തിരയുക

ലിയോ പതിനാലാമൻ പാപ്പാ - അജപാലന സന്ദർശന യാത്രയിൽനിന്നുള്ള ഒരു ദൃശ്യം ലിയോ പതിനാലാമൻ പാപ്പാ - അജപാലന സന്ദർശന യാത്രയിൽനിന്നുള്ള ഒരു ദൃശ്യം  (@Vatican Media)

സാൻ മരീനോയിൽ അജപാലനസന്ദർശനം നടത്തി ലിയോ പതിനാലാമൻ പാപ്പാ

ഓഗസ്റ്റ് 22 ശനിയാഴ്ച രാവിലെ ലിയോ പതിനാലാമൻ പാപ്പാ ലോകത്തിലെതന്നെ ചെറുരാജ്യങ്ങളിലൊന്നായ സാൻ മരീനോ സന്ദർശിച്ചു. രാജ്യത്ത് ഔദ്യോഗിക, സഭാ നേതൃത്വങ്ങളും പൗരസമിതിയും വിശ്വാസികളും ഉൾക്കൊള്ളുന്ന സമൂഹത്തോട് നടത്തിയ പ്രഭാഷണങ്ങളിൽ രാജ്യത്തിന്റെ പുരാതനചരിത്രവും, വിശ്വാസപരമ്പര്യവും, മാതൃകാപരമായ സാമൂഹിക, രാഷ്ട്രീയ നയങ്ങളും പരിശുദ്ധ പിതാവ് എടുത്തുകാട്ടി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ വത്തിക്കാനിൽനിന്ന്, ലോകത്തിലെ ചെറുരാജ്യങ്ങളിലൊന്നായ സാൻ മരീനോ റിപ്പബ്ലികിൽ അജപാലനസന്ദർശനത്തിനായി ലിയോ പതിനാലാമൻ പാപ്പാ എത്തി. പരിശുദ്ധ സിംഹാസനം മുൻകൂട്ടി അറിയിച്ചിരുന്നതുപോലെ, സാൻ മരീനോയിലേക്കും റിമിനിയിലേക്കുമുള്ള അജപാലന സന്ദർശനത്തിന്റെ ഭാഗമായാണ് പരിശുദ്ധ പിതാവ് ഓഗസ്റ്റ് 22 ശനിയാഴ്ച രാവിലെ വത്തിക്കാനിൽനിന്ന് ഹെലികോപ്റ്ററിൽ ഇറ്റലിയുടെ അതിർത്തികൾക്കുള്ളിലുള്ള ഈ ചെറുരാജ്യത്തേക്കെത്തിയത്.

രാവിലെ എട്ടുമണിയോടെ വത്തിക്കാനിലെ ഹെലിപാഡിൽനിന്ന് യാത്ര തിരിച്ച പാപ്പാ, എട്ടേമുക്കാലോടെയാണ് സാൻ മരീനോയിലുള്ള തൊറാച്ച ഹെലിപാഡിലെത്തിയത്.

ഔദ്യോഗിക സ്വീകരണവും പൊതുസമ്മേളനവും

നാലാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ ഉണ്ടായിരുന്ന സാൻ മരീനോയിലെത്തിയ പാപ്പായ്ക്ക്, റീജന്റ് ക്യാപ്റ്റന്മാരുടെ നേതൃത്വത്തിൽ രാജ്യം സ്വാഗതമേകി. തുടർന്ന് "പൊതുകൊട്ടാരം" (Public Palace) എന്ന പേരിൽ അറിയപ്പെടുന്ന സമുച്ചയത്തിലേക്കെത്തിയ പാപ്പാ, രാജ്യത്തിന്റെ സ്റ്റേറ്റ് സെക്രെട്ടറിമാരുമായും റീജന്റ് ക്യാപ്റ്റന്മാരുമായും (Captains Regent) സ്വകാര്യ കൂടിക്കാഴ്ച നടത്തി.

