തിരയുക

ഭൂകമ്പത്തിൽ തകർന്ന ഒരു ദേവാലയത്തിന്റെ ചിത്രം ഭൂകമ്പത്തിൽ തകർന്ന ഒരു ദേവാലയത്തിന്റെ ചിത്രം 

ഇന്തോനേഷ്യൻ ഭൂകമ്പബാധിതർക്ക് തന്റെ ആത്മീയസാമീപ്യം അറിയിച്ച് ലിയോ പതിനാലാമൻ പാപ്പാ

ഫ്ലോറസ് ദ്വീപിൽ ഓഗസ്റ്റ് 15-നുണ്ടായ ശക്തമായ ഭൂകമ്പത്തിന്റെ ഇരകൾക്കായി പ്രാർത്ഥനകൾ നേർന്നും, ഈ ദുരന്തത്തിന്റെ ദുരിതമനുഭവിക്കുന്നവർക്ക് തന്റെ ആത്മീയസാമീപ്യവും ഐക്യദാർഢ്യവും അറിയിച്ചും ലിയോ പതിനാലാമൻ പാപ്പാ. ലഭ്യമായ കണക്കുകൾ പ്രകാരം സംഭവത്തിൽ 68 പേർ മരണമടഞ്ഞിട്ടുണ്ട്. 135 പേർക്ക് പരിക്കേറ്റു. 13.000 ആളുകളെങ്കിലും ഭവനരഹിതരായി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കിഴക്കൻ  ഇന്തോനേഷ്യയിലെ ഫ്ലോറസ് (Flores) ദ്വീപിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് തന്റെ ആത്മീയ സാമീപ്യം ഉറപ്പുനൽകിയും ദുരിതബാധിതർക്കും, അപകടത്തിലെ ഇരകളുടെ പ്രിയപ്പെട്ടവർക്കും ഐക്യദാർഢ്യം അറിയിച്ചും ലിയോ പതിനാലാമൻ പാപ്പാ. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഈ പ്രകൃതിദുരന്തത്തിൽ 68 പേരെങ്കിലും മരണമടഞ്ഞതായും, 135 പേർക്ക് പരിക്കേറ്റതായും പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.

ഈ ദാരുണസംഭവത്തിൽ മരണമടഞ്ഞവരുടെ ആത്മാക്കളെ ദൈവകരുണയ്ക്ക് സമർപ്പിച്ച പാപ്പാ, വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ ഒപ്പിട്ട്, എൻഡെ (Ende) അതിരൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ് പൗലൂസ് ബുദി ക്ലേഡെനയച്ച (Archbishop Paulus Budi Kleden, SVD) സന്ദേശത്തിലൂടെ, ഭൂമികുലുക്കത്തിന്റെ ഇരകൾക്ക് സഹായമെത്തിക്കുന്നതിനും രക്ഷാപ്രവർത്തനങ്ങൾക്കും മുൻപന്തിയിൽ നിൽക്കുന്ന സഭാ, സാമൂഹിക നേതൃത്വങ്ങൾക്ക് തന്റെ പിന്തുണയും പ്രാർത്ഥനകളൂം വാഗ്ദാനം ചെയ്തു. പരിക്കേറ്റവർക്കും ഭവനരഹിതരായവർക്കും ആശ്വാസവും ശക്തിയും ലഭിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.

കിഴക്കൻ നൂസ തെങ്കാര (East Nusa Tenggara) പ്രദേശത്തുണ്ടായ ഈ ഭൂകമ്പത്തിൽ ഏതാണ്ട് 13.000 ആളുകളെങ്കിലും ഭവനരഹിതരായതായും, തൊള്ളായിരത്തോളം വീടുകൾ തകർന്നതായും അഞ്ഞൂറിനടുത്ത് വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു..87 സ്‌കൂളുകളെയും 18 ആശുപത്രികളെയും ഈ ദുരന്തം ബാധിച്ചിട്ടുണ്ട്.

ഭൂകമ്പത്തിൽ തകർന്ന ഒരു മോസ്കിന്റെ ചിത്രം
ഭൂകമ്പത്തിൽ തകർന്ന ഒരു മോസ്കിന്റെ ചിത്രം   (mosque Indonesia)

പ്രധാന ഭൂകമ്പത്തിന് പിന്നാലെയുണ്ടായ നൂറുകണക്കിന് തുടർ ചലനങ്ങൾ രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ ദുഷ്കരമാക്കി. ഏതാനും മണിക്കൂറുകൾക്ക് ശേഷം സുമാത്ര (Sumatra) ദ്വീപിൽ 6.9 തീവ്രതയുള്ള ഒരു ഭൂമികുലുക്കവും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

എൻഡെ നഗരത്തിൽ നിന്ന് 68 കിലോമീറ്റർ അകലെ കടലിനടിയിൽ 10 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പ്രദേശത്തെ എൻഡെ അതിരൂപതയുടെ കീഴിലുള്ള കത്തോലിക്കാസമൂഹത്തെ ഈ പ്രകൃതിദുരന്തം വലിയ തോതിൽ ബാധിച്ചിട്ടുണ്ട്.

കാരിത്താസ് ഇന്തോനേഷ്യ, അതിന്റെ പ്രാദേശിക വിഭാഗങ്ങൾ വഴി ദുരന്തബാധിതപ്രദേശങ്ങളിൽ സഹായമെത്തിക്കുന്നുണ്ട്. ഭൂമികുലുക്കം മൂലം ഏതാണ്ട് എണ്ണായിരത്തിലധികം കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെട്ടിട്ടുണ്ട്. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

18 ഓഗസ്റ്റ് 2026, 13:07