തിരയുക

ലിയോ പതിനാലാമൻ പാപ്പാ ലിയോ പതിനാലാമൻ പാപ്പാ  (ANSA)

സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള ആഗോള പ്രാർത്ഥനാദിനം: സമാധാനസ്ഥാപനത്തിന് ആഹ്വാനവുമായി ലിയോ പതിനാലാമൻ പാപ്പാ

സെപ്റ്റംബർ 1-ന് ആചരിക്കപ്പെടുന്ന "സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള ആഗോള പ്രാർത്ഥനാദിനം" പ്രകൃതി സംരക്ഷണത്തിനും പ്രാർത്ഥനയ്ക്കും മാത്രമല്ല, നിരായുധീകരണത്തിനും സമാധാനസ്ഥാപനത്തിനും കൂടിയാണ് നമ്മെ ക്ഷണിക്കുന്നതെന്ന് ലിയോ പതിനാലാമൻ പാപ്പാ. ഈ ആഗോളദിനവുമായി ബന്ധപ്പെട്ട് നൽകിയ തന്റെ സന്ദേശത്തിൽ, യുദ്ധവും പരിസ്ഥിതി നാശവും മനുഷ്യഹൃദയത്തിലെ അസന്തുലിതാവസ്ഥയുടെ പ്രതിഫലനമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

യുദ്ധത്തിനും ആക്രമണങ്ങൾക്കും ഉപയോഗിക്കുന്ന വിഭവങ്ങളും സമ്പത്തും വികസനത്തിനും ദാരിദ്ര്യനിർമ്മാർജ്ജനത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി വിനിയോഗിക്കാൻ ആഹ്വാനവുമായി ലിയോ പതിനാലാമൻ പാപ്പാ. സെപ്റ്റംബർ ഒന്നാം തീയതി ആചരിക്കപ്പെടുന്ന "സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള ആഗോള പ്രാർത്ഥനാദിന"ത്തിന്റെ പശ്ചാത്തലത്തിൽ നൽകിയ തന്റെ സന്ദേശത്തിൽ, സമൂഹങ്ങൾക്കും രാജ്യങ്ങൾക്കും ഇടയിലും, അതുവഴി പ്രകൃതിയിലും ഉത്തരവാദിത്വപരമായ രീതിയിൽ ഇടപെടാനും പരിശുദ്ധ പിതാവ് ഏവരെയും ആഹ്വാനം ചെയ്തു.

ആയുധങ്ങളെ സമാധാനത്തിന്റെ ഉപകരണങ്ങളാക്കി മാറ്റണമെന്ന്, ഏശയ്യാ പ്രവാചകന്റെ ഗ്രന്ഥത്തിലെ "അവരുടെ വാള്‍ കൊഴുവും അവരുടെ കുന്തം വാക്കത്തിയും ആയി അടിച്ചു രൂപപ്പെടുത്തും" (ഏശയ്യാ 2, 4) എന്ന വചനത്തെ പരാമർശിച്ചുകൊണ്ട് പാപ്പാ ഉദ്‌ബോധിപ്പിച്ചു. നാശത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ ജീവൻ പരിപോഷിപ്പിക്കുന്നതിനുള്ള ഉപകാരണങ്ങളാക്കി മാറ്റേണ്ടത് സമകാലീനലോകത്തിന്റെ ആവശ്യവും ഉത്തരവാദിത്വവുമാണെന്ന് പരിശുദ്ധ പിതാവ് ഓർമ്മപ്പെടുത്തി. കുന്തങ്ങൾ വാക്കത്തിയായി മാറ്റാനുള്ള പ്രവാചകക്ഷണം രാജ്യങ്ങൾക്ക് മാത്രമല്ല, ഓരോ മനുഷ്യർക്കും മുന്നിലുള്ള ആഹ്വാനമാണെന്ന് പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു.

യുദ്ധങ്ങളും പരിസ്ഥിതി നാശവും

യുദ്ധം മനുഷ്യജീവനുകൾ നഷ്ടപ്പെടുത്തുന്നതിന് പുറമെ കുടുംബങ്ങളെ തകർക്കുകയും ദശലക്ഷക്കണക്കിന് ആളുകളെ സ്വന്തം വീടുകളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരാക്കുകയും ചെയ്യുന്നുവെന്ന് അനുസ്മരിച്ച പാപ്പാ, അതേസമയം, യുദ്ധം പരിസ്ഥിതിക്കും ഗുരുതരമായ നാശമുണ്ടാക്കുന്നുണ്ടെന്നും ഓർമ്മിപ്പിച്ചു. ജലവും വായുവും മലിനമാകുന്നതോടെ ഭക്ഷ്യസുരക്ഷ തകരുകയും ദാരിദ്ര്യവും അസമത്വവും സാമൂഹിക സംഘർഷങ്ങളും വർദ്ധിക്കുകയും ചെയ്യുമെന്ന് പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു.

