തിരയുക

ലിയോ പതിനാലാമൻ പാപ്പാ ലിയോ പതിനാലാമൻ പാപ്പാ  (ANSA)

തൊണ്ണൂറിലധികം ആളുകളുടെ ജീവനെടുത്ത കരീബ ഫെറി ദുരന്തത്തിൽ അനുശോചനമറിയിച്ച് ലിയോ പതിനാലാമൻ പാപ്പാ

സിംബാബ്‌വെയിലെ കരിബയിൽ ഓഗസ്റ്റ് 11 ചൊവ്വാഴ്ചയുണ്ടായ ഫെറി അപകടത്തിന്റെ ഇരകൾക്കും അവയുടെ പ്രിയപ്പെട്ടവർക്കും പ്രാർത്ഥനകൾ നേർന്ന് ലിയോ പതിനാലാമൻ പാപ്പാ. കരീബ ടൗണിൽനിന്ന് ചലാല പ്രദേശത്തേക്ക് പോയ ബോട്ട് മറിഞ്ഞ് പതിനെട്ട് കുട്ടികളുൾപ്പെടെ തൊണ്ണൂറിൽപ്പരം ആളുകളാണ് മരണമടഞ്ഞത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സിംബാബ്‌വെയിലെ (Zimbabwe) കരിബ (Kariba) തടാകത്തിൽ ഉണ്ടായ ദാരുണമായ ഫെറി അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കായി പ്രാർത്ഥനകൾ നേർന്നും, അവരുടെ ബന്ധുമിത്രാദികൾക്ക് അനുശോചനമറിയിച്ചും ലിയോ പതിനാലാമൻ പാപ്പാ. ഓഗസ്റ്റ് 11 ചൊവ്വാഴ്ച സിംബാബ്‌വെയിലെ കരീബ ടൗണിൽനിന്ന് മത്സ്യബന്ധനമേഖലയിലുള്ള ആളുകൾ കൂടുതലായി വസിക്കുന്ന ചലാല (Chalala) പ്രദേശത്തേക്ക് പോയ ബോട്ട് മറിഞ്ഞ് പതിനെട്ട് കുട്ടികളുൾപ്പെടെ തൊണ്ണൂറിലധികം ആളുകൾ മരണമടഞ്ഞ ഈ സംഭവത്തിലെ ദുരന്തബാധിതർക്ക്, വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ ഒപ്പിയച്ച ഒരു സന്ദേശത്തിലൂടെയാണ് പരിശുദ്ധ പിതാവ് തന്റെ പ്രാർത്ഥനകൾ ഉറപ്പുനൽകിയത്.

ഇത്രയധികം ജീവനുകളെടുത്ത ഈ ദാരുണസംഭവത്തെക്കുറിച്ചുള്ള വാർത്തയിൽ പാപ്പാ ദുഃഖിതനാണെന്ന് എഴുതിയ കർദ്ദിനാൾ പരൊളീൻ, സംഭവത്തിൽ മരണമടഞ്ഞവരുടെ ആത്മാക്കളെ പരിശുദ്ധ പിതാവ് ദൈവകരുണയ്ക്ക് മുന്നിൽ സമർപ്പിക്കുന്നുവെന്നും, തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഃഖിക്കുന്നവർക്ക് അനുശോചനം അറിയിക്കുന്നുവെന്നും എഴുതി.

ബോട്ടപകടത്തിൽ മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ മൃതസംസ്കാരച്ചടങ്ങുകൾക്കായി എത്തിച്ചപ്പോൾ
ബോട്ടപകടത്തിൽ മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ മൃതസംസ്കാരച്ചടങ്ങുകൾക്കായി എത്തിച്ചപ്പോൾ   (AFP or licensors)

അപകടത്തെ തുടർന്നുള്ള രക്ഷാപ്രവർത്തനങ്ങളിലും ദുരന്തനിവാരണ നടപടികളിലും ഏർപ്പെട്ടിരിക്കുന്ന സിവിൽ അധികാരികൾക്കും അടിയന്തര സേവന പ്രവർത്തകർക്കും ലിയോ പതിനാലാമൻ പാപ്പാ പ്രാർത്ഥനകൾ വാഗ്ദാനം ചെയ്തു. ദുരന്തത്തിന്റെ ആഘാതം ഏറ്റുവാങ്ങേണ്ടിവന്ന ഏവർക്കും, സമാശ്വാസവും സൗഖ്യവും മനോധൈര്യവും ലഭിക്കാൻ വേണ്ടിയുള്ള ദൈവാനുഗ്രഹത്തിനായി പരിശുദ്ധ പിതാവ് പ്രാർത്ഥിച്ചു.

കടുത്ത കാറ്റും, നാൽപ്പതിലധികം വർഷം പഴക്കമുള്ള ഫെറിക്ക് താങ്ങാനാകുന്നതിലപ്പുറം ആളുകളും ഉണ്ടായതിനാലാണ് ഈ ദുരന്തമുണ്ടായതെന്ന് ചില വാർത്താമാധ്യമങ്ങൾ തങ്ങളുടെ റിപ്പോർട്ടുകളിൽ അഭിപ്രായപ്പെട്ടിരുന്നു. തൊണ്ണൂറോളം ആളുകളെ വഹിക്കാൻ കഴിവുള്ള ഈ ഫെറിയിൽ അപകടസമയത്ത് നൂറ്റിയറുപത്തിയെട്ട് പേരുണ്ടായിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

അപകടത്തിൽപ്പെട്ടവർക്കായി തുടരുന്ന തിരച്ചിൽ
അപകടത്തിൽപ്പെട്ടവർക്കായി തുടരുന്ന തിരച്ചിൽ

മത്സ്യബന്ധന മേഖലയിലുള്ള ആളുകൾ കൂടുതലായി വസിക്കുന്ന രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ പ്രദേശത്തുള്ള ചലാലയിലേക്ക് പോയ ഈ ഫെറി മറിഞ്ഞുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ, പ്രസിഡന്റ് എമെർസൺ മ്നാങ്കാഗ്വാ (Emmerson Mnangagwa) ദേശീയ അടിയന്തിരാവസ്ഥ പ്രസ്താവിച്ചിരുന്നു.

സാംമ്പേസി (Zambesi) നദിയിൽ ഏതാണ്ട് എഴുപതോളം വർഷങ്ങൾക്കപ്പുറം ഉണ്ടാക്കിയ ഡാമിന്റെ നിർമ്മാണത്തെത്തുടർന്നുണ്ടായ കരീബ തടാകം ലോകത്തിലെതന്നെ ഏറ്റവും വലിയ മനുഷ്യനിർമ്മിത തടാകങ്ങളിൽ ഒന്നാണ്. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

18 ഓഗസ്റ്റ് 2026, 13:13