മ്ലാദ്ഫെസ്റ്റ് അന്താരാഷ്ട്ര യുവജനസമ്മേളനത്തിന്റെ ഒരു ആകാശദൃശ്യം മ്ലാദ്ഫെസ്റ്റ് അന്താരാഷ്ട്ര യുവജനസമ്മേളനത്തിന്റെ ഒരു ആകാശദൃശ്യം  (Mladifest international youth festivals)

യഥാർത്ഥ ആനന്ദമേകുന്ന ക്രിസ്തുവിലേക്ക് മടങ്ങുക: മെഡ്‌ജുഗോറിയയിലെ യുവജനങ്ങളോട് പാപ്പാ

ബോസ്നിയ-ഹെർസഗോവിനയിലെ പ്രശസ്ത മരിയൻ തീർത്ഥാടനകേന്ദ്രമായ മെഡ്‌ജുഗോറിയയിൽ നടക്കുന്ന "മ്ലാദ്ഫെസ്റ്റ്" യുവജനസമ്മേളനത്തിലേക്ക് ലിയോ പതിനാലാമൻ പാപ്പായുടെ സന്ദേശം. യഥാർത്ഥ ആനന്ദത്തിന്റെ ഉറവിടമായ കർത്താവിലേക്ക് മടങ്ങാൻ, കർദ്ദിനാൾ പിയെത്രോ പരൊളീന്റെ ഒപ്പോടുകൂടി അയച്ച സന്ദേശത്തിലൂടെ പാപ്പാ ആഹ്വാനം ചെയ്തു. ഏതാണ്ട് 73 രാജ്യങ്ങളിൽനിന്നുള്ള യുവജനങ്ങളാണ് ഓഗസ്റ്റ് 1 മുതൽ 6 വരെ നടക്കുന്ന ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

പുതുജീവന്റെയും യഥാർത്ഥ സന്തോഷത്തിന്റെയും ഉറവിടമായ ക്രിസ്തുവിലേക്ക് മടങ്ങാൻ യുവജനങ്ങളെ ആഹ്വാനം ചെയ്‌ത്‌ ലിയോ പതിനാലാമൻ പാപ്പാ. ഓഗസ്റ്റ് 1 മുതൽ 6 വരെ തീയതികളിലായി, ബോസ്നിയ-ഹെർസഗോവിനയിലെ (Bosnia - Erzegovina) പ്രശസ്ത മരിയൻ തീർത്ഥാടനകേന്ദ്രമായ മെഡ്‌ജുഗോറിയയിൽ നടക്കുന്ന "മ്ലാദ്ഫെസ്റ്റ്" (Mladifest) അന്താരാഷ്ട്ര യുവജനസമ്മേളനത്തിൽ പങ്കെടുക്കുന്ന യുവതീയുവാക്കൾക്കായി നൽകിയ സന്ദേശത്തിലൂടെയാണ് പരിശുദ്ധ പിതാവ് ഇത്തരമൊരു ആഹ്വാനം മുന്നോട്ടുവച്ചത്.

സമ്മേളനത്തിൽ പങ്കടുക്കുന്ന 73 രാജ്യങ്ങളിനിന്നുള്ള യുവജനങ്ങൾക്ക് ഹൃദ്യമായ അഭിവാദ്യം ആശംസിച്ച പാപ്പാ, പ്രാർത്ഥനയിലൂടെയും തിരുവചന ശ്രവണത്തിലൂടെയും, കൂദാശകളിലൂടെയും, കർത്താവുമായുള്ള വ്യക്തിപരമായ കണ്ടുമുട്ടലിന്റെ ഭംഗി തിരിച്ചറിയാൻ സാധിക്കണമെന്ന് ഓർമ്മിപ്പിച്ചു. കർത്താവുമായുളള കൂടിക്കാഴ്ച, ഹൃദയത്തിന്റെ ദാഹമകറ്റുകയും, വിശ്വാസജീവിതയാത്ര പുനഃരാരംഭിക്കാൻ സഹായിക്കുകയും ചെയ്യുന്നതാണെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

യഥാർത്ഥ സന്തോഷത്തിന്റെ ഉറവിടം ക്രിസ്തുവാണെന്ന കാര്യത്തെക്കുറിച്ച് പഠിപ്പിക്കവേ, എളുപ്പത്തിലും വേഗത്തിലും ലഭിക്കുന്നതും എന്നാൽ കടന്നുപോകുന്നതുമായ സന്തോഷത്തിനായുള്ള പ്രലോഭനങ്ങളിൽ വീണു പോകരുതെന്ന്, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീന്റെ ഒപ്പോടുകൂടി അയച്ച സന്ദേശത്തിൽ പ്രത്യേകം ഓർമ്മിപ്പിച്ചു.

യേശുവിന്റെ പിന്നാലെയുള്ള യാത്രയിൽ, ജീവിതത്തിലെ ബുദ്ധിമുട്ടേറിയ ചോദ്യങ്ങളെയും ഹൃദയത്തിന്റെ അസ്വസ്ഥതകളെയും അഭിമുഖീകരിക്കാനും വിശ്വാസത്തിൽ വളരാനുമുള്ള അവസരമാണ് നമുക്ക് ലഭിക്കുന്നതെന്ന് പാപ്പാ പ്രസ്താവിച്ചു.

പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടാൻ തങ്ങളെത്തന്നെ വിട്ടുകൊടുക്കാനും, സഭയുടെ മാതാവായ പരിശുദ്ധ അമ്മയുടെ പ്രാർത്ഥനകൾക്ക് തങ്ങളെത്തന്നെ സമർപ്പിക്കാനും യുവജനങ്ങളെ പരിശുദ്ധ പിതാവ് ക്ഷണിച്ചു. അതുവഴി സമൂഹത്തിൽ സുവിശേഷത്തിന്റെ തെളിച്ചമുള്ള സാക്ഷികളും, സാഹോദര്യത്തിന്റെ പ്രചാരകരും, സമാധാനത്തിന്റെ നിർമ്മാതാക്കളുമായി മാറാൻ യുവജനങ്ങൾക്ക് കഴിയുമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

വിശുദ്ധ യാക്കോബിന്റെ ഇടവകയും മ്ലാദ്ഫെസ്റ്റും

മെഡ്‌ജുഗോറിയയിൽ 1989 മുതൽ നടന്നുവരുന്ന അന്താരാഷ്ട്ര യുവജനോത്സവമാണ് മ്ലാദ്ഫെസ്റ്റ്. ഇവിടെ വിശുദ്ധ യാക്കോബിന്റെ നാമധേയത്തിലുള്ള ഇടവകയുടെ പുറത്തുള്ള അൾത്താരയിലാണ്, ഇതുമായി ബന്ധപ്പെട്ട വിശുദ്ധ ബലിയർപ്പണം നടക്കുന്നത്.

ജൂലൈ 28 ചൊവ്വാഴ്ച പുലർച്ചെ ഒരു അക്രമി ഈ അൾത്താരയ്ക്ക് തീയിടുകയും പരിശുദ്ധ അമ്മയുടെ തിരുസ്വരൂപത്തിൽ കറുത്ത പെയിന്റൊഴിക്കുകയും മോശമായ സന്ദേശങ്ങൾ എഴുതുകയും ചെയ്തിരുന്നു. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

03 ഓഗസ്റ്റ് 2026, 13:23