തിരയുക

മെഡ്‌ജുഗോറിയ മരിയൻ തീർത്ഥാടനകേന്ദ്രം മെഡ്‌ജുഗോറിയ മരിയൻ തീർത്ഥാടനകേന്ദ്രം 

മെഡ്‌ജുഗോറിയ ദേവാലയത്തിനുനേരെയുണ്ടായ ആക്രമണം: അക്രമികളോട് ക്ഷമിക്കുന്നുവെന്ന് തീർത്ഥാടനകേന്ദ്രനേതൃത്വം

ജൂലൈ 28 ചൊവ്വാഴ്ച പുലർച്ചെ മെഡ്‌ജുഗോറിയ തീർത്ഥാടനകേന്ദ്രത്തിലെ അൾത്താരയ്ക്ക് തീയിടുകയും പരിശുദ്ധ അമ്മയുടെ രൂപം വികൃതമാക്കുകയും മോശമായ സന്ദേശങ്ങൾ എഴുതുകയും ചെയ്തവരോട് ക്ഷമിക്കുന്നുവെന്നും, ദുഷ്ടതയ്ക്ക് ദുഷ്ടതകൊണ്ടല്ല, ക്ഷമ കൊണ്ട് മറുപടി നൽകാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും തീർത്ഥാടനകേന്ദ്രനേതൃത്വം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

അപലപനീയമായ അതിക്രമത്തിനെതിരെ ക്ഷമയുടെ സന്ദേശവുമായി ബോസ്നിയ-ഹെർസഗോവിനയിലെ പ്രശസ്തമായ മെഡ്‌ജുഗോറിയ (Medjugorje) മരിയൻ തീർത്ഥാടനകേന്ദ്രം. ഈ മരിയൻ തീർഥാടനകേന്ദ്രത്തിൽ ജൂലൈ 27 തിങ്കളാഴ്ചയ്ക്കും ജൂലൈ 28 ചൊവ്വാഴ്ചയ്ക്കും ഇടയിലുള്ള രാത്രിയിൽ അതിക്രമിച്ചുകയറി വിശുദ്ധ യാക്കോബ് ശ്ലീഹായുടെ പേരിലുള്ള ദേവാലയത്തിന്റെ പുറത്തുള്ള അൾത്താരയ്ക്ക് തീയിടുകയും, അതിന് മുൻപായി തീർത്ഥാടനകേന്ദ്രത്തിലുള്ള പരിശുദ്ധ അമ്മയുടെ ഒരു രൂപം വികൃതമാക്കുകയും, മോശമായ സന്ദേശങ്ങൾ ഭിത്തിയിൽ എഴുതുകയും ചെയ്തതുൾപ്പെടെയുള്ള അതിക്രമങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരോട് ക്ഷമിക്കുന്നുവെന്ന് ജൂലൈ 28 ചൊവ്വാഴ്ച പുറത്തുവിട്ട ഒരു പ്രസ്താവനയിലൂടെ ഇടവക കേന്ദ്രം അറിയിച്ചു.

അതേസമയം, ദേവാലയത്തിന്റെ ശുചീകരണവും, ആവശ്യമായ അറ്റകുറ്റപ്പണികളും നടത്തിയെന്നും, ദേവാലയം പ്രാർത്ഥനയ്ക്കും ആരാധനയ്ക്കുമായി വീണ്ടും തുറന്നുവെന്നും, മുൻപുണ്ടായിരുന്ന എല്ലാ സൗകര്യങ്ങളും പുനഃസ്ഥാപിച്ചുവെന്നും ആക്രമണവുമായി ബന്ധപ്പെട്ട തങ്ങളുടെ പ്രസ്താവനയിൽ ഇടവകകേന്ദ്രം അറിയിച്ചു.

ഈ അപലപനീയമായ സംഭവങ്ങളെക്കുറിച്ച് പറയവേ, ദുഃഖകരമായ ഇത്തരം പ്രവർത്തനങ്ങളോട് പക്ഷെ പ്രതികരിക്കേണ്ടത് പ്രതികാരമനോഭാവത്തോടെയല്ലെന്നും, മറിച്ച് പ്രാർത്ഥനയിലൂടെയും ഉപവാസത്തിലൂടെയും ക്ഷമയിലൂടെയുമാണെന്നും ഇടവകകേന്ദ്രം വിശ്വാസികളെ ഓർമ്മിപ്പിച്ചു. ഇതിന് പിന്നിലെ ആളുകളുടെ ഹൃദയപരിവർത്തനത്തിനായി പ്രാർത്ഥിക്കണമെന്നും, ദൈവകൃപ അവരെ നന്മയുടെ വഴിയിലേക്ക് നയിക്കട്ടെയെന്നും തങ്ങളുട പ്രസ്താവനയിൽ ഇടവക എഴുതി. സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മ, ക്ഷമിക്കുവാനുള്ള വിളിയാണ് നൽകുന്നതെന്ന് ഈ പ്രസ്താവനയിൽ ബന്ധപ്പെട്ടവർ ഓർമ്മിപ്പിച്ചു.

