മനസ്സിലാക്കാനാകും. തനിക്കുവേണ്ടിക്കൂടി അദ്ധ്വാനിക്കുന്ന  കൃഷിക്കാരെ ബുദ്ധിമുട്ടിക്കുന്ന മുതലാളി, തനിക്കുതന്നെ ലഭിക്കേണ്ട വിളകളും നികുതിയുമാണ് ഇല്ലാതാക്കുന്നത്. നിസ്സഹായരുടെമേൽ ഭരണം നടത്തുന്ന ദുഷ്ടനായ രാജാവിനെ ഗർജ്ജിക്കുന്ന സിംഹത്തോടും ഇര തേടുന്ന കരടിയോടുമാണ് സോളമൻ താരതമ്യം ചെയ്യുന്നത് (15) പ്രജകളെ ക്രൂരമായി പീഡിപ്പിക്കുന്ന രാജാവ് ബുദ്ധിശൂന്യനാണെന്നും അവൻ ഓർമ്മിപ്പിക്കുന്നുണ്ട് (16)

താൻ ബുദ്ധിമാനാണെന്ന ചിന്തയിൽ ധനികൻ ജീവിക്കുമ്പോൾ, അവന്റെ മൗഢ്യത്യം ബുദ്ധിമാനായ ദരിദ്രന് തിരിച്ചറിയാനാകും (11). മറ്റുള്ളവരോട് കരുണയോടെ പെരുമാറാനുള്ള ആഹ്വാനം നൽകിക്കൊണ്ട്, ദരിദ്രർക്ക് ദാനം ചെയ്യുന്നവന് ക്ഷാമമുണ്ടാകില്ലെന്ന് എഴുതുന്ന സോളമൻ, അവരുടെ നേരെ കണ്ണടയ്ക്കുന്നവന് ശാപത്തിന് മേൽ ശാപം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുന്നുണ്ട് (27).

കൽപ്പന പാലിക്കുന്ന പുത്രൻ ജ്ഞാനിയാണെന്ന് ഓർമ്മിപ്പിക്കുന്ന സുഭാഷിതം, ദുർവൃത്തരോട് ചേർന്ന് നടക്കുന്നവർ അവരുടെ മാതാപിതാക്കൾക്ക് പോലും അപമാനകാരണമാകുമെന്ന് (7) പഠിപ്പിക്കുന്നുണ്ട്. സത്യസന്ധതരെ ദുർമാർഗ്ഗത്തിലേക്ക് നയിക്കുന്നവർ, വഴി തെറ്റിക്കുന്നവർ, തങ്ങളുടെ തന്നെ കുഴിയിൽ വീഴുമെന്നും, എന്നാൽ നിഷ്കളങ്കരായവർക്ക് നന്മയുണ്ടാകുമെന്നും (10) സോളമൻ എഴുതുന്നു. കൊലപാതകി മരണം വരെ അലഞ്ഞുതിരിയട്ടെയെന്ന, അവന് ഇടം കൊടുക്കരുതെന്ന (17) വാക്കുകളെ പഴയനിയമകാല ചിന്തയുടെ പശ്ചാത്തലത്തിൽ നമുക്ക് മനസ്സിലാക്കാനാകും. സ്വാർത്ഥലാഭത്തിനുവേണ്ടി, അപ്പക്കഷണത്തിന് വേണ്ടി മനുഷ്യർ തെറ്റ് ചെയ്യുന്നുവെന്ന് ഓർമ്മിപ്പിക്കുന്ന സോളമൻ, പക്ഷപാതം നല്ലതല്ലെന്ന് (21) ഉദ്ബോധിപ്പിക്കുന്നുണ്ട്. കപടമായ മുഖസ്തുതിയെക്കാൾ, നന്മയിലേക്ക് വളരാൻ സഹായിക്കുന്ന ശാസനയാണ് നല്ലതെന്ന്, അത്തരം പ്രവൃത്തികളാണ് പ്രീതി നേടാൻ ഉപകരിക്കുകയെന്നും (23) അവൻ പറയുന്നു. സുഭാഷിതത്തിന്റെ ഇരുപത്തിയേഴാം അദ്ധ്യായത്തിലും സമാന ചിന്ത നാം കാണുന്നുണ്ട് (സുഭാ. 27, 6). പരിമിതമായ സ്വന്തം ബുദ്ധിയിൽ വിശ്വാസമർപ്പിക്കാതെ, സുഭാഷിതമുൾപ്പെടെയുള്ള ഉദ്ബോധനങ്ങൾ പകരുന്ന ജ്ഞാനത്തിന്റെ പാതയിൽ സുരക്ഷിതമായി സഞ്ചരിക്കാനും (26) സോളമൻ യുവജനങ്ങളെ ആഹ്വാനം ചെയ്യുന്നുണ്ട്.