ഹൃദയത്തിൽ ആരംഭിക്കേണ്ട മാറ്റം

അക്രമവും അനീതിയും പരിസ്ഥിതി നാശവും അപൂർണമായ സാമൂഹിക സംവിധാനങ്ങളുടെ മാത്രം ഫലമല്ലെന്നും മനുഷ്യഹൃദയത്തിലെ ആഴത്തിലുള്ള അസന്തുലിതാവസ്ഥയുമായി അവ ബന്ധപ്പെട്ടിരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയ ലിയോ പതിനാലാമൻ പാപ്പാ, അതുകൊണ്ടുതന്നെ സമാധാനപരമായ സമൂഹം കെട്ടിപ്പടുക്കാൻ ഘടനാപരമായ പരിഷ്കാരങ്ങൾക്കൊപ്പം ഹൃദയങ്ങളുടെ നവീകരണവും ആവശ്യമാണെന്ന് പ്രസ്താവിച്ചു.

നശീകരണത്തിനുവേണ്ടിയുള്ള ആയുധങ്ങളല്ല, സത്യം, സംവാദം, ക്ഷമ, നന്മ, നീതി, കരുണ, മറ്റുളളവരെ മനസ്സിലാക്കാനുള്ള ശ്രമങ്ങൾ, കരുതൽ, സ്നേഹം തുടങ്ങിയവയാണ് യഥാർത്ഥ സമാധാനത്തിന്റെ ഉപകരണങ്ങളെന്ന് പറഞ്ഞ പാപ്പാ, യുദ്ധത്തിനായി വിനിയോഗിക്കുന്ന ഊർജവും വിഭവങ്ങളും ദരിദ്രരുടെ ക്ഷേമത്തിനും മനുഷ്യവികസനത്തിനും സൃഷ്ടിയുടെ സംരക്ഷണത്തിനുമായി മാറ്റിവയ്ക്കുന്ന ഒരു ലോകമാണ് നാം ലക്‌ഷ്യം വയ്‌ക്കേണ്ടതെന്ന് ഉദ്‌ബോധിപ്പിച്ചു.

മനുഷ്യഹൃദയത്തിന്റെ പരിവർത്തനത്തിലൂടെ ആരംഭിക്കുന്ന ഈ സമാധാനം, കുടുംബങ്ങളിലും സമൂഹങ്ങളിലും ലോകത്താകമാനവും പ്രതിഫലിക്കേണ്ടതുണ്ടെന്നും തന്റെ സന്ദേശത്തിൽ പരിശുദ്ധ പിതാവ് എഴുതി. “വാളുകൾ യഥാർത്ഥത്തിൽ കൊഴുവായി മാറുന്ന” കാലത്തിനായി വിശ്വാസത്തോടും ധൈര്യത്തോടും കൂടി പ്രാർത്ഥിക്കാനും പ്രവർത്തിക്കാനും പാപ്പാ ഏവരെയും ക്ഷണിച്ചു. ക്രിസ്തുവിന്റെ സമാധാനം സൃഷ്ടലോകത്ത് മുഴുവൻ ഭരിക്കട്ടെയെന്ന ആശംസയോടെയാണ്, പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോഹണത്തിരുനാൾ ദിനമായ ഓഗസ്റ്റ് 15-ന് ഒപ്പിട്ട തന്റെ സന്ദേശം പാപ്പാ അവസാനിപ്പിച്ചത്.

2015-ൽ ഫ്രാൻസിസ് പാപ്പായാണ് "ലൗദാത്തോ സി" എന്ന ചാക്രികലേഖനത്തിന്റെ കൂടി പശ്ചാത്തലത്തിൽ, നമ്മുടെ പൊതുഭവനമായ ഭൂമിയുടെ സംരക്ഷണം മുന്നിൽക്കണ്ട് ഇത്തരമൊരു ദിനാചരണം സ്ഥാപിച്ചത്. സെപ്റ്റംബർ 1-ന് ആരംഭിക്കുന്ന "സൃഷ്ടിയുടെ സമയം" എന്ന നീതിയുടെയും, ഭൂമിയോടുള്ള പരിഗണനയുടെയും പ്രത്യേക കാലം ഒക്ടോബർ 4-ന് വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ തിരുനാൾ ദിനത്തിലാണ് അവസാനിക്കുന്നത്. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

20 ഓഗസ്റ്റ് 2026, 13:24