തിന്മയ്ക്ക് തിന്മ കൊണ്ട് മറുപടി പറയാനല്ല, ക്ഷമയും സ്നേഹവും കൊണ്ട് മറുപടി നൽകാനാണ് ക്രൈസ്തവവിശ്വാസം ആഹ്വാനം ചെയ്യുന്നതെന്ന് തങ്ങളുടെ പ്രസ്‌താവനയിൽ എഴുതിയ തീർത്ഥാടനകേന്ദ്രം അധികൃതർ, ഈ തീർത്ഥാടനകേന്ദ്രം ദൈവസാന്നിദ്ധ്യം നൽകുന്ന സമാധാനത്തിന്റെ ഇടമായി നിലനിർത്താൻ പരിശ്രമിക്കുന്ന ഏവർക്കും നന്ദി അറിയിച്ചു. പരിശുദ്ധ അമ്മ പല തവണ പ്രത്യക്ഷപ്പെട്ടുവെന്ന് വിശ്വസിക്കപ്പെടുന്ന മെഡ്‌ജുഗോറിയ തീർത്ഥാടനകേന്ദ്രം, 1981 മുതൽ ആയിരക്കണക്കിന് വിശ്വാസികൾ സന്ദർശിക്കുന്ന ഇടമാണ്.

ചൊവ്വാഴ്ച രാവിലെ നാലരയോടെയാണ്, പരിശുദ്ധ അമ്മയുടെ രൂപത്തിൽ കറുത്ത പെയിന്റ് ഒഴിച്ചത് സംബന്ധിച്ച പരാതിയും, അര മണിക്കൂറിന് ശേഷം തീപിടുത്തവുമായി ബന്ധപ്പെട്ട വാർത്തയും ബോസ്നിയ-ഹെർസഗോവിന പൊലീസിന് ലഭിച്ചത്. സംഭവസ്ഥലത്തെ സി.സി. ടിവി പരിശോധിച്ചതിൽ,  പെട്രോൾ പോലെ ഏതോ ഒരു ദ്രാവകം ഒഴിച്ച ശേഷം അൾത്താരയ്ക്ക് ഒരാൾ തീയിടുന്നത് വ്യക്തമാണ്. 1981-ൽ പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം നടന്നതുമായി ബന്ധപ്പെട്ട ആറ് ആളുകളുടെയും പേരുകൾ ഉൾപ്പെടുത്തി അവർക്കെതിരെ പോളിഷ് ഭാഷയിൽ എഴുതിയിട്ടുള്ള ഒരു ബാനർ സംഭവസ്ഥലത്ത് നിന്ന് ലഭിച്ചിരുന്നു. സംഭവത്തിൽ ഉത്തരവാദിയെന്ന് സംശയിക്കപ്പെടുന്ന ഒരാൾ അറസ്റ്റ് ചെയ്യപെട്ടുവെങ്കിലും അദ്ദേഹത്തിന്റെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല.

2024 സെപ്റ്റംബറിൽ ഫ്രാൻസിസ് പാപ്പായയുടെ അനുമതിയോടെ, വിശ്വാസകാര്യങ്ങൾക്കായുള്ള ഡികാസ്റ്ററി, മെഡ്‌ജുഗോറിയയിലെ ആദ്ധ്യാത്മിക അനുഭവവുമായി ബന്ധപ്പെട്ട് പുറത്തുവിട്ട ഒരു 'നിഹിൽ ഒബ്സ്റ്റാറ്റ്' (തടസ്സമൊന്നുമില്ലെന്ന അനുമതി) രേഖയിലൂടെ, അവിടെ നടക്കുന്ന സംഭവങ്ങളുടെ "അമാനുഷികത" സംബന്ധിച്ച് പ്രസ്താവനകൾ ഒന്നും നടത്താതെ തന്നെ, ഈ തീർത്ഥാടനകേന്ദ്രവുമായി ബന്ധപ്പെട്ട ഗുണകരമായ അദ്ധ്യാത്മികഫലങ്ങളെക്കുറിച്ച് പരാമർശിക്കുകയും, അവിടെ ഭക്തിപരമായ ആചരണങ്ങൾക്ക് അനുമതി നൽകുകയും ചെയ്തിരുന്നു. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

29 ജൂലൈ 2026, 13:41