ധനവും സമ്പത്തും ദാരിദ്ര്യവും ശരിയായ മനോഭാവവും

അമിതമായ ധനമോഹവും അത് മുന്നോട്ടുവയ്ക്കുന്ന പ്രലോഭനങ്ങളും സോളമൻ ഈ അദ്ധ്യായത്തിലും പരാമർശിക്കുന്നുണ്ട്. വക്രബുദ്ധിയായ, ദുഷ്ടനായ ധനവാനെക്കാൾ സത്യസന്ധനായ ദരിദ്രനാണ് ശ്രേഷ്ഠനെന്ന് (6), സാമ്പത്തികസ്ഥിതിയെക്കാൾ വ്യക്തിയുടെ നല്ല മൂല്യങ്ങളാണ് നാം പരിഗണിക്കേണ്ടതെന്ന് യുവജനങ്ങളെ അവൻ ഉദ്ബോധിപ്പിക്കുന്നുണ്ട്. തെറ്റായ പ്രവൃത്തികളിലൂടെ നേടുന്നത് എന്നും നിലനിൽക്കില്ലെന്ന്, പലിശയും കൊള്ളലാഭവും വഴി നേടിയത്, ദരിദ്രരോട് ദയ കാണിക്കുന്നവരുടെ കൈകളിലേക്ക് പോകുമെന്ന് (8) അവൻ മുന്നറിയിപ്പ് നൽകുന്നു. പഴയനിയമചിന്തയിൽ പലിശ വാങ്ങുന്നത്, പ്രത്യേകിച്ച് സഹോദരങ്ങളോട് പലിശ വാങ്ങുന്നത്, കൂടുതൽ പ്രോത്സാഹിപ്പിച്ചിരുന്നില്ല എന്ന് നമുക്കറിയാം (പുറപ്പാട്, 22, 25; ലേവ്യർ 25, 36, നിയമ. 23, 20; സങ്കീ. 15, 5).

കൃഷിയുടെ സംസ്കാരം കൂടുതലായി പ്രാധാന്യമർഹിച്ചിരുന്ന ഒരു കാലത്ത്, മണ്ണിൽ ശരിയായി അദ്ധ്വാനിച്ചാൽ ആഹാരം ലഭിക്കുമെന്ന് ഓർമ്മിപ്പിക്കുന്ന സോളമൻ, പാഴ്വേല ഉപകാരപ്പെടില്ലെന്ന് (19) മുന്നറിയിപ്പ് നൽകുന്നുണ്ട്. വിശ്വസ്തത അനുഗ്രഹകാരണമാകുമെന്ന് പഠിപ്പിക്കുന്ന സുഭാഷിതം, ഏതുവിധേനയും വേഗത്തിൽ ധനികനാകാനുള്ള പരിശ്രമം നല്ലതല്ലെന്നും (20) ഉദ്ബോധിപ്പിക്കുന്നുണ്ട്. സമ്പത്തിന് പിന്നാലെ പരക്കം പായുന്ന പിശുക്കനെ ദാരിദ്ര്യം പിടികൂടുമെന്ന് സോളമൻ മുന്നറിയിപ്പ് നൽകുന്നു (22). കൊള്ളലാഭം വെറുക്കുന്നവന്, ന്യായമായി പെരുമാറുന്നവന് ദീർഘായുസ്സുണ്ടാകുമെന്നും (16b) അവൻ ഉറപ്പുനൽകുന്നുണ്ട്.

കരുണയില്ലാതെ മാതാപിതാക്കളിൽനിന്ന് പോലും പിടിച്ചുപറിക്കുകയും അതിൽ തെറ്റ് കാണാതിരിക്കുകയും ചെയ്യുന്നവനെ, എല്ലാം നശിപ്പിക്കുന്നവന്റെ സുഹൃത്തായാണ് സുഭാഷിതം കാണുന്നത്.

ഉപസംഹാരം

നീതിയുടെയും ന്യായത്തിന്റെയും നന്മയുടെയും പാതയിൽ മുന്നോട്ട് പോകാനും ജീവിതത്തെയും പ്രവൃത്തികളെയും വിവേകപൂർവ്വം വിലയിരുത്താനും ജ്ഞാനപൂർവ്വം നിയന്ത്രിക്കാനും ഉദ്ബോധിപ്പിക്കുന്ന സോളമന്റെ ചിന്തകളടങ്ങിയ ഇരുപത്തിയെട്ടാം അദ്ധ്യായത്തെക്കുറിച്ചുള്ള വിചിന്തനങ്ങൾ ചുരുക്കുമ്പോൾ, നമ്മുടെ ജീവിതത്തിലും ഈ ഉദ്ബോധനങ്ങൾ സ്വീകരിക്കുകയും അവയനുസരിച്ച് ജീവിക്കുകയും ചെയ്യാം. ദുർമാർഗ്ഗത്തിലും ദുഷ്ടരിൽനിന്നും നിന്ന് അകന്ന്, ശരിയുടെയും വിവേകത്തിന്റെയും പാതയിൽ, മറ്റുള്ളവരോട്, പ്രത്യേകിച്ച് ദരിദ്രരോടും പാവങ്ങളോടും ജീവിതത്തിൽ വീഴ്ചകൾ സംഭവിച്ചവരോടും, കരുണയോടെയും ക്ഷമയോടെയും ഇടപെട്ടുകൊണ്ട് ദൈവത്തിനും മനുഷ്യർക്കും മുന്നിൽ സ്വീകാര്യരാകാൻ പരിശ്രമിക്കാം. അർഹമായവയ്ക്ക് വേണ്ടി അദ്ധ്വാനിക്കുമ്പോൾത്തന്നെ, അമിതമായ സമ്പത്തിനും അധികാരത്തിനും വേണ്ടിയുള്ള മോഹവും ശ്രമങ്ങളും ഒഴിവാക്കാം. കൂടുതലായി ദൈവത്തിൽ ആശ്രയിക്കുകയും, തന്നോട് ചേർന്ന് നിൽക്കുന്നവരെ പരിപാലിക്കുന്ന അവനിൽ കൂടുതലായി ശരണപ്പെടുകയും ചെയ്യാം. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

04 ഓഗസ്റ്റ് 2026, 15:22