മനുഷ്യാന്തസ്സ് ഉറപ്പാക്കുന്നതും പൊതുനന്മയ്ക്ക് ഉപകരിക്കുന്നതുമാകണം നിർമ്മിതബുദ്ധി: ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
നിർമ്മിതബുദ്ധി മനുഷ്യരാശിക്ക് വെല്ലുവിളി ഉയർത്തുന്നതോ എതിരായുള്ളതോ ആയ ഒന്നാകരുതെന്നും, അത് മാനവികതയുടെ സേവനത്തിനുള്ളതായിരിക്കണമെന്നും ലിയോ പതിനാലാമൻ പാപ്പാ. “മനുഷ്യാന്തസ്സും നിർമ്മിതബുദ്ധിയും: വെല്ലുവിളികൾ, സാധ്യതകൾ, നിയന്ത്രണം” എന്ന വിഷയത്തിൽ നടന്ന " നിയമനിർമ്മാണമേഖലയിൽ പ്രവർത്തിക്കുന്ന കത്തോലിക്കരുടെ അന്താരാഷ്ട്രശൃംഖല"യുടെ (International Catholic Legislators Network) പതിനേഴാമത് സമ്മേളനത്തിൽ സംബന്ധിച്ചവർക്ക് ഓഗസ്റ്റ് 21 വെള്ളിയാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച് സംസാരിക്കവെയാണ്, നിർമ്മിതബുദ്ധിയുൾപ്പെടെ സാങ്കേതികവിദ്യയിലുള്ള ശാസ്ത്രത്തിന്റെയും മാനവികതയുടെയും വളർച്ചയിലും വികസനത്തിലും ഉപയോഗത്തിലും ഉണ്ടാകേണ്ട കരുതലിനെക്കുറിച്ച് പാപ്പാ ഓർമ്മിപ്പിച്ചത്.
"മഞ്ഞീഫിക്ക ഉമാനിത്താസ്" (Magnifica Humanitas) എന്ന തന്റെ ചാക്രിക ലേഖനത്തിന്റെ കൂടി വെളിച്ചത്തിൽ, നിയമനിർമ്മാണ, നിർവ്വഹണ മേഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കത്തോലിക്കാരോട് സംസാരിക്കവെ, നിർമ്മിതബുദ്ധി (AI) മാനവരാശിക്ക് എതിർശക്തിയാകുകയെന്ന പ്രതിസന്ധി ഒഴിവാക്കി, അത് മാനവികതയുടെ പൊതുനന്മയും ശുശ്രൂഷയും ലക്ഷ്യമാക്കി വേണം ഉപയോഗിക്കപ്പെടേണ്ടതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.
നിർമ്മിതബുദ്ധിയുൾപ്പെടെയുള്ള സാങ്കേതികവിദ്യകളുടെ വളർച്ചയും ഉപയോഗവും ഉയർത്തുന്ന വെല്ലുവിളികളും സാധ്യതകളും അവയുടെ ശരിയായ നിയന്ത്രണവും സംബന്ധിച്ച് സംസാരിക്കവെ, ഈ തലങ്ങളിലെ അതിവേഗതയിലുള്ള വളർച്ച വലിയ സാധ്യതകളാണ് വാഗ്ദാനം ചെയ്യുന്നതെങ്കിലും, അതിനൊപ്പം ധാർമ്മികമായ നിരവധി ചോദ്യങ്ങളും ഉയർന്നുവരുന്നുണ്ടെന്ന് പരിശുദ്ധ പിതാവ് ചൂണ്ടിക്കാട്ടി. നിർമ്മിത ബുദ്ധി കൊണ്ട് എന്തൊക്കെ സാധിക്കും എന്നതിനേക്കാൾ, ശരിക്കും ചെയ്യേണ്ടത് എന്താണ് എന്ന ചോദ്യമാണ് കൂടുതൽ പ്രധാനപ്പെട്ടതെന്ന് പാപ്പാ പറഞ്ഞു.
