അമേരിക്കയും ഇസ്രയേലും ലെബനനും തമ്മിലുള്ള ത്രിരാഷ്ട്രകരാർ നേരിടുന്ന പ്രതിസന്ധികളിൽ ആശങ്കയറിയിച്ച് പരിശുദ്ധ സിംഹാസനം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ലെബനനിലുൾപ്പെടെ നീതിപൂർവ്വവും നിലനിൽക്കുന്നതുമായ സമാധാനം കൊണ്ടുവരാൻ, അമേരിക്കയും ഇസ്രയേലും ലെബനനും ഒപ്പിട്ട ത്രിരാഷ്ട്രകരാർ ഉപകരിക്കട്ടെയെന്ന് ആശംസിച്ചും, എന്നാൽ അതിന്റെ നടപ്പാക്കലിൽ നിലനിൽക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ആശങ്കയറിയിച്ചും പരിശുദ്ധ സിംഹാസനം. ഓഗസ്റ്റ് 20-ന് ലെബനൻ പ്രസിഡന്റ് ജോസഫ് ഔന് (Joseph Aoun) പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ചത് സംബന്ധിച്ച് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലാണ് വത്തിക്കാൻ ഇങ്ങനെ എഴുതിയത്.
വത്തിക്കാനിലെ സ്റ്റേറ്റ് സെക്രെട്ടറിയേറ്റ് സമുച്ചയത്തിലെ അപ്പസ്തോലിക കൊട്ടാരത്തിൽ പരിശുദ്ധ പിതാവുമൊത്ത് നടന്ന കൂടിക്കാഴ്ചയെത്തുടർന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ, വത്തിക്കാനും വിദേശരാജ്യങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധത്തിനായുള്ള വിഭാഗം തലവൻ ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഗർ എന്നിവരുമായും പ്രസിഡന്റ് ഔൻ കൂടിക്കാഴ്ചകൾ നടത്തിയിരുന്നു.
അമേരിക്കയും ഇസ്രയേലും ലെബനനും തമ്മിലുള്ള ത്രിരാഷ്ട്രകരാർ
വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചകളിൽ പ്രധാനപ്പെട്ട ഒരു വിഷയം, അമേരിക്കയും ഇസ്രയേലും ലെബനനും തമ്മിലുള്ള ത്രിരാഷ്ട്രകരാറായിരുന്നുവെന്ന് (Trilateral Framework Agreement) വ്യക്തമാക്കിയ പരിശുദ്ധ സിംഹാസനം, തെക്കൻ ലെബനൻ അതിർത്തിയിൽ നീതിപൂർവ്വവും നീണ്ടുനില്കുന്നതുമായ സമാധാനവും സുസ്ഥിരതയും കൊണ്ടുവരുന്നതിനുവേണ്ടിയുള്ള ഈ കരാറിൽ സന്തോഷം രേഖപ്പെടുത്തി.
അതേസമയം ഈ ത്രിരാഷ്‌ട്രകരാർ ഫലപ്രദമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോഴും നിലനിൽക്കുന്ന പ്രതിസന്ധികളിൽ വത്തിക്കാൻ ആശങ്ക രേഖപ്പെടുത്തി. കരാർ നടപ്പാക്കുന്നതിനുവേണ്ടിയുള്ള പരിശ്രമങ്ങളിൽ പരിശുദ്ധ സിംഹാസനം തങ്ങളുടെ പിന്തുണ ഉറപ്പ് നൽകിയതായും പത്രക്കുറിപ്പ് വ്യക്തമാക്കി.
ലെബനനിലും മദ്ധ്യപൂർവ്വദേശങ്ങളിലും സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും പരിശുദ്ധ സിംഹാസനവും കാതോലിക്കാസഭാനേതൃത്വവും കാണിക്കുന്ന തുടർച്ചയായ താത്പര്യമാണ് ഈ കൂടിക്കാഴ്ചയിലും വ്യക്തമാകുന്നത്.
2025 ജനുവരി 9-നാണ് രാജ്യത്തിന്റെ പ്രസിഡന്റായി ജോസഫ് ഔൻ സ്ഥാനമേറ്റെടുത്തത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
