തിരയുക

വെസ്റ്റ് ബാങ്കിൽ നടന്ന ഒരു ആക്രമണത്തിന്റെ ഫയൽ ചിത്രം വെസ്റ്റ് ബാങ്കിൽ നടന്ന ഒരു ആക്രമണത്തിന്റെ ഫയൽ ചിത്രം 

വെസ്റ്റ് ബാങ്കിലെ യുദ്ധം: ഒന്നര വർഷത്തിൽ 174 പലസ്തീൻ കുട്ടികളും 3 ഇസ്രായേലി കുട്ടികളും കൊല്ലപ്പെട്ടുവെന്ന് യൂണിസെഫ്

ഇസ്രയേലിനും പലസ്തീനുമിടയിൽ ദീർഘനാളുകളായി തുടരുന്ന യുദ്ധത്തിൽ 2024 ജനുവരി മുതൽ 2026 ജൂലൈ വരെയുള്ള കാലയളവിൽ 174 പലസ്തീൻ കുട്ടികൾ കൊല്ലപ്പെട്ടുവെന്നും, 1.500-ലേറെ പേർക്ക് പരിക്കേറ്റുവെന്നും യൂണിസെഫ്. അതേസമയം, ഇസ്രായേൽ ഭാഗത്ത് ഇതേ കാലയളവിൽ 3 കുട്ടികൾ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നും സംഘടന അറിയിച്ചു. 8 ലക്ഷത്തിലേറെ കുട്ടികൾക്ക് വിദ്യാഭ്യാസം തടസ്സപ്പെടുന്നു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലും കുട്ടികൾ നേരിടുന്ന അക്രമവും അവകാശലംഘനങ്ങളും അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നതായി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിലിൽ വെസ്റ്റ് ബാങ്കിലെ അക്രമ സംഭവങ്ങളെക്കുറിച്ച് സംസാരിക്കവെ യുണിസെഫ് ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടർ ഹന്നാൻ സുലൈമാൻ (Hannan Sulieman) ആണ് പ്രദേശത്ത് തുടരുന്ന യുദ്ധം കുട്ടികളുടെ ജീവിതത്തിലുണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള കണക്കുകൾ അവതരിപ്പിച്ചത്.

2024 ജനുവരി മുതൽ 2026 ജൂലൈ അവസാനം വരെ കാലയളവിൽ മാത്രം വെസ്റ്റ് ബാങ്കിൽ 174 പലസ്തീൻ കുട്ടികൾ കൊല്ലപ്പെട്ടതായി യുഎൻ സ്ഥിരീകരിച്ചു. ആഴ്ചയിൽ ഒന്നിലധികം കുട്ടികൾ കൊല്ലപ്പെടുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് യുണിസെഫ് ചൂണ്ടിക്കാട്ടി. 1.500-ലേറെ കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇവരിൽ ഏതാണ്ട് പകുതിയോളം പേർക്ക് വെടിയുണ്ടകളേറ്റാണ് പരിക്കേറ്റതെന്നും ശിശുക്ഷേമനിധി അറിയിച്ചു. അതേസമയം, ഇതേ കാലയളവിൽ മൂന്ന് ഇസ്രായേൽ കുട്ടികൾ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കി.

കുട്ടികൾക്ക് നേരെ വെസ്റ്റ് ബാങ്ക് പ്രദേശത്തുള്ള കുടിയേറ്റക്കാരുടെ അക്രമവും സൈനിക നടപടികളും കൂടി വരികയാണെന്നും, നേരിട്ടുള്ള വെടിവയ്പ്, മർദ്ദനം തുടങ്ങിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും, പ്രദേശത്തെ വീടുകൾക്കും ഉപജീവനമാർഗങ്ങൾക്കും ജലവിതരണ സംവിധാനങ്ങൾക്കും നേരെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും യൂണിസെഫ് അറിയിച്ചു.

വിദ്യാഭ്യാസമേഖല

വിദ്യാഭ്യാസ മേഖലയിലും നിലവിലെ യുദ്ധം സൃഷ്ടിക്കുന്ന പ്രതിസന്ധി രൂക്ഷമാണ്. വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലുമായി 8 ലക്ഷത്തിലേറെ കുട്ടികൾക്ക് സുരക്ഷിതവും തുടർച്ചയായതുമായ വിദ്യാഭ്യാസം ലഭിക്കുന്നതിന് തടസ്സങ്ങളുണ്ടെന്നും, 2026-ൽ മാത്രം വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട 99 ഗുരുതര സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ശിശുക്ഷേമനിധി അറിയിച്ചു.

കുറഞ്ഞത് 355 പലസ്തീൻ കുട്ടികൾ ഇസ്രായേൽ സൈനിക സംവിധാനങ്ങളിലെ തടങ്കലിൽ കഴിയുന്നതായി റിപ്പോർട്ട് ചെയ്ത യുണിസെഫ്, ഇതിൽ 164 കുട്ടികൾ കുറ്റം ചുമത്തപ്പെടാതെയും വിചാരണ നേരിടാതെയുമാണ് തടവിൽ കഴിയുന്നതെന്ന് വ്യക്തമാക്കി.

കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുക, നിർബന്ധിത കുടിയൊഴിപ്പിക്കൽ അവസാനിപ്പിക്കുക, വിദ്യാഭ്യാസവും ആരോഗ്യസേവനങ്ങളും ഉറപ്പാക്കുക, മാനുഷിക സഹായ പ്രവർത്തനങ്ങൾക്ക് സുരക്ഷിതമായ സാഹചര്യം ഒരുക്കുക എന്നിവയ്ക്കായി അടിയന്തര നടപടി സ്വീകരിക്കണമെന്ന് യുണിസെഫ്, സുരക്ഷാ കൗൺസിലിനോട് ആവശ്യപ്പെട്ടു. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

12 ഓഗസ്റ്റ് 2026, 12:38