മനുഷ്യാവകാശങ്ങളും സ്വകാര്യതയും സംരക്ഷിക്കണം
സാങ്കേതികവിദ്യകളെയും അവയുടെ ഉപയോഗവും തടയുകയല്ല, അവയെ വിവേകപൂർവം നയിക്കുകയും, ശരിയായ രീതിയിൽ ഉപയോഗിക്കുകയും ചെയ്യുന്നതിന് ഉപകരിക്കുന്ന തീരുമാനങ്ങളും നയങ്ങളും ഉറപ്പാക്കുക എന്നതാണ് നിയമനിർമാതാക്കളുടെ ഉത്തരവാദിത്തമെന്ന് മാർപാപ്പ വ്യക്തമാക്കി. വിവിധ മേഖലകളിലുള്ള ചൂഷണങ്ങളിൽനിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുക, അവരുടെ സ്വകാര്യത ഉറപ്പാക്കുക, സുതാര്യത നിലനിർത്തുക, ജനാധിപത്യ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുക എന്നിവയ്ക്കായി ശക്തമായ നിയമചട്ടക്കൂടുകൾ ആവശ്യമാണെന്നും പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു. മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിൽ ഒരു നിയമനിർമ്മാണപ്രസ്ഥാനത്തിനുണ്ടായിരിക്കേണ്ട ഉത്തരവാദിത്വത്തിലേക്കും പരിശുദ്ധ പിതാവ് ഏവരുടെയും ശ്രദ്ധ ക്ഷണിച്ചു.
സാങ്കേതിക അധിനിവേശത്തിനെതിരെ ജാഗ്രത
ദരിദ്ര രാജ്യങ്ങൾക്കും സമ്പന്ന രാജ്യങ്ങൾക്കും ഇടയിൽ വിവിധ മേഖലകളിൽ നിലനിൽക്കുന്ന അസമത്വങ്ങളുടെ പശ്ചാത്തലത്തിൽ സംസാരിച്ച പാപ്പാ, സമ്പന്ന രാജ്യങ്ങളെ അമിതമായി ആശ്രയിക്കേണ്ടിവരുന്ന വിധത്തിൽ സാങ്കേതിക അധിനിവേശത്തിന് നിർമ്മിത ബുദ്ധി കാരണമാകുന്നില്ലെന്ന് ഉറപ്പാകേണ്ടതിന്റെ പ്രാധാന്യത്തിലേക്കും പാപ്പാ വിരൽ ചൂണ്ടി. ആരെ അല്ലെങ്കിൽ എന്ത് മറ്റുള്ളവർക്ക് മുന്നിൽ ദൃശ്യമാക്കണം, എന്ത് അദൃശ്യമാക്കണം എന്ന് ആൽഗോറിഥങ്ങൾ തീരുമാനമെടുക്കുന്ന സാഹചര്യവും, ഡിജിറ്റൽ മേഖലയിലൂടെ ഉത്തരവാദിത്വരഹിതമായ ഇടപെടലിനുള്ള സാഹചര്യങ്ങളും സ്വാധീനവും ആശങ്കയുയർത്തുന്നതാണെന്ന് പാപ്പാ പ്രസ്താവിച്ചു.
കുടുംബങ്ങളുടെ പ്രാധാന്യം
മാനവികതയുടെയും മാനവികവത്കരണത്തിന്റെയും ആദ്യ പാഠശാല കുടുംബമാണെന്ന് ഓർമ്മിപ്പിച്ച പരിശുദ്ധ പിതാവ്, കുടുംബന്ധങ്ങളെ വെറും ഡാറ്റയിലേക്കും കണക്കുകളിലേക്കും ചുരുക്കാൻ നിർമ്മിതബുദ്ധിയെ അനുവദിക്കരുതെന്ന് ഓർമ്മിപ്പിച്ചു. വിവാഹത്തെയും കുടുംബങ്ങളെയും ശക്തിപ്പെടുത്തുന്ന നയങ്ങൾ രൂപീകരിക്കാൻ നിയമനിർമ്മാണമേഖലയിലുള്ളവരോട് പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തു.
മാനവികതയെ അടിച്ചമർത്തുന്ന നിർമ്മിതബുദ്ധിയല്ല നമുക്ക് വേണ്ടതെന്നും, ജ്ഞാനത്താൽ പ്രചോദിതമായ മാനവികബുദ്ധിയും, മനഃസാക്ഷിയാൽ നയിക്കപ്പെടുന്ന രാഷ്ട്രീയനേതൃത്വവും, സ്നേഹത്താൽ നയിക്കപ്പെടുന്ന സാങ്കേതികനവീകരണവുമാണ് നമുക്ക് ആവശ്യമെന്ന് പാപ്പാ പ്രസ്താവിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
