തിരയുക

രക്തസാക്ഷി വാഴ്ത്തപ്പെട്ട ഫാ. വ്‌ലാദിസ്ലാവ് ഫിൻഡിഷ് രക്തസാക്ഷി വാഴ്ത്തപ്പെട്ട ഫാ. വ്‌ലാദിസ്ലാവ് ഫിൻഡിഷ്  (©findysz.org)

പോളണ്ടിലെ കമ്മ്യൂണിസ്റ്റ് പീഡനത്തിന്റെ ആദ്യ രക്തസാക്ഷിയെ അനുസ്മരിച്ച് ലിയോ പതിനാലാമൻ പാപ്പാ

പോളണ്ടിലെ കമ്മ്യൂണിസ്റ്റ് ഭരണകൂട മതപീഡനത്തിന്റെ രക്തസാക്ഷി ഫാ. വ്‌ലാദിസ്ലാവ് ഫിൻഡിഷിനെ അനുസ്മരിച്ച് ലിയോ പതിനാലാമൻ പാപ്പാ. ഓഗസ്റ്റ് 19 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ പോളിഷ് ഭാഷക്കാരായ തീർത്ഥാടകരെയും സന്ദർശകരെയും, "സ്റാലിനിസത്തിന്റെയും നാസിസത്തിന്റെയും ഇരകളായിത്തീർന്നവരെ അനുസ്മരിക്കാനുള്ള യൂറോപ്യൻ ദിനത്തിന്റെ" കൂടി പശ്ചാത്തലത്തിൽ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു പാപ്പാ.

വത്തിക്കാൻ ന്യൂസ്

"സ്റാലിനിസത്തിന്റെയും നാസിസത്തിന്റെയും ഇരകളായിത്തീർന്നവരെ അനുസ്മരിക്കാനുള്ള യൂറോപ്യൻ ദിനത്തിന്റെ" പശ്ചാത്തലത്തിൽ, പോളണ്ടിലെ കമ്മ്യൂണിസ്റ്റ് ഭരണകൂട മതപീഡനത്തിന്റെ രക്തസാക്ഷി വാഴ്ത്തപ്പെട്ട ഫാ. വ്‌ലാദിസ്ലാവ് ഫിൻഡിഷിനെ (Władysław Findysz) അനുസ്മരിച്ച് ലിയോ പതിനാലാമൻ പാപ്പാ. ഓഗസ്റ്റ് 19 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ, പോളിഷ് ഭാഷക്കാരായ വിശ്വാസികളെയും സന്ദർശകരെയും അഭിസംബോധന ചെയ്‌ത്‌ സംസാരിക്കവെയാണ് ഫാ. ഫിൻഡിഷിനെ പരിശുദ്ധ പിതാവ് അനുസ്മരിച്ചത്.

തിന്മയെ നന്മ കൊണ്ട് പരാജയപ്പെടുത്തിയും, ക്ഷമിക്കുന്ന സ്നേഹത്തിലൂടെയുമാണ് സ്നേഹസംസ്കാരം വളർത്തിയെടുക്കാനകുന്നതെന്നാണ് വാഴ്ത്തപ്പെട്ട ഫിൻഡിഷിന്റെ ഓർമ്മകൾ നമ്മെ ഉദ്ബോധിപ്പിക്കുന്നതെന്ന് പാപ്പാ പ്രസ്താവിച്ചു. എല്ലാ വർഷവും ഓഗസ്റ്റ് 24-നാണ് സ്റാലിനിസത്തിന്റെയും നാസിസത്തിന്റെയും ഇരകളെ യൂറോപ്പ് പ്രത്യേകമായി അനുസ്മരിക്കുന്നത്.

വിശ്വാസത്തിന്റെ പേരിൽ തടവിൽ

1907-ൽ തെക്കൻ പോളണ്ടിലെ ക്രോഷ്ചെങ്കോ നിഷ്നിയിൽ (Krościenko Niżny) ജനിച്ച ഫിൻഡിഷ് 1927-ലാണ് പുരോഹിതനായി അഭിഷിക്തനായത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഇരകളായിത്തീർന്ന ജനങ്ങളുടെ പുനരധിവാസത്തിലും ദരിദ്രരെയും രോഗികളെയും സഹായിക്കുന്നതിലും അദ്ദേഹം സജീവമായി പ്രവർത്തിച്ചിരുന്നു.

കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ മതനിരോധന നയങ്ങളെ  ശക്തമായി എതിർത്ത അദ്ദേഹം, ഭരണഘടന ലംഘിച്ചുവെന്നും, മതാചാരങ്ങൾ അനുഷ്ഠിക്കാൻ ജനങ്ങളെ നിർബന്ധിച്ചുവെന്നുമുള്ള വ്യാജ ആരോപണങ്ങളോടെ 1963-ൽ അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. രണ്ടര വർഷം തടവിന് ശിക്ഷിക്കപ്പെട്ട ഫാ. ഫിൻഡിഷ്, ജയിലിൽ ശാരീരികവും മാനസികവുമായ കടുത്ത പീഡനങ്ങളിലൂടെയാണ് കടന്നുപോയത്.

ക്യാൻസർ രോഗബാധയും മരണവും

അന്നനാള കാൻസർ ബാധിച്ചിരുന്ന അദ്ദേഹത്തിന് ജയിലധികൃതർ ആവശ്യമായ ചികിത്സയും ശസ്ത്രക്രിയയും അനുവദിച്ചിരുന്നില്ല. അതീവ ഗുരുതരാവസ്ഥയിൽ 1964 ഫെബ്രുവരി 29-ന് ജയിൽമോചിതനായ ഫാ. ഫിൻഡിഷ് 1964 ഓഗസ്റ്റ് 21-ന് അന്തരിച്ചു.

2005 ജൂൺ 19-ന് വർസാവിയയിൽ (Varsavia) വച്ച് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ട അദ്ദേഹം പോളണ്ടിലെ കമ്മ്യൂണിസ്റ്റ് മതപീഡനത്തിന്റെ ആദ്യ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി അറിയപ്പെടുന്നു. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

20 ഓഗസ്റ്റ് 2026, 13:19