സുവിശേഷത്തിന്റെ വഴിയിൽ ഐക്യത്തിനും സമാധാനത്തിനും സാക്ഷികളായി ജീവിക്കുക: ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
സുവിശേഷത്തിന്റെ പാതയിൽ സഞ്ചരിക്കാൻ സാൻ മരീനോയിലെ വിശ്വാസിസമൂഹത്തെ ആഹ്വാനം ചെയ്തും, ലോകത്തിലെ തന്നെ ചെറുരാജ്യങ്ങളിൽ ഒന്നായ സാൻ മരീനോയുടെ സ്ഥാപകരായി കണക്കാക്കപ്പെടുന്ന വിശുദ്ധ മരീനോയും ലിയോയുടെയും മാതൃക ഉയർത്തിക്കാട്ടിയും പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ. സാൻ മരീനോയിലേക്കും, റിമിനി നഗരത്തിലേക്കും നടത്തിയ അജപാലന സന്ദർശനത്തിന്റെ ഭാഗമായി, സാൻ മരീനോ ബസലിക്കയിൽ വച്ച് രാജ്യത്തെ വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ്, ഇത്തരമൊരു ആഹ്വാനം പരിശുദ്ധ പിതാവ് മുന്നോട്ട് വച്ചത്.
ആരാധന, വിശുദ്ധ മരീനോയുടെയും ലിയോയുടെയും അനുസ്മരണം
വിശുദ്ധ കുർബാനയുടെ ആരാധനയും, വിശുദ്ധ മരീനോയുടെ തിരുശേഷിപ്പിന്റെ വണക്കവും ഉൾച്ചേർന്ന ഈ സമ്മേളനത്തിന്റെ അവസാനം നടത്തിയ തന്റെ പ്രഭാഷണത്തിൽ, സുവിശേഷ മൂല്യങ്ങൾ ജീവിതത്തിൽ പകർത്താനും, സമൂഹത്തിൽ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സാക്ഷികളാകാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.
വിശുദ്ധ മരീനോയും ലിയോയും, സ്വാതന്ത്ര്യം, പരസ്പരബഹുമാനം കൂട്ടായ്മ, തുടങ്ങിയ ക്രൈസ്തവമൂല്യങ്ങളിൽ അടിത്തറയിട്ട ജീവിതത്തിലൂടെയാണ് സാക്ഷ്യമേകിയതെന്ന് പറഞ്ഞ പരിശുദ്ധ പിതാവ്, ഈ പാരമ്പര്യം ഇന്നത്തെ സഭയും പൊതുസമൂഹവും തീക്ഷണതയോടെയും വിശ്വസ്തതയോടെയും ആത്മാർത്ഥതയോടെയും മുറുകെപ്പിടിക്കുകയും മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യേണ്ടതുണ്ടെന്ന് ഓർമ്മിപ്പിച്ചു. സാൻ മരീനോ-മോന്തെഫെൽത്രോ രൂപതയുടേത് ശക്തമായ വിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും ചരിത്രമാണെന്ന് പരിശുദ്ധ പിതാവ് പ്രസ്താവിച്ചു.
യുവാക്കളും സ്വപ്നങ്ങളും
സാൻ മരീനോയിലെ യുവജനങ്ങളെ അഭിവാദ്യം ചെയ്‌ത് സംസാരിക്കവെ, അനന്തതയിലേക്ക് തുറന്ന ഒരു ജാലകം പോലെ, തുറന്ന ഹൃദയത്തിന്റെ ഉടമകളാകാൻ പരിശുദ്ധ പിതാവ് ക്ഷണിച്ചു. സൗന്ദര്യം, നന്മ, ജീവൻ എന്നിവയോടുള്ള ആഗ്രഹങ്ങളെ പിന്തുടരുന്നതിലൂടെ ദൈവത്തെ കണ്ടെത്താൻ പരിശ്രമിക്കേണ്ടതുണ്ടെന്ന് ഉദ്‌ബോധിപ്പിച്ച പാപ്പാ, വിവാഹജീവിതം, സമർപ്പിതജീവിതം, പൗരോഹിത്യശുശ്രൂഷ, തൊഴിൽമേഖല, സാമൂഹിക-രാഷ്ട്രീയ പ്രവർത്തനങ്ങൾ തുടങ്ങിയ ഉത്തരവാദിത്വപൂർണ്ണമായ മേഖലകളിൽ ധൈര്യപൂർവ്വം തിരഞ്ഞെടുപ്പുകൾ നടത്താൻ മടിക്കരുതെന്ന് ഓർമ്മിപ്പിച്ചു..
കുടുംബവും സഭയും
കുട്ടികളുടെ വിശ്വാസപരമായ വളർച്ചയിൽ മാതാപിതാക്കൾക്കൊപ്പം വൈദികർ, മതബോധകർ, അധ്യാപകർ എന്നിവർ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് അനുസ്മരിച്ച പാപ്പാ, വിദ്യാഭ്യാസരംഗത്തും കുടുംബങ്ങളും സഭാസമൂഹങ്ങളും തമ്മിലുള്ള സഹകരണം അനിവാര്യമാണെന്ന് ഓർമ്മിപ്പിച്ചു..
സംഘർഷങ്ങളും ഐക്യവും
ലോകത്തിന്റെ വിവിധയിടങ്ങളിൽ അവസാനമില്ലാതെയും മരണവും നാശനഷ്ടങ്ങളും വിതച്ചും തുടരുന്ന സംഘർഷങ്ങളുടെയും യുദ്ധങ്ങളുടെയും പശ്ചാത്തലത്തിൽ സംസാരിച്ച പാപ്പാ, അക്രമചിന്തകളും ഭയവും വിഭജന മനോഭാവവും നിലനിൽക്കുന്ന സമകാലീന സാഹചര്യത്തിൽ സുവിശേഷത്തിന്റെ പാതയിലൂടെ കൂടുതൽ ഉറച്ചുനടക്കുകയാണ് ക്രൈസ്തവർ ചെയ്യേണ്ടതെന്ന് ഉദ്‌ബോധിപ്പിച്ചു. ദുർബലരോടുള്ള കരുതൽ, ക്ഷമ, ഒരുമ, ഐക്യദാർഢ്യം തുടങ്ങിയ മൂല്യങ്ങൾ സമൂഹത്തിന്റെ അടിത്തറയാകണമെന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു..
കൂട്ടായ്മയുടെ പ്രാധാന്യം എടുത്തുപറഞ്ഞ ലിയോ പതിനാലാമൻ പാപ്പാ, ഇടവകകൾക്കിടയിലും ഇടവകകൾക്കുള്ളിലും വൈദികരും വിശ്വാസികളും തമ്മിലും ഐക്യത്തിന്റെയും സഹോദര്യത്തിന്റെയും സാക്ഷ്യം തുടരേണ്ടതുണ്ടെന്ന് ഓർമ്മിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