"പൊതു കൊട്ടാരത്തിലെ" "കൊൺസീലിയോ ഗ്രാന്തെ" ശാലയിൽ വച്ച് രാജ്യത്തെ ഔദ്യോഗിക, രാഷ്ട്രീയ നേതൃത്വങ്ങളുടെ സാന്നിദ്ധ്യത്തിൽ തന്റെ ആദ്യ ഔഗ്യോഗികസമ്മേളനവും പ്രഭാഷണവും നടത്തിയ പരിശുദ്ധ പിതാവ് തുടർന്ന്, പൊതുകൊട്ടാരത്തിന്റെ മട്ടുപ്പാവിൽ നിന്നുകൊണ്ട്, മുന്നിലെ ചത്വരത്തിലുണ്ടായിരുന്ന വിശ്വാസികളെ അഭിവാദ്യം ചെയ്യുകയും ഏവർക്കും ആശീർവാദം നൽകുകയും ചെയ്തു.

റിമിനി ബസലിക്കയും വിശ്വാസിസമൂഹവും

സാൻ മരീനോയിലെ പുരാതന വിശ്വാസിസമൂഹവുമൊത്തുള്ള കൂടിക്കാഴ്ചയായിരുന്നു രാജ്യത്തെ പരിശുദ്ധ പിതാവിന്റെ രണ്ടാമത്തെ പൊതുപരിപാടി. ഇതിനായി പൊതു കൊട്ടാരത്തിൽനിന്ന് സാൻ മരീനോ ബസലിക്കയിലെത്തിയ പാപ്പാ, അവിടെ വിശുദ്ധ കുർബാനയുടെ ആരാധനയിൽ പങ്കെടുക്കുകയും, രാജ്യത്തിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട വിശുദ്ധ മരീനോയുടെ തിരുശേഷിപ്പുകൾ വണങ്ങുകയും ചെയ്തു. രൂപതാദ്ധ്യക്ഷൻ ബിഷപ് ഡൊമിനിക്കോ ബെനെവെന്തിയും (Bishop Domenico Beneventi), ബസലിക്ക റെക്ടർ ഫാ. മാർക്കോ മത്സാന്തിയും (Fr. Marco Mazzanti) ചേർന്നായിരുന്നു പരിശുദ്ധ പിതാവിന് സ്വാഗതമേകിയത്.

സാൻ മരീനോ-മോന്തെഫെൽത്രോ രൂപതയിലെ വൈദികരും, സമർപ്പിതരും, വിശ്വാസിസമൂഹവുമൊത്തുള്ള ഈ ചടങ്ങിൽ, രാജ്യത്തിൻറെ വിശ്വാസപാരമ്പര്യം അനുസ്മരിച്ചും, ക്രൈസ്തവ വിശ്വാസമനുസരിച്ചുള്ള ജീവിതത്തിന് ഏവരെയും ആഹ്വാനം ചെയ്തും, ദൈവവിളികളുടെ പ്രാധാന്യം എടുത്തുകാണിച്ചും പരിശുദ്ധ പിതാവ് പ്രഭാഷണം നടത്തി.

പരിശുദ്ധ പിതാവ് റിമിനിയിലേക്ക്

റിമിനിയിൽ നടക്കുന്ന "ജനതകൾക്കിടയിലെ സൗഹൃദത്തിനായുള്ള സമ്മേളനമായിരുന്നു" (MEETING PER L’AMICIZIA FRA I POPOLI) പരിശുദ്ധ പിതാവിന്റെ ഇത്തവണത്തെ അജപാലന സന്ദർശനത്തിന്റെ രണ്ടാം പാദം. ഇതിന്റെ ഭാഗമായി പാപ്പാ, സാൻ മരീനോയിലെ കൂടിക്കാഴ്ചകൾക്കും ഔദ്യോഗികപരിപാടികൾക്കും ശേഷം, ഉച്ചയോടെ ഹെലികോപ്റ്ററിൽ റിമിനിയിലേക്ക് യാത്രയായി.

റിമിനിയിലെ കൂടിക്കാഴ്ചകൾക്ക് ശേഷം വൈകിട്ട് ഒൻപത് മണിയോടെ പരിശുദ്ധ പിതാവ് തിരികെ വത്തിക്കാനിലെത്തുമെന്നാണ് പരിശുദ്ധ സിംഹാസനം അറിയിച്ചിരുന്നത്. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

22 ഓഗസ്റ്റ് 2026, 